thetare

പയ്യന്നൂർ : കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി കേരള ചലച്ചിത്ര വികസന കോർപ്പറേഷൻ പയ്യന്നൂരിൽ നിർമ്മിക്കുന്ന തിയേറ്റർ കോംപ്ലക്സ് ഡിസംബറിൽ പൂർത്തീകരിക്കും. ഫണ്ട് ലഭിക്കാതെ നിർമ്മാണം സ്തംഭിച്ചതിനെ തുടർന്ന് ടി.ഐ.മധുസൂദനൻ എം.എൽ.എ. മുൻകൈയെടുത്ത് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഇക്കാര്യത്തിൽ ധാരണയായത്.
തിയേറ്റർ നിർമ്മാണത്തിന്റെ സ്ട്രക്ച്ചറൽ , പ്ലാസ്റ്ററിംഗ് വർക്കുകൾ പൂർത്തിയായിട്ടുണ്ടെന്നും ടൈൽസ് , ഫയർ സേഫ്റ്റി , ഇലക്ട്രിക്കൽ വർക്കുകൾ നടന്നുവരുന്നതായും യോഗത്തിൽ വ്യക്തമാക്കി. അക്വിസ്റ്റിക് ആന്റ് സ്‌ക്രീൻ ഫ്രെയിം വർക്കുകളുടെ ടെൻഡർ പൂർത്തിയായി. സംമ്പ് ടാങ്ക് നിർമ്മാണത്തിന്റെ ടെൻഡർ നടപടികൾ ആരംഭിച്ചിട്ടുണ്ട്.

കെട്ടിടം ഏതാണ്ട് പൂർത്തീകരിച്ചെങ്കിലും ഫണ്ടിന്റെ അപര്യാപ്തത കാരണം മറ്റ് തുടർപ്രവൃത്തികൾ നിലക്കുകയായിരുന്നു. ഇതേ തുടർന്നാണ് വകുപ്പ് മന്ത്രി സജി ചെറിയാന്റെ അദ്ധ്യക്ഷതയിൽ അവലോകന യോഗം ചേർന്നത്. മന്ത്രിക്കും എം.എൽ.എയ്ക്കും പുറമെ ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാൻ ഷാജി എൻ.കരുൺ, എൻജിനീയർമാർ ,സാംസ്‌കാരിക വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

രണ്ട് സ്ക്രീനുകൾ,309 സീറ്റ്

നഗരസഭ പാട്ടത്തിന് നൽകിയ 70 സെന്റ് സ്ഥലത്ത് കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 13.70 കോടി രൂപ ചെലവിൽ 2020 നവംബർ 27ന് അന്ന്സാംസ്കാരികമന്ത്രിയായിരുന്ന എ.കെ.ബാലനാണ് തിയറ്റർ സമുച്ചയത്തിന് തറക്കല്ലിട്ടത്.തിയറ്ററിൽ രണ്ട് സ്‌ക്രീനുകളും 309 സീറ്റുകളും ഉണ്ടാകും . നാല് കെ ത്രിഡി ഡിജിറ്റൽ പ്രൊജക്ഷൻ , സിൽവർ സ്‌ക്രീൻ ,ജെ.ബി.എൽ. സ്പീക്കർ സിസ്റ്റം ,ഇൻവെർട്ടർ ടൈപ്പ് ശീതീകരണ സംവിധാനം, കാന്റിൻ, പാർക്കിംഗ് സൗകര്യം മുതലായ എല്ലാ വിധ ആധുനിക സൗകര്യങ്ങളോടും കൂടിയുള്ളതായിരിക്കും പയ്യന്നൂരിലെ തിയറ്റർ കോംപ്ലക്സ്.