police

കാസർകോട്: മാനസികസമ്മർദ്ദത്തിന് അടിപ്പെട്ട് എൺപതോളം ഉദ്യോഗസ്ഥർ ആത്മഹത്യ ചെയ്യാനിടയായ ജോലിഭാരമടക്കമുള്ള കാരണങ്ങളിൽ സർക്കാരിനെ തല്ലിയും ആനുകൂല്യങ്ങൾ അനുവദിച്ചു നൽകി പൊലീസ് സേനയെ ചേർത്തുനിർത്തുന്ന സർക്കാരിനെയും മുഖ്യമന്ത്രിയേയും പ്രശംസിച്ചും കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ കാസർകോട് ജില്ലാസമ്മേളനം. കീഴുദ്യോഗസ്ഥരുടെ പ്രശ്നങ്ങളെ നോക്കാതെ നിലപാടുകൾ അടിച്ചേൽപ്പിക്കുന്ന ഉന്നതോദ്യോഗസ്ഥർക്കെതിരെ വിമർശനമുയർന്ന സമ്മേളനത്തിലെ ചർച്ച മുഴുവനായി കേൾക്കാൻ മന്ത്രി ഒ.ആർ.കേളുവുമുണ്ടായിരുന്നു.

കാലങ്ങളായി തുടരുന്ന അപരിഷ്‌കൃതവും അശാസ്ത്രീയവുമായ ഡ്യൂട്ടി സമ്പ്രദായം സേനയിൽ മാനസിക സമ്മർദ്ദം കൂട്ടുന്നതെന്നും ആത്മഹത്യയിലേക്ക് നയിക്കുന്നതെന്നുമുള്ള കുറ്റപ്പെടുത്തൽ നേതാക്കളുടെ തന്നെ ഭാഗത്തുനിന്നുണ്ടായി.

ജോലിഭാരവും മാനസിക സമ്മർദ്ദവും കാരണം കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ 80 പൊലീസ് ഉദ്യോഗസ്ഥർ ആത്മഹത്യ ചെയ്തതും സമ്മേളനം ചർച്ച ചെയ്തു. ഉത്സവകാല ഡ്യൂട്ടികൾ, രാഷ്ട്രീയ പരിപാടികൾ, സമരങ്ങൾ, പ്രക്ഷോഭങ്ങൾ, എമർജൻസി ഡ്യുട്ടികൾ, ക്രമസമാധാന പാലനം തുടങ്ങിയവയിൽ സമയ ക്ലിപ്തത ഇല്ലാത്തത് സേനയെ തളർത്തുന്നു. ശബരിമല ഡ്യൂട്ടിയും മലപ്പുറത്തെ പൊലീസുകാരൻ കൊല്ലപ്പെട്ടതും ഡോ.വന്ദനാദാസിനെതിരായ ആക്രമണവും ഉൾപ്പെടെ ചൂണ്ടിക്കാണിച്ച് അസോസിയേഷൻ സംസ്ഥാന ജോയിന്റ് സെക്രട്ടറി പി.പി.മഹേഷ് തന്നെയാണ് പൊലീസുകാരുടെ ദുരിതങ്ങൾ ആദ്യം എടുത്തുപറ‌ഞ്ഞത്.പൊലീസുകാരുടെ പ്രശ്നങ്ങൾ മുൻനിർത്തി നിയമസഭയിൽ പ്രതിപക്ഷം അടിയന്തര പ്രമേയം കൊണ്ടുവന്നതിനെ സമ്മേളനം സ്വാഗതം ചെയ്തു.

'പരിഹാരം യോഗയെങ്കിൽ മുതിർന്ന ഉദ്യോഗസ്ഥർ എടുക്കട്ടേ"

എറണാകുളത്തെ സ്റ്റേഷനിൽ അംഗസംഖ്യ 198 പേരുള്ളപ്പോൾ 19 പേരുള്ള സ്റ്റേഷനുകളും സംസ്ഥാനത്തുണ്ട്.1956 ലെ പോലീസുകാരുടെ അംഗസംഖ്യ 11328 ആയിരുന്നു. 2024 ൽ 62,000 മാത്രമാണ്. ആകെയുള്ള 564 പൊലീസ് സ്റ്റേഷനുകളിൽ 80 എണ്ണം സ്‌പെഷ്യൽ യൂണിറ്റുകളാണ്. പരേഡ് ഉൾപ്പെടെയുള്ള നിശ്ചിത പരിപാടികൾക്കിടയിൽ എല്ലാ ചൊവ്വാഴ്ചയും യോഗ ചെയ്യണമെന്ന് നിർദ്ദേശവും വിമർശനം നേരിട്ടു. വീട്ടുകാര്യങ്ങളും കുട്ടികളുടെ പഠനവും പോലും ശ്രദ്ധിക്കാൻ കഴിയാതെ ബുദ്ധിമുട്ടുന്ന പൊലീസ് ഉദ്യോഗസ്ഥരോട് ഇത്തരം ആവശ്യങ്ങൾക്കായി അതിരാവിലെ ഡ്യുട്ടിക്ക് ഹാജരാകാൻ നിർദ്ദേശിക്കുന്നത് തികച്ചും അപരിഷ്‌കൃതമാണ്. യോഗ കൊണ്ട് മാനസിക സമ്മർദ്ദം ഇല്ലാതാക്കാൻ കഴിയുമെങ്കിൽ ഏതാനും ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്ഥിരമായി യോഗ ചെയ്താൽ തീരുന്ന പ്രശ്നമേ സേനയിലുള്ളൂ എന്ന വിമർശനം പ്രതിനിധികൾ കയ്യടിയോടെയാണ് സ്വീകരിച്ചത്. മറ്റ് സർക്കാർ ജീവനക്കാർക്കെല്ലാം ജോലിക്ക് കൃത്യമായ സമയമുണ്ടായിരിക്കെ വിജിലൻസ്, ക്രൈംബ്രാഞ്ച് ഒഴികെയുള്ള പൊലീസ് സേനയിലെ ഡ്യൂട്ടി അനിശ്ചിതമായി നീളുന്നു. മേലധികാരികളുടെ മാനസികാവസ്ഥക്ക് അനുസരിച്ചാണ് ഓരോ ജില്ലയിലെയും പൊലീസ് ഉദ്യോഗസ്ഥരുടെ ഡ്യുട്ടിയെന്ന വിമർശനവും സമ്മേളനത്തിൽ ഉയർന്നു.