തളിപ്പറമ്പ്: നഗരം സൗന്ദര്യ വൽക്കരിക്കാൻ മാസ്റ്റർ പ്ലാൻ തയ്യാറാക്കും. താലൂക്ക് ഓഫീസ് കോൺഫറൻസ് ഹാളിൽ എം.എൽ.എ എം.വി.ഗോവിന്ദൻ വിളിച്ച് ചേർത്ത യോഗത്തിലാണ് തീരുമാനം ഉണ്ടായത്. എം.എൽ.എയും തളിപ്പറമ്പ് നഗരസഭയും ചേർന്നാണ് പദ്ധതി നടപ്പിലാക്കുന്നത്. എം.എൽ.എ ഫണ്ടിൽ നിന്ന് ഒരു കോടിയും നഗരസഭ പദ്ധതി വിഹിതത്തിലും തുക വകയിരുത്തിയിട്ടുണ്ട്. എം.വി ഗോവിന്ദൻ പദ്ധതി വിശദീകരണം നടത്തി.
ആർ.ഡി.ഒ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, നഗരസഭ ചെയർപേഴ്സൺ, വൈസ് ചെയർമാൻ, പൊലീസ് എന്നിവരെ മാസ്റ്റർ പ്ലാൻ തയ്യാറാക്കാൻ ചുമതലപ്പെടുത്തി. നഗരത്തിലെ പാർക്കിംഗ് സൗകര്യം, കന്നുകാലി ശല്യം, ട്രാഫിക്ക് യൂനിറ്റിന്റെ ആവശ്യം, മാലിന്യ സംസ്‌കരണം, തെരുവോര കച്ചവടം, അനധികൃത പരസ്യബോർഡുകൾ തുടങ്ങിയവ സംബന്ധിച്ച് ചർച്ചകൾ നടന്നു. നഗരസഭാ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എം.കൃഷ്ണൻ, നഗരസഭാ വൈസ് ചെയർമാൻ കല്ലിങ്കീൽ പത്മനാഭൻ, ആർ.ഡി.ഒ അജയകുമാർ, തഹസിൽദാർ കലാഭാസ്‌കർ, എം.കെ മനോഹരൻ, കെ.എസ്.റിയാസ്, കെ.എം.ലത്തീഫ് സംസാരിച്ചു.
നഗരത്തിന്റെ മുഖഛായ മാറും
നാടുകാണിയിൽ സഫാരി പാർക്ക് വരുന്നതോടെ ദേശീയ -അന്തർദേശീയ ശ്രദ്ധ നേടുന്ന കേന്ദ്രമാകും തളിപ്പറമ്പ്. പുതിയ റവന്യൂ ടവർ നിർമ്മാണം, താലൂക്ക് കെട്ടിടം മ്യൂസിയമാക്കി മാറ്റൽ എന്നിവ സമയബന്ധിതമായി നടപ്പിലാക്കുന്നത് പുത്തൻ ഉണർവ്വ് നൽകും. തളിപ്പറമ്പിന്റെ ഭാഗമായി രാജരാജേശ്വര ക്ഷേത്രം, പറശിനിക്കടവ്, തളിപ്പറമ്പ് വലിയ ജുമാ മസ്ജിദ്, മറ്റ് ദേവാലയങ്ങൾ, നീലിയാർ കോട്ടം, വെള്ളിക്കീൽ തുടങ്ങിയവ ബന്ധിപ്പിച്ചുള്ള ടൂറിസം പദ്ധതി, ചിറവക്കിൽ 2 കോടി ചെലവിൽ പൂർത്തിയാകുന്ന ഹാപ്പിനസ് സ്‌ക്വയർ, നവീകരിച്ച ബസ് ഷെൽട്ടർ എന്നിവയെല്ലാം നഗരത്തിന്റെ മുഖഛായ മാറ്റും.