പേരാവൂർ: കാട്ടുപന്നിശല്യത്തിൽ പൊറുതിമുട്ടി മലയോരകർഷകർ. നെല്ല്, മരച്ചീനി, ചേന, ചേമ്പ് തുടങ്ങിയ കാർഷിക വിളകൾ ഒന്നാക നശിപ്പിച്ചാണ് ഇവയുടെ വിളയാട്ട്. കൃഷിയിടത്തിനു ചുറ്റും വേലിയും മറ്റ് പ്രതിരോധ മാർഗ്ഗങ്ങളും ഒരുക്കിയാലും അതെല്ലാം മറികടന്നാണ് ഇവ കൂട്ടമായി കൃഷിയിടത്തിലെത്തി വിളകൾ നശിപ്പിക്കുകയാണ്.
പേരാവൂർ തെറ്റുവഴിയിലെ കിഴക്കേയിൽ നാരായണൻ വീടിന് സമീപം കൃഷി ചെയ്ത വാഴ, മരച്ചീനി, കാച്ചിൽ,ചേമ്പ്, മഞ്ഞൾ, വിവിധ പച്ചക്കറികൾ എന്നിവ കാട്ടുപന്നികൾ വ്യാപകമായി നശിപ്പിച്ചു.കൃഷിയിടത്തിന് ചുറ്റും വേലി കെട്ടിയ ശേഷമായിരുന്നു നാരായണൻ കൃഷി ചെയ്തത്. ജലസേചന സൗകര്യമില്ലാത്തതിനാൽ പൈപ്പിൽ വെള്ളമെത്തിച്ചായിരുന്നു കൃഷി. കാട്ടുപന്നിക്ക് പുറമേ കുരങ്ങ് ശല്യവും രൂക്ഷമാണ്.
വെടിവച്ചുകൊല്ലൽ കാര്യക്ഷമമല്ല
കൃഷിയിടത്തിലെത്തി കൃഷി നശിപ്പിക്കുന്ന കാട്ടുുപന്നികളെ വനം വകുപ്പ് ഉദ്യേഗസ്ഥരുടെ സാന്നിദ്ധ്യത്തിൽ വെടിവെച്ചു കൊല്ലാൻ അനുമതിയുണ്ടെങ്കിലും അത് കാര്യക്ഷമമല്ലന്നാണ് കർഷകർ പറയുന്നത്. കാട്ടുപന്നി ശല്യം തടയാൻ ബന്ധപ്പെട്ട അധികൃതർ നടപടി സ്വീകരിക്കുണമെന്നാണ് കർഷകർ ആവശ്യപ്പെടുന്നത്.പടം :തെറ്റുവഴിയിലെ നാരായണൻ്റെ കൃഷിയിടത്തിൽ എത്തിയ കാട്ടുപന്നികൾ വ്യാപകമായി നശിപ്പിച്ച വാഴകൾ