കേളകം: ബാങ്ക് അക്കൗണ്ടിലെ പണം മരവിപ്പിച്ചതിനെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് യുവാവ് ഹൈക്കോടതിയെ സമീപിച്ചു.കേളകം അടക്കാത്തോട് സ്വദേശി അജിൻ മാത്യുവാണ് ഹൈക്കോടതിയെ സമീപിച്ചത്. യാതൊരു കാരണവുമില്ലാതെ തന്റെ അക്കൗണ്ടിലുണ്ടായിരുന്ന 47000 രൂപ എടുക്കാൻ കഴിയുന്നില്ലെന്നാണ് യുവാവിന്റെ പരാതി.
കണ്ണൂരിൽ അലൂമിനിയം ഫാബ്രിക്കേഷൻ ജോലി ചെയ്യുന്ന അജിന് കേളകം ഫെഡറൽ ബാങ്കിലാണ് അക്കൗണ്ടുള്ളത്. ഒരു സുഹൃത്തിന് പണം അയക്കാൻ ശ്രമിച്ചപ്പോഴാണ് അക്കൗണ്ടിലെ പണം അപ്രത്യക്ഷമായതറിഞ്ഞത്. അടുത്ത ദിവസംഅന്വേഷിച്ചപ്പോൾ 47000 രൂപ ഗുജറാത്ത് പൊലീസ് മരവിപ്പിച്ചതായി ബാങ്ക് അധികൃതർ അറിയിച്ചത്. എന്തിന്റെ പേരിലാണ് ഈ നടപടിയെന്ന് വിശദീകരിക്കാൻ ബാങ്കുകാർക്കും സാധിക്കാത്തതിനെ തുടർന്നാണ് നിയമനടപടി സ്വീകരിക്കാൻ അജിൻ തീരുമാനിച്ചത്.
കഴിഞ്ഞ മേയിൽ തന്റെ അക്കൗണ്ടിലേക്ക് വയനാട്ടിലെ ബന്ധുവിൽ നിന്നു 60000 രൂപ വന്നിട്ടുണ്ടെന്നും അതായിരിക്കാം അക്കൗണ്ട് മരവിപ്പിക്കാൻ കാരണമെന്നുമാണ് ബാങ്ക് അധികൃതർ നൽകിയ വിശദീകരണം. നേരത്തെ പണം വന്നപ്പോഴൊന്നും ഇങ്ങനെയൊരു നടപടിയുണ്ടായില്ലെന്നതിനാൽ അജിൻ കേളകം പൊലീസിനെ സമീപിച്ചെങ്കിലും ഗുജറാത്ത് പൊലീസിന്റെ നടപടിയിൽ തങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയില്ലെന്നായിരുന്നു വിശദീകരണം. പിന്നീട് സൈബർ സെല്ലിനെ സമീപിച്ചെങ്കിലും സഹായം ലഭിച്ചില്ല. ഗുജറാത്ത് പൊലീസുമായി ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും സാധിക്കാതെ വന്നതോടെയാണ് പണം മരവിപ്പിച്ചതിനെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചതെന്ന് അജിൻ പറഞ്ഞു. അക്കൗണ്ടിലുണ്ടായിരുന്ന പണം തിരിച്ചുകിട്ടാൻ പണം ചിലവിടേണ്ട അവസ്ഥയാണ് തനിക്കെന്ന് യുവാവ് പറഞ്ഞു.