തലശ്ശേരി: വി.ആർ.കൃഷ്ണയ്യർ മുനിസിപ്പൽ സ്റ്റേഡിയത്തിന്റെ ഉടമസ്ഥാവകാശം പാട്ടവ്യവസ്ഥയിൽ മുനിസിപ്പാലിറ്റിക്ക് കൈമാറുന്നതിൽ അന്തിമ തീരുമാനമായി. നിയമസഭാ സ്പീക്കർ അഡ്വ.എ.എൻ.ഷംസീറിന്റെ അദ്ധ്യക്ഷതയിൽ അദ്ദേഹത്തിന്റെ ചേംബറിൽ റവന്യൂ, കായിക വകുപ്പുമന്ത്രിമാരുടെ സാന്നിദ്ധ്യത്തിൽ നടന്ന യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്. കായിക ആവശ്യങ്ങൾക്ക് മാത്രം ഉപയോഗിക്കണമെന്ന യവസ്ഥയോടെയാണ് ഭൂമി പാട്ടത്തിന് മുനിസിപ്പാലിറ്റിക്ക് കൈമാറുന്നതെന്നും ഇതു സംബന്ധിച്ച അപേക്ഷ മുനിസിപ്പാലിറ്റി അധികൃതർ അടിയന്തരമായി റവന്യൂ വകുപ്പിന് ലഭ്യമാക്കണമെന്നും റവന്യൂ, സ്‌പോർട്സ് വകുപ്പുകളുടെ പ്രതിനിധികളെ സ്റ്റേഡിയം മാനേജ്‌മെന്റ് കമ്മിറ്റിയിൽ ഉൾപ്പെടുത്തുന്നതാണെന്നും റവന്യൂ വകുപ്പുമന്ത്രി കെ.രാജൻ വ്യക്തമാക്കി. കായിക വകുപ്പിന്റെ പരിപാടികൾക്ക് സ്റ്റേഡിയം സൗജന്യ നിരക്കിൽ ലഭ്യമാക്കണമെന്ന കായിക വകുപ്പുമന്ത്രി വി.അബ്ദുറഹ്മാന്റെ നിർദ്ദേശം യോഗം അംഗീകരിച്ചു.
റവന്യൂ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ, സ്‌പോർട്സ് വകുപ്പ് ഡയറക്ടർ വിഷ്ണുരാജ്, ലാൻഡ് റവന്യൂ കമ്മീഷണൽ കൗശികൻ, ലാന്റ് റവന്യൂ അസിസ്റ്റന്റ് കമ്മീഷണർ അനു എസ്.നായർ, സ്പീക്കറുടെ പ്രൈവറ്റ് സെക്രട്ടറി ടി.മനോഹരൻ നായർ, അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി അർജുൻ എസ്.കുമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.