ഈ മാസം 22ന് സംസ്ഥാനതല പണിമുടക്ക്
നടപടിയുണ്ടായില്ലെങ്കിൽ ആഗസ്റ്റ് അഞ്ചുമുതൽ അനിശ്ചിതകാല സമരം
കണ്ണൂർ: ചെങ്കൽ മേഖല നേരിടുന്ന പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ ഇടപെടുന്നില്ലെന്നാരോപിച്ച് ക്വാറി ഉടമകൾ സമരത്തിലേക്ക്. കേരള മൈനർ മിനറൽ കൺസെഷൻ റൂൾ കഴിഞ്ഞവർഷം ഭേദഗതി ചെയ്തതോടെ ഖനനാനുമതി നേടാൻ പ്രയാസം അനുഭവപ്പെടുന്നതാണ് മേഖലയിലെ പ്രധാന പ്രതിസന്ധി.
എഴുപതിനായിരം രൂപയുണ്ടായിരുന്ന ലൈസൻസ് ഫീസ് 5.85 ലക്ഷമായി വർദ്ധിപ്പിച്ചു. ഇത്രയും ഭീമമായ തുകയടച്ച് ക്വാറികൾ നടത്താനാവില്ലെന്ന നിലപാടിലാണ് ഉടമകൾ. ക്വാറി മേഖല നേരിടുന്ന വിഷയം പഠിക്കാൻ സർക്കാർ രൂപവത്കരിച്ച സമിതി റിപ്പോർട്ട് സമർപ്പിച്ചിട്ടും തുടർനടപടിയില്ലാതായതോടെയാണ് സമരത്തിനൊരുങ്ങുന്നതെന്ന് ഉടമകൾ പറഞ്ഞു.
ജൂലായ് 22ന് സംസ്ഥാന വ്യാപകമായി പണിമുടക്കും. വിഷയത്തിൽ സർക്കാർ ഇടപെടലുണ്ടായില്ലെങ്കിൽ ആഗസ്റ്റ് അഞ്ച് മുതൽ അനിശ്ചിതകാല സമരത്തിലേക്ക് കടക്കാനാണ് ഉടമകളുടെ അസോസിയേഷൻ തീരുമാനം.
കഴിഞ്ഞവർഷം ചെങ്കൽ സമരമുണ്ടായപ്പോൾ നിർമാണ മേഖലയാകെ സ്തംഭിച്ചിരുന്നു.ജില്ലയിലെ പ്രധാന ചെങ്കൽ മേഖലയായ ശ്രീകണ്ഠപുരത്ത് മാത്രം ഇതര സംസ്ഥാന തൊഴിലാളികൾ ഉൾപ്പെടെ 5000ലേറെ പേരാണ് പ്രവർത്തിക്കുന്നത്. ചേപ്പറമ്പ്, എടക്കുളം, കൊളത്തൂർ, കല്ല്യാട്, ഊരത്തൂർ, ആനയടി, ഏറ്റുപാറ, മലപ്പട്ടം മേഖലകൾ ചെങ്കൽ ഖനനകേന്ദ്രങ്ങളാണ്.
24 സെന്റിൽ പെർമിറ്റിന് നൽകണം 5 ലക്ഷം
കണ്ണൂർ ജില്ലയിൽ നിലവിൽ ഒമ്പത് ചെങ്കൽ ക്വാറികൾക്ക് മാത്രമാണ് ലൈസൻസുള്ളത്. അനധികൃതമായി ഒട്ടേറെ ക്വാറികൾ പ്രവർത്തിക്കുന്നുണ്ട്. 24 സെന്റ് സ്ഥലത്തേക്ക് പെർമിറ്റ് എടുക്കാനായി അഞ്ച് ലക്ഷത്തിലേറെ അടക്കണം. ഭാരിച്ച തുകയടച്ച് ക്വാറി തുടങ്ങിയാവും വിൽപനായോഗ്യമായ കല്ലുകൾ ലഭിക്കുന്നത് കുറവാണ്. അനുമതിയില്ലാതെ പ്രവർത്തിക്കുന്ന ക്വാറികൾക്ക് നിലവിലുള്ള റോയൽറ്റിയുടെ അഞ്ച് ഇരട്ടിയാണ് പിഴയീടാക്കുന്നത്. 285 പേർക്ക് ജില്ലയിൽ പിഴ ലഭിച്ചിട്ടുണ്ട്.
ചെങ്കല്ല് വരവ് നിലക്കുന്നതോടെ കെട്ടിട നിർമാണം നിലക്കും.
ചെങ്കൽ സമരം തുടങ്ങുന്നതോടെ നിർമ്മാണ മേഖല സ്തംഭിക്കും
ജില്ലയിൽ 20,000 തൊഴിലാളികൾ ചെങ്കൽ തൊഴിൽമേഖലയിലാണ്
അനുബന്ധ മേഖലയിൽ പ്രവർത്തിക്കുന്നവർ ഇതിലുമധികം
ലോറി, ജെ.സി.ബി മേഖലയിലും പ്രതിഫലിക്കും
അനുബന്ധ തൊഴിൽ മേഖലകളെ ആകെ ബാധിക്കും
ചെങ്കൽ മേഖല നേരിടുന്ന പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ തലത്തിൽ അടിയന്തിര ഇടപെടൽ അനിവാര്യമാണ്. ചെങ്കൽ മേഖലയിലെ പ്രതിസന്ധിയെ തുടർന്ന് 22ന് കളക്ടറേറ്റുകളിലേക്കും 30ന് സെക്രട്ടറിയേറ്റിലേക്കും മാർച്ച് നടത്തും.വിഷയത്തിൽ സർക്കാർ രൂപീകരിച്ച സമിതി റിപ്പോർട്ട് സമർപ്പിച്ചിട്ടും നടപടിയില്ലാതായതോടെയാണ് സമരവുമായി മുന്നോട്ടുപോകുന്നത്.
സംസ്ഥാന സെക്രട്ടറി കെ. മണികണ്ഠൻ,കേരള സംസ്ഥാന ചെങ്കൽ ഉത്പ്പാദക ഉടമസ്ഥക്ഷേമ സംഘം