farmasist

കണ്ണൂർ:ഉദ്യോഗാർത്ഥികളെ നോക്കുകുത്തികളാക്കി നിലവിലുള്ള ഫാർമസിസ്റ്റ് റാങ്ക് ലിസ്റ്റിൽ നിന്നും നിയമിക്കാതെ പുതിയ പരീക്ഷ നടത്തി പി.എസ്.സി .നിലവിലുള്ള ഫാർമസിസ്റ്റ് ഗ്രേഡ് രണ്ട് പി.എസ്.സി റാങ്ക് ലിസ്റ്റിൽ നിന്നും പത്ത് ശതമാനം പോലും നിയമനം നടത്താതെയാണ് പുതിയ പരീക്ഷ നടത്തി ലിസ്റ്റിലുള്ളവരുടെ അവസരം നിഷേധിച്ചത്.

ജില്ലയിൽ നിലവിലുള്ള ലിസ്റ്റിൽ നിന്ന് 149 പേരാണ് ഉൾപ്പെട്ടിട്ടുള്ളത്.അതിൽ നിന്നും വെറും 11 പേർക്ക് മാത്രമാണ് ഇതുവരെ നിയമനം ലഭിച്ചത്.ബാക്കി 138 പേർ കാത്തിരിപ്പ് തുടരുകയാണ്. 2021 ഡിസംബർ 28നാണ് റാങ്ക് ലിസ്റ്റ് നിലവിൽ വന്നത്. മൂന്നുവർഷമാണ് കാലാവധി. അഞ്ചുമാസം മാത്രമാണ് ഇനി ബാക്കിയുള്ളത്. രണ്ടര വർഷത്തിനിടയിൽ 2033 പേർ ഉൾപ്പെട്ട റാങ്ക് ലിസ്റ്റിൽ നിന്നും നിയമനം ലഭിച്ചത് വെറും 215 പേർക്ക് മാത്രമാണ്. 1818 പേർ ഇപ്പോഴും പ്രതീക്ഷയോടെ കാത്തിരിപ്പാണ്. ആർദ്രം പദ്ധതി വഴി സംസ്ഥാനത്ത് 679 പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റിയിട്ടുണ്ട്. എന്നാൽ ഇവിടങ്ങളിൽ 150 തസ്തികകൾ മാത്രമാണ് സൃഷ്ടിച്ചത്.രോഗികളുടെ എണ്ണം വർദ്ധിക്കുമ്പോൾ താത്ക്കാലിക നിയമനം നടത്തി തടിയൂരുന്ന സമീപനമാണ് സർക്കാരിന്റേത്. ഇത് സംബന്ധിച്ച് ജില്ലാ ഓഫിസുകളിൽ നിന്നും നിർദേശം സമർപ്പിച്ചിട്ട് ഒരുവർഷം കഴിഞ്ഞു.

ഉദ്യോഗാർത്ഥികൾ പ്രതിഷേധത്തിൽ

നിലവിലെ റാങ്ക് ലിസ്റ്റിലുള്ളവർക്ക് പോലും നിയമനം നൽകാതെ വീണ്ടും പരീക്ഷ നടത്തിയ സ‌ക്കാരിന്റെ നടപടിയിൽ ഉദ്യോഗാർത്ഥികളിൽ നിന്നും വലിയ പ്രതിഷേധമാണ് ഉയരുന്നത്.റാങ്ക് ലിസ്റ്റിൽ കൂടുതലുമുള്ളത് സത്രീകളാണ്. പലർക്കും ഇനിയൊരു പരീക്ഷ എഴുതാനുള്ള അവസരവുമില്ല. കഴിഞ്ഞമാസം 20നാണ് പുതിയ പരീക്ഷ കഴിഞ്ഞത്. സാദ്ധ്യതാപട്ടിക പ്രസിദ്ധീകരിച്ചില്ലെങ്കിലും ഇടുക്കി, വയനാട് ജില്ലകളിലെ ചില ഉദ്യോഗാർത്ഥികൾക്ക് പി.എസ്.സി വെബ്‌സൈറ്റിൽ സർട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യാൻ നിർദേശം ലഭിച്ചിട്ടുണ്ട്.

റാങ്ക് ലിസ്റ്റ് നിലനിൽക്കെ വീണ്ടും പരീക്ഷ നടത്തിയ സർക്കാരിന്റെ നടപടി അംഗീകരിക്കാൻ കഴിയില്ല.പലരുടെയും അവസരമാണ് ഇതിലൂടെ നഷ്ടമാകുന്നത്.പ്രായപരിധി കഴിഞ്ഞവർ പലരുടെയും അവസാന പ്രതീക്ഷയായിരുന്നു ഈ ലിസ്റ്റ്.പല ജില്ലകളിലും പേരിന് മാത്രമാണ് നിയമനം നടത്തിയത്.

ഉദ്യോഗാർത്ഥി

ജില്ല റാങ്ക് ലിസ്റ്റിലുള്ളവർ നിയമനം ലഭിച്ചത്

തൃശൂർ 210 5
പാലക്കാട് 150 5
കണ്ണൂർ 149 11
തിരുവന്തപരം 161 11
ഇടുക്കി 129 9
വയനാട് 92 10
മലപ്പുറം 187 11
കോട്ടയം 149 10
പത്തനംതിട്ട 107 15
കാസർകോട് 110 14
കോഴിക്കോട് 141 18
എറണാകുളം 183 23
ആലപ്പുഴ 125 38
കൊല്ലം 140 35