k-sudhakaran

''കൂടോത്രം ചെയ്തവരെ ശിക്ഷിക്കാൻ ഇന്ത്യൻ ഭരണഘടനയിൽ വകുപ്പില്ലെന്ന് '' മിഥുനം എന്ന സിനിമയിൽ ഇന്നസെന്റ് അവതരിപ്പിച്ച കഥാപാത്രം പറയുന്നുണ്ട്. കുഴിച്ചിട്ട കൂടോത്രം പുറത്തെടുക്കാനെത്തുന്ന മന്ത്രവാദിയായി എത്തിയ നെടുമുടി വേണുവും ജഗതിയും ഇന്നസെന്റും മോഹൻലാലും ഒക്കെ ചേർന്ന ഈ രംഗം ഇന്നും മലയാളികളെ പൊട്ടിച്ചിരിപ്പിക്കുന്നുണ്ട്. ഇത് കോമഡിയായി കണ്ട ജനങ്ങൾക്കു മുന്നിൽ ഉത്തരവാദിത്വപ്പെട്ട രാഷ്ട്രീയ നേതാക്കളുടെ സാന്നിദ്ധ്യമുള്ള പുതിയ കൂടോത്ര ദൃശ്യവും വൈറലാവുകയാണ്. കൂടോത്രം ചെയ്തു നശിപ്പിക്കാൻ ശ്രമിച്ച മഹാൻ ശിരസു പിളർന്ന് അന്തരിക്കണമേ.. എന്നായിരുന്നു സിനിമയിൽ ജഗതി ശ്രീകുമാറിന്റെ കഥാപാത്രത്തിന്റെ പ്രാർത്ഥന. ഇപ്പോൾ ഇങ്ങനെ പ്രാർത്ഥിക്കുന്നത് നമ്മുടെ രാഷ്ട്രീയ നേതാക്കളാണ്!


കൂടോത്രം, മൃഗബലി തുടങ്ങിയ നിഗൂഢ ആഭിചാരകർമ്മങ്ങൾ കണ്ണൂർ രാഷ്ട്രീയത്തിൽ പതിവാകുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ചർച്ചയായ വാർത്തകളിലൊന്നാണ് തനിക്കെതിരേ കണ്ണൂരിൽ മൃഗബലി നടത്തിയെന്ന കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ ആരോപണവും പിന്നീട് കോൺഗ്രസ് നേതാവ് കെ. സുധാകരന്റെ വീട്ടിൽ നിന്ന് കൂടോത്രം കണ്ടെത്തിയ സംഭവവും. അടുത്തിടെ നരബലി അടക്കമുള്ള സംഭവങ്ങൾ പ്രബുദ്ധ കേരളത്തിൽ അരങ്ങേറിയിരുന്നു. അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും എതിരെ രംഗത്ത് വരേണ്ടവർ തന്നെയാണ് പലപ്പോഴും കൂടോത്ര കർമ്മങ്ങളുടെ ഭാഗമാകുന്നതും. ഇക്കാലത്തും ഇതൊക്കെയുണ്ടോ എന്ന ചോദ്യവും പരിഹാസത്തോടെ ഉയരുന്നുണ്ട്. കെ. സുധാകരന്റെ കണ്ണൂരിലെ വീട്ടിൽ നിന്ന് സുധാകരനും രാജ്‌മോഹൻ ഉണ്ണിത്താനും മന്ത്രവാദിയും ചേർന്ന് തകിടും ചില രൂപങ്ങളും കണ്ടെടുക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. ജീവൻ പോകാത്തത് ഭാഗ്യമെന്ന് കെ. സുധാകരൻ ഉണ്ണിത്താനോട് പറയുന്നതും വീഡിയോയിൽ കേൾക്കാം. വീഡിയോ ചർച്ചയായതോടെ കൂടോത്രം ഇപ്പോൾ കണ്ടെടുത്തത് അല്ലെന്നും കുറച്ചുകാലം മുൻപുള്ളതാണെന്നും സുധാകരൻ വ്യക്തമാക്കി.


ദുരൂഹമായ മൗനം

ഒന്നര വർഷം മുൻപ് കൂടോത്രം കണ്ടെത്തിയിട്ടും കെ.സുധാകരനും രാജ്‌മോഹൻ ഉണ്ണിത്താനും മൗനം പാലിച്ചതെന്താണെന്ന ചോദ്യവും ഉയരുന്നുണ്ട്. ഇത്തരം കാര്യങ്ങളിൽ ഉടനടി പ്രതികരിക്കുന്നതാണ് ഇരുവരുടേയും ശൈലി. പാർട്ടിക്കുള്ളിലെ രാഷ്ട്രീയ എതിരാളികളാണോ അതോ പുറത്തുള്ളവരാണോ കൂടോത്രത്തിന് പിന്നിലെന്ന് ഇരുവരും പറഞ്ഞിട്ടില്ല. ഇടക്കാലത്ത് സുധാകരൻ ആരോഗ്യപ്രശ്‌നങ്ങളും രാഷ്ട്രീയ നാവുപിഴകളുമെല്ലാം അലട്ടിയിരുന്നു. ഇതിനിടെയാണ് കൂടോത്ര സംശയം ഉണ്ടാകുന്നതും പരിശോധിക്കുന്നതും.രാജ്‌മോഹൻ ഉണ്ണിത്താനാണ് കെ.പി.സി.സി അദ്ധ്യക്ഷനെ സഹായിക്കാൻ പത്തനംതിട്ടയിൽ നിന്നും കർമ്മിയെ ഏർപ്പാടാക്കുന്നത്. പരിശോധനയിൽ കൂടോത്രം കണ്ടെടുക്കുകയും പരിഹാരക്രിയകൾ ചെയ്തുവെന്നുമാണ് വിവരം. എം.പിയെന്ന നിലയിൽ പൊലീസ് സുരക്ഷയുള്ള വീടിന്റെ കന്നിമൂലയിൽ നിന്നാണ് രൂപവും തകിടുകളും കണ്ടെത്തിയത്. തനിക്ക് നേരെയും കൂടോത്ര പ്രയോഗങ്ങൾ നടന്നതായി പാർട്ടിയിലെ ചിലരെ ലക്ഷ്യം വച്ച് അടുത്തിടെ രാജ്‌മോഹൻ ഉണ്ണിത്താനും ആരോപിച്ചിരുന്നു. ഇതു സംബന്ധിച്ച ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറുകയാണ് സുധാകരനും ഉണ്ണിത്താനും.


കോൺഗ്രസിൽ ആദ്യമല്ല
കൂടോത്രം കിട്ടിയ ആദ്യ അദ്ധ്യക്ഷനല്ല കെ. സുധാകരൻ. നേരത്തേ വി.എം. സുധീരന്റെ വീട്ടിൽ നിന്ന് കൂടോത്ര ശേഷിപ്പ് കിട്ടിയത് 9 തവണയാണ്. വാഴച്ചുവട്ടിൽ നിന്നും നടുമുറ്റത്തു നിന്നമടക്കമാണ് ചെമ്പ് തകിടുകൾ, ചെറുശൂലങ്ങൾ, വെളളാരം കല്ലുകൾ ഉൾപ്പെടെയുള്ള കൂടോത്ര സാമഗ്രികൾ കണ്ടെത്തിയത്. സുധീരനു പിന്നാലെ കെ. സുധാകരന്റെ വീട്ടിലും കൂടോത്രം കണ്ടതോടെ കെ.പി.സി.സി കസേര കൊതിക്കുന്ന ആരെങ്കിലുമാണോ പിന്നിലെന്ന് പാർട്ടിയിൽ സംസാരമുയർന്നിട്ടുണ്ട്. വേറെയും പല നേതാക്കളും കൂടോത്രത്തിന്റെ ഇരകൾ ആയിരുന്നുവെന്ന വിവരവും പുറത്തു വരുന്നുണ്ട്. കൂടോത്ര വിവാദത്തിൽ നേതാക്കന്മാർക്കെതിരെ ആഞ്ഞടിച്ച് യൂത്ത് കോൺഗ്രസും രംഗത്തെത്തിയിട്ടുണ്ട്. പണി എടുക്കാതെ കൂടോത്രം ചെയ്താൽ പാർട്ടി നന്നാവില്ലെന്നായിരുന്നു യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബിന്‍ വർക്കിയുടെ വിമർശനം.

ആദ്യ വെടി കാസർകോട് നിന്ന്

പെരിയ ഇരട്ട കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹ ചടങ്ങിൽ പങ്കെടുത്തതിനെ തുടർന്ന് കോൺഗ്രസിൽ നിന്നും പുറത്തായ ബാലകൃഷ്ണൻ പെരിയയാണ് കോൺഗ്രസിൽ കൂടോത്രം ഉണ്ടെന്ന കാര്യം പുറത്തു വിട്ടത്. രാജ്‌മോഹൻ ഉണ്ണിത്താനെ ലക്ഷ്യം വച്ചായിരുന്നു പരാമർശം. അന്ന് കൂടോത്രം വലിയ ചർച്ച ആയില്ലെങ്കിലും പിന്നീട് കെ.പി.സി.സി അദ്ധ്യക്ഷൻ കെ. സുധാകരന്റെ വീട്ടിൽ നിന്ന് കൂടോത്രം കണ്ടെടുക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതോടെ സംഭവം ആളിക്കത്തി. രാജ്‌മോഹൻ ഉണ്ണിത്താനോട് സംഭവത്തെപ്പറ്റി മാദ്ധ്യമങ്ങൾ ചോദിച്ചപ്പോൾ 'നോ കമന്റ്‌സ്' എന്നായിരുന്നു മറുപടി. സുധാകരന്റെ വീട്ടിൽ നിന്നുള്ള കൂടോത്ര വീഡിയോ പുറത്തു വിട്ട ആൾ ആരാണെന്ന് പറഞ്ഞാൽ കൂടുതൽ കാര്യങ്ങൾ പറയാം എന്നായിരുന്നു ഉണ്ണിത്താന്റെ മറുപടി.


മറു കൂടോത്രം നടത്തിയോ?

കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ കണ്ണൂരിൽ ശക്തനായ എതിരാളി എം. വിജയരാജനെ മലർത്തിയടിക്കാൻ കെ. സുധാകരൻ കഴിഞ്ഞത് മറുകൂടോത്രം കൊണ്ടായിരുന്നുവെന്ന സംസാരം കോൺഗ്രസിൽ നിന്ന് ഉയരുന്നുണ്ട്. വി.എം. സുധീരനെതിരേ കൂടോത്രങ്ങൾ ചെയ്തപ്പോൾ മറുക്രിയ ചെയ്യാതിരുന്നതിനാലാണ് അദ്ദേഹത്തിന് തിരിച്ചടികളുണ്ടായതെന്നും ഇവർ പറയുന്നു.


ശിവകുമാർ പറഞ്ഞത്

കർണാടക സർക്കാരിനെ താഴെയിറക്കാൻ കേരളത്തിലെ ക്ഷേത്രത്തിൽ മൃഗബലിയടങ്ങുന്ന ശത്രു ഭൈരവീയാഗം നടന്നതായാണ് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പറഞ്ഞത്. കയ്യിൽ കെട്ടിയ ചരടുകൾ എന്തിനാണെന്ന ചോദ്യത്തിനായിരുന്നു കർണാടക കോൺഗ്രസ് അദ്ധ്യക്ഷൻ കൂടിയായ ശിവകുമാറിന്റെ മറുപടി.കേരളത്തിലെ രാജരാജേശ്വരി ക്ഷേത്രം കേന്ദ്രീകരിച്ച് പഞ്ചമൃഗബലിയും യാഗങ്ങളും നടന്നതായി അറിവു ലഭിച്ചിട്ടുണ്ട്. ബലിയിൽ ഉൾപ്പെട്ട ആളുകൾ തന്നെയാണ് ഈ വിവരങ്ങൾ എഴുതിയറിയിച്ചത്. ആരാണ് ഇത്തരം പൂജകൾ നടത്തുന്നതെന്ന വിവരവും ലഭിച്ചിട്ടുണ്ടെന്നും ശിവകുമാർ മാദ്ധ്യമങ്ങളോടു പറഞ്ഞു.

പൂമൂടൽ മുതൽ

പ്രസാദ ഊട്ട് വരെ..

വൈരുദ്ധ്യാത്മക ഭൗതികവാദത്തിൽ വിശ്വസിയ്ക്കുന്നവരാണ് കമ്മ്യൂണിസ്റ്റുകാർ. സമൂഹത്തിലെ അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും എതിരെ പോരാടിയവർ... അങ്ങനെയുള്ളവർക്ക് പൂജയിലും വഴിപാടിലും ഒക്കെ വിശ്വാസം അർപ്പിയ്ക്കാൻ പറ്റുമോ? കണ്ണൂരിലെ സി.പി.എമ്മിന്റെ ഉന്നത നേതാക്കളും വിവാദങ്ങളിൽപ്പെട്ടിട്ടുണ്ട്. പൂമൂടൽ വിവാദവും പ്രസാദ് ഊട്ട് വിവാദവും ഒരു നേതാവിനെതിരേ ഉണ്ടായി. തനിയ്ക്ക് ശത്രുക്കളില്ല. പിന്നെന്തിനാണ് താൻ ശത്രുസംഹാരത്തിന് പൂമൂടൽല്‍ വഴിപാട് നടത്തുന്നത് എന്നായിരുന്നു അന്ന് നേതാവ് ചോദിച്ചത്. പൂമൂടൽ വഴിപാട് സംഭവം നിഷേധിയ്ക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തിന് ശേഷം ഇതേ നേതാവിനെതിരേ വർഷങ്ങൾക്ക് ശേഷമാണ് പ്രസാദ് ഊട്ട് ആരോപണമുണ്ടായത്. നേതാവിനെ ലക്ഷ്യമിട്ട് കുടുംബത്തെ കരുവാക്കിയാണ് ആരോണമുയർന്നത്.അതിന് പിന്നാലെ ശത്രുസംഹാര പൂജാ വിവാദവുമയർന്നു. തൃശൂരിലെ പ്രമുഖ തന്ത്രികുടുംബത്തിലെ പുരോഹിതരുടെ നേതൃത്വത്തിലായിരുന്നു പൂജാ ചടങ്ങുകൾ നടത്തിയതെന്നാണ് ആരോപണമുയർന്നത്. സുദർശന ഹോമം, ആവാഹന പൂജകൾ തുടങ്ങിയവയാണത്രേ നടത്തിയത്.