nidumpuramchal
നിടുംപുറംചാലിൽ പുതിയ ഹെൽത്ത് സെന്റർ സ്ഥാപിക്കാൻ ജനകീയ കമ്മിറ്റി വാങ്ങിയ സ്ഥലത്തിന്റെ രേഖ പഞ്ചായത്ത് സെക്രട്ടറി പി.കെ.വിനോദിന് കൈമാറുന്നു

പേരാവൂർ: കണിച്ചാർ പഞ്ചായത്തിലെ ഉരുൾപൊട്ടലിൽ തകർന്ന നിടുംപുറംചാലിലെ, ഹെൽത്ത് സെന്റർ നിർമ്മിക്കാൻ ജനകീയ കമ്മിറ്റി സ്ഥലം വാങ്ങി പഞ്ചായത്തിന് കൈമാറി. നിടുംപുറംചാലിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് സെക്രട്ടറി പി.കെ.വിനോദ് ഭൂമിയുടെ രേഖ ഏറ്റുവാങ്ങി.

നെടുംപുറംചാലിൽ പ്രവർത്തിച്ചിരുന്ന ഉരുൾപൊട്ടലിൽ തകർന്നു പോയ പൂളക്കുറ്റി ഹെൽത്ത് സബ് സെന്ററിന്റെ നിർമ്മാണം പ്രതിസന്ധിയിലായിരുന്നു. സംസ്ഥാന ജിയോളജി വകുപ്പ് സെന്റർ നിർമ്മാണത്തിന് ഉപാധികളോടെ അനുമതി നൽകിയെങ്കി;ലും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പുനർനിർമ്മാണം പാടില്ല എന്ന തരത്തിലുള്ള ഉത്തരവാണ് നൽകിയത്. ഇതാണ് ഉരുൾപൊട്ടലിൽ തകർന്ന നെടുംപുറംചാലിൽ പ്രവർത്തിച്ചുവന്നിരുന്ന ഹെൽത്ത് സബ് സെന്ററിന്റെ നിർമ്മാണം പ്രതിസന്ധിയിലാകാൻ കാരണമായത്.

നിടുംപുറംചാൽ പള്ളി പാരിഷ് ഹാളിൽ നടന്ന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി പി.കെ. വിനോദ് ഭൂമിയുടെ രേഖ ഏറ്റുവാങ്ങി. അഞ്ചര സെന്റ് സ്ഥലമാണ് പഞ്ചായത്തിന് കൈമാറിയത്. ചടങ്ങിൽ കണിച്ചാർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യൻ, വാർഡ് മെമ്പർ ജിഷ സജി, ബിനു മണ്ണാർത്തോട്ടം, സതീഷ് മണ്ണാർകുളം, കെ.കെ.ഷൈല തുടങ്ങിയവർ പങ്കെടുത്തു.

സെന്റർ കൈവിടാതിരിക്കാൻ കൈകോർത്തു

ഉരുൾപൊട്ടലിൽ സബ് സെന്റർ തകർന്നതോടെ താത്കാലിക സംവിധാനം എന്ന നിലയിൽ സബ് സെന്ററിന്റെ പ്രവർത്തനം പൂളക്കുറ്റി വാടക കെട്ടിടത്തിലേക്ക് മാറ്റിയിരുന്നു പൂളക്കുറ്റിയിൽ ഇത്തരം സബ് സെന്റർ പ്രവർത്തിച്ചാൽ പ്രദേശവാസികൾക്ക് ഉപകാരപ്രദമാകില്ല എന്ന് നാട്ടുകാർ തുടക്കം മുതലേ പരാതിപ്പെട്ടിരുന്നു. ജനങ്ങൾക്ക് പ്രയോജനപ്പെടണമെങ്കിൽ നെടുംപുറംചാൽ മേഖലയിലാണ് വേണ്ടതെന്നാണ് നാട്ടുകാർ ആവശ്യപ്പെട്ടത്. ഇതേത്തുടർന്നാണ് ജനകീയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹെൽത്ത് സെന്ററിന് പുതിയ കെട്ടിടം നിർമ്മിക്കാൻ ഭൂമി വാങ്ങി പഞ്ചായത്തിന് കൈമാറിയത്.