കാസർകോട്:ട് ജില്ലയിലെ പ്രൈമറി അദ്ധ്യാപക ഒഴിവുകൾ നികത്തുന്നത് സംബന്ധിച്ച് നിയമസഭയിൽ വിദ്യാഭ്യാസമന്ത്രി നൽകിയ മറുപടിയിൽ പൊരുത്തക്കേടുകൾ. കഴിഞ്ഞ19 ന് കാഞ്ഞങ്ങാട് എം.എൽ.എ. ഇ.ചന്ദ്രശേഖരന്റെ ചോദ്യത്തിന് പ്രൈമറിയിൽ 356 ഒഴിവുകളുണ്ടെന്നും 314 എണ്ണം പി.എസ്.സി.ക്ക് റിപ്പോർട്ട് ചെയ്തുവെന്നുമായിരുന്നു മന്ത്രി നൽകിയ മറുപടി. എന്നാൽ നിലവിൽ ഒഴിവുകളൊന്നുമില്ലെന്നാണ് പി.എസ്.സി അധികൃതർ വ്യക്തമാക്കുന്നത്. ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിൽ നിന്ന് ഇതുസംബന്ധിച്ച് വ്യക്തമായ മറുപടിയും ഉദ്യോഗാർത്ഥികൾക്ക് ലഭിക്കുന്നില്ല.
വർഷങ്ങളായി നിയമനം കാത്തിരിക്കുന്ന ഉദ്യോഗാർത്ഥികൾ കടുത്ത നിരാശയാണ് ഇതുണ്ടാക്കിയിരിക്കുന്നത്. ജില്ലയിൽ 65 പ്രൈമറി അദ്ധ്യാപകർ പ്രമോഷനിലൂടെ പ്രധാനാദ്ധ്യാപകരായി വിവിധ സ്കൂളുകളിൽ ചുമതല ഏറ്റെടുത്തിട്ടുണ്ട്. വിരമിക്കലും സ്ഥലംമാറ്റവുമടക്കമുള്ള ഒഴിവുകളുമുണ്ടായിട്ടുണ്ട്. പരീക്ഷയും അഭിമുഖവും കഴിഞ്ഞ് നീണ്ട കാത്തിരിപ്പിനൊടുവിൽ ലിസ്റ്റ് കാലാവധി അവസാനിക്കാറാകുമ്പോഴും നിയമനമില്ലാത്തതിന്റെ നിരാശയിലാണ് എൽ.പി.എസ്.എ ഉദ്യോഗാർത്ഥികൾ.
റാങ്ക് ലിസ്റ്റ് കാലാവധി അടുത്ത വർഷം തീരും
2022 ൽ പി എസ് എസ് പ്രസിദ്ധീകരിച്ച പ്രൈമറി അദ്ധ്യാപകരുടെ 2100 പേരുള്ള റാങ്ക് ലിസ്റ്റിന്റെ കാലാവധി 2025ൽ അവസാനിക്കും. നാമമാത്ര നിയമനങ്ങൾ മാത്രമാണ് ഇതിൽ നിന്ന് നടന്നത്. പുതിയ വിജ്ഞാപന പ്രകാരം ജൂലായ് ആറിന് യു.പി സ്കൂൾ നിയമനത്തിനായി പുതിയ പരീക്ഷ കഴിഞ്ഞു. ഈ മാസം 20ന് ഇതിന്റെ പരീക്ഷയും നടക്കും. പ്രായപരിധി കഴിയുന്നവരും ഇനി പരീക്ഷ എഴുതാൻ അവസരം ഇല്ലാത്തവരും റാങ്ക് ലിസ്റ്റിലുണ്ട്.
ദിവസ വേതന നിയമനം തകൃതി
ഒഴിവുകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ അദ്ധ്യാപക നിയമനം തകൃതിയാണ് ജില്ലയിൽ. പ്രൈമറി സ്കൂളുകളിൽ നൂറുകണക്കിന് താൽക്കാലിക അദ്ധ്യാപക നിയമനം നടന്നുകഴിഞ്ഞു. താൽക്കാലിക നിയമനം നടത്താൻ പ്രധാനാദ്ധ്യാപകർക്ക് അധികാരം നൽകിയിട്ടുണ്ട്.