കാസർകോട്: പാലക്കുന്ന് പള്ളത്ത് കൾവർട്ട് തകർന്ന സംസ്ഥാന പാതയിൽ ഗതാഗത തടസം ഒഴിവാക്കുന്നതിന് ബദൽ റോഡ് നിർമ്മിക്കുന്നത്തിനുള്ള നീക്കം പൊതുമരാമത്ത് വകുപ്പ് അധികൃതർ തുടങ്ങി. തകർന്ന കൾവർട്ടിന് പടിഞ്ഞാറ് ഭാഗത്തെ സ്ഥലം മണ്ണിട്ട് നികത്തി ടാർ ചെയ്ത് പുതിയ താൽക്കാലിക റോഡ് നിർമ്മിക്കുകയാണ്. വീതിയിൽ റോഡ് ഉണ്ടാക്കാൻ കെ.എസ്.ഇ.ബി കെ. വി ലൈനിന്റെ രണ്ടു തൂണുകൾ തടസമാകുന്നുണ്ട്. വാഹനങ്ങൾ വേഗത കുറച്ചു വരുന്നതിന് പാലക്കുന്ന് ഇറക്കം മുതൽ നിലവിലുള്ള റോഡ് ജെ.സി.ബി കൊണ്ട് കിളച്ചിടുകയാണ്. തുടർന്നാണ് ടാർ ചെയ്യൽ ജോലി നടത്തുകയെന്ന് പി.ഡബ്ള്യു.ഡി അസിസ്റ്റന്റ് എഞ്ചിനിയർ ബിജു പറഞ്ഞു.
വാഹനങ്ങളുടെ തിരക്കേറിയ കാസർകോട് -ചന്ദ്രഗിരി- കാഞ്ഞങ്ങാട് പാതയിൽ ജൂലായ് മൂന്നിനാണ് ഓവുചാൽ പൊട്ടി തകർന്ന് ഗതാഗത സ്തംഭനം ഉണ്ടായത്. പാത തകർന്നതിനെ തുടർന്ന് രാത്രി വെളിച്ചവും അപായ സിഗ്നലുമായി നാട്ടുകാർ നടുറോഡിൽ കാവൽ നിന്നാണ് വാഹനങ്ങൾ വഴിതിരിച്ചു വിട്ട് അപകടം ഒഴിവാക്കിയത്. നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്നാണ് പൊതുമരാമത്ത് വകുപ്പ് അധികൃതർ താൽക്കാലിക റോഡ് പണിയാൻ തുടങ്ങിയത്. ഇത് സംബന്ധിച്ച് പൊതു പ്രവർത്തകൻ മൂസ പാലക്കുന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രിക്കും ഗതാഗത വകുപ്പ് മന്ത്രിക്കും പരാതി നൽകിയിരുന്നു.
സംസ്ഥാന പാതയിൽ തകർന്ന കൾവർട്ടിനു പകരം പുതിയ കൾവർട്ടും റോഡും നിർമ്മിക്കാൻ 50 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ഭരണാനുമതി കിട്ടുന്നതോടെ വർക്ക് ടെൻഡർ ചെയ്യും.
അപകടം ഒഴിവായത് ഭാഗ്യം!
വാഹനം കടന്നു പോകുന്നതിന്നതിനിടെ പള്ളം റോഡിന് കുറുകെയുള്ള കൾവർട്ടിന്റെ മദ്ധ്യഭാഗത്തുള്ള ഭാഗമാണ് പൊട്ടി തകർന്നത് . തലനാരിഴ വ്യത്യാസത്തിലാണ് അപകടം ഒഴിവായത്. ഈ ഭാഗത്ത് റോഡിൽ കെട്ടികിടക്കുന്ന വെള്ളം റെയിൽവേ അണ്ടർ പാസേജ് ഭാഗത്തേക്ക് ഒഴുക്കി വിടുന്നതിന് നിർമ്മിച്ചതാണ് തകർന്ന കൾവർട്ട്. അപകടം ഉണ്ടായ സ്ഥലത്ത് എത്തിയ ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.ലക്ഷ്മിയുടെ ഇടപെടലിനെ തുടർന്ന് പി.ഡബ്ള്യു.ഡി ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സംഭവസ്ഥലത്ത് എത്തി ഗതാഗത തടസ്സം നീക്കം ചെയ്യുകയും ട്രാഫിക് സംവിധാനത്തിൽ മാറ്റം വരുത്തുകയും കാസർകോട്, കണ്ണൂർ ഭാഗത്ത് നിന്നും വരുന്ന വലിയ വാഹനങ്ങളെ എൻ.എച്ച് റോഡിൽ വഴിതിരിച്ചു വിടുകയും ചെയ്തിരുന്നു. പൊലീസ് ഉദ്യോഗസ്ഥരുടെ പെട്ടെന്നുള്ള ഇടപെടൽ മൂലം വലിയൊരു ഗതാഗത കുരുക്ക് ഒഴിവാക്കാൻ സാധിച്ചു.