നീലേശ്വരം: കാസർകോട് ജില്ലയിൽ വാഴക്കൃഷിയ്ക്ക് പേരുകേട്ട മടിക്കൈയിൽ കർഷകന് വൻ നഷ്ടം വരുത്തി കിളികളുടെ ശല്യം. മുഴുത്ത നേന്ത്രക്കുലകളിലെ രണ്ടും മൂന്നും കിലോ കായകളാണ് പക്ഷികൾ തിന്നുതീർക്കുന്നത്.
മടിക്കൈ വയൽ, തലയത്ത് വയൽ, കീക്കാങ്കോട്ട് വയൽ, പുളിക്കാൽ എന്നിവിടങ്ങളിലാണ് കിളി ശല്യം മൂലം കർഷർ വലയുന്നത്. തത്തയും ഇതെ വർഗത്തിൽപെട്ട ഓളിത്തത്തയുമാണ് നേന്ത്രക്കായ തിന്നും തുരന്നും തീർക്കുന്നത്. മൂപ്പെത്താത്ത കായകൾ പോലും ഇവ കൊത്തിത്തിന്നുന്നു. പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് മൂടിയാണ് കർഷകർ കായകളെ സംരക്ഷിക്കുന്നത്.
കാലിച്ചാംപൊതിയിലെ വി. കൃഷ്ണന്റെ ആയിരത്തോളം കുലകളിൽ അഞ്ച് ക്വിന്റലിലോളമാണ് കിളികൾ നശിപ്പിച്ചത്. ചാളക്കടവ് താഴത്ത് കൃഷ്ണൻ, ഒ.വി. നാരായണൻ, കക്കാണൻ വീട്ടിൽ കൃഷ്ണൻ, കക്കാണൻ ഗോപാലൻ, കുരിക്കൾ മോഹനൻ, പി.വി.രാധാകൃഷ്ണൻ, കയ്യാലവളപ്പിൽ അശോകൻ തുടങ്ങിയ കർഷകർക്കും കിളികൾ വലിയ നഷ്ടം വരുത്തി. പതിവു വിട്ട് ഇക്കുറി കാലാവസ്ഥയുടെ ചതിയും വിലത്തകർച്ചയുമില്ലെന്ന സന്തോഷത്തിനിടെയാണ് അപ്രതീക്ഷിതമായി കടന്നുവന്ന തത്തകളുടെ ആക്രമണം.
പ്രതിരോധത്തിന് ചിലവേറും
പ്ലാസ്റ്റിക് നിരോധനത്തിനു ശേഷം വാഴക്കുല സംരക്ഷണത്തിന് വുമൺ ബാഗ് എന്നയിനമാണ് കൃഷിവകുപ്പ് ശുപാർശ ചെയ്യുന്നത്. എന്നാൽ അദ്ധ്വാനവും ചെലവുമേറുന്നതു മൂലം ഇത്തരത്തിൽ വാഴക്കുല സംരക്ഷണത്തിന് മിക്ക കർഷകരും തയ്യാറാവുന്നില്ല.