പയ്യന്നൂർ: കിറ്റ്‌കോ, കിഫ്ബി വടംവലിയിൽ അനന്തമായി നീണ്ടുപോകുന്ന പയ്യന്നൂർ മൾട്ടി പർപ്പസ് സ്റ്റേഡിയം നിർമ്മാണ പ്രവൃത്തി പുനരാരംഭിക്കുന്നതിന് പുതിയ നിർവ്വഹണ ഏജൻസിയെ നിശ്ചയിക്കും. കായിക വകുപ്പ് മന്ത്രി വി.അബ്ദുൽറഹ്മാന്റെയും ടി.ഐ.മധുസൂദനൻ എം.എൽ.എ.യുടെയും സാന്നിദ്ധ്യത്തിൽ കിറ്റ്‌കോ, കിഫ്ബി, കായികവകുപ്പ് ഉന്നത ഉദ്യോഗസ്ഥർ എന്നിവരുടെ യോഗം ചേർന്നാണ് ഈ തീരുമാനം എടുത്തത്.

മൂന്നര വർഷം മുൻപ് തുടങ്ങിയ നിർമ്മാണം പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ചുമതലയിലുള്ള കിറ്റ്‌കോക്ക് വ്യക്തമായി മറുപടി നൽകാൻ കഴിയാത്തതിനെ തുടർന്നാണ് നിലവിലെ നിർവ്വഹണ ഏജൻസിയെ മാറ്റി പുതിയ ഏജൻസിയെ നിശ്ചയിക്കാൻ തീരുമാനിച്ചത്. കിഫ്ബിയിൽ നിന്ന് 13.4 കോടി രൂപയുടെ സാമ്പത്തികാനുമതി ലഭിച്ചതോടെയാണ് 2021 ഫെബ്രുവരിയിൽ നഗരസഭയുടെ സ്ഥലത്ത് പയ്യന്നൂർ മൾട്ടി പർപ്പസ് സ്റ്റേഡിയം നിർമ്മാണ പ്രവൃത്തി ആരംഭിച്ചത്. 12 മാസമായിരുന്നു പൂർത്തീകരണ കാലാവധി.

കൊവിഡ് സമയത്തെ ലോക്ക് ഡൗൺ വിഷയങ്ങൾ ചൂണ്ടിക്കാട്ടി പിന്നീട് 2023 ജനുവരി വരെ കാലാവധി നീട്ടി നൽകി. പൈലിംഗ് തുടങ്ങി തൂണുകളുടെ നിർമ്മാണം തുടങ്ങിയപ്പോൾ കിഫ്ബി ഉദ്യോഗസ്ഥർ പരിശോധനക്കെത്തുകയും, മണ്ണ് അടിഞ്ഞ് കൂടുവാൻ സാദ്ധ്യതയുള്ള സ്ഥലമായതിനാൽ പദ്ധതിയുടെ ഫൗണ്ടേഷൻ റീ ഡിസൈൻ നടത്തണമെന്ന് ആവശ്യപ്പെടുകയും ഇത് സംബന്ധിച്ച് കിറ്റ്‌കോക്ക് സ്റ്റോപ്പ് മെമ്മോ നൽകുകയും ചെയ്തതിനാൽ നിർമ്മാണം നിർത്തി വച്ചു. ഇതിന് മുൻപ് കിഫ്ബി ഉദ്യോഗസ്ഥർ ഒട്ടേറെത്തവണ സ്ഥലം സന്ദർശിച്ചതിന് ശേഷമാണ് ഫണ്ട് അനുവദിക്കുകയും മറ്റ് നടപടികൾ പൂർത്തിയാക്കുകയും ചെയ്തത്. പത്ത് ശതമാനം നിർമ്മാണം പൂർത്തീകരിച്ച ഘട്ടത്തിൽ 2022 ഒക്ടോബറിൽ പ്രവൃത്തി നിർത്തിവച്ച് , മണ്ണ് പരിശോധന വീണ്ടും നടത്തുന്നതിനായി കിറ്റ്‌കോ , കോഴിക്കോട് എൻ.ഐ.ടി.യെ ചുമതലപ്പെടുത്തി. അവർ പരിശോധന നടത്തി 2022 നവംബർ 22 ന് റിപ്പോർട്ട് നൽകിയെങ്കിലും പുതിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഡിസൈൻ പുതുക്കി കിഫ്ബിയിൽ നിന്ന് അംഗീകാരം വാങ്ങുവാൻ കിറ്റ്കോക്കായില്ല.

ച‌ർച്ചകളൊന്നും ഫലപ്രദമായില്ല

ടി.ഐ. മധുസൂദനൻ എം.എൽ.എ.യുടെ നേതൃത്വത്തിൽ ഇരുഭാഗത്തെയും ഉദ്യോഗസ്ഥരെ വിളിച്ച് നിരവധി തവണ ചർച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഒടുവിൽ 2024 മേയ് 20 ന് കിഫ്ബി യോഗം ചേർന്ന് പുതുക്കിയ എല്ലാ രേഖകളും സഹിതം വീണ്ടും സമർപ്പിക്കണമെന്ന് കിറ്റ്‌കോയോട് നിർദ്ദേശിച്ചുവെങ്കിലും നിശ്ചയിച്ച തീയതി കഴിഞ്ഞിട്ടും നടപടികളൊന്നും ഇല്ലാത്തതിനെ തുടർന്നാണ് വകുപ്പ് മന്ത്രിയുടെയും എം.എൽ.എ.യുടെയും സാന്നിദ്ധ്യത്തിൽ നടന്ന യോഗം നിർവ്വഹണ ഏജൻസിയെ മാറ്റി പുതിയ ഏജൻസിയെ നിശ്ചയിക്കുവാൻ തീരുമാനിച്ചത്.

കിഫ്ബി നല്കിയത് 13.4 കോടി രൂപയുടെ സാമ്പത്തികാനുമതി

കൊവിഡ് പരിഗണിച്ച് നിർമ്മാണ കലാവധി 2023 ജനുവരി വരെ നീട്ടി

തൂണുകളുടെ നിർമ്മാണം തുടങ്ങിയപ്പോൾ കിഫ്ബിയുടെ സ്റ്റോപ്പ് മെമ്മോ

മണ്ണ് പരിശോധന വീണ്ടും നടത്തിയെങ്കിലും ഡിസൈന് കിഫ്ബി അംഗീകാരമായില്ല