youth-con

കണ്ണൂർ: എ ഗ്രൂപ്പ് ജില്ലയിലെ യൂത്ത് കോൺഗ്രസ് സംഘടനാ സംവിധാനം കൈയ്യടക്കുന്നുവെന്ന് ആരോപിച്ച് സുധാകരൻ അനുകൂലികളായ യൂത്ത് കോൺഗ്രസ് ഭാരവാഹികൾ രാജിയിലേക്ക്. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വിജിൽ മോഹനന്റെ ഏകപക്ഷീയമായ നിലപാടിനെതിരെയാണ് ഇവരുടെ പ്രതിഷേധം.

വലിയൊരു വിഭാഗം ജില്ലാ ഭാരവാഹികളും ബ്ലോക്ക് പ്രസിഡന്റുമാരും മണ്ഡലം പ്രസിഡന്റുമാരും ദേശീയ അദ്ധ്യക്ഷന് പരാതി നൽകിയിരിക്കുകയാണിപ്പോൾ. അടിത്തട്ടിൽ വേരുകളുള്ള ജില്ലയിലെ യൂത്ത് കോൺഗ്രസ് പ്രസ്ഥാനത്തെ കുറച്ചു മാസമായി ജില്ലാ പ്രസിഡന്റ് സ്വന്തക്കാരെ കീഴ്കമ്മറ്റികളിൽ തിരുകി കയറ്റി നിഷ്‌ക്രിയമാക്കുന്നുവെന്നാണ് പരാതിയുടെ കാതൽ. സംസ്ഥാന പ്രസിഡന്റ് ഇതിന് കൂട്ടു നിൽക്കുന്നുവെന്നും ഇവർ ആരോപിക്കുന്നു. ഈ അവഗണന സഹിച്ച് മുന്നോട്ടു പോകാനാകില്ലെന്നും പറയുന്നു. പാർട്ടി പ്രവർത്തനങ്ങളിൽ നിന്ന് വിട്ടു നിൽക്കുമെന്നും പരാതിയിൽ പറയുന്നു. ജില്ലാ പ്രസിഡന്റ് ഒരു രഷ്ട്രീയ ഇടപെടലും നടത്തുന്നില്ലെന്നും മറ്റ് നേതാക്കളാണ് സുപ്രധാന വിഷയത്തിൽ ഇടപെടുന്നതെന്നും പരാതി പറയുന്നു.

ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിക്കെതിരേ ആദ്യം പരാതിയുമായി വന്നതു പോലും വൈസ് പ്രസിഡന്റ് ഫർസീൻ മജീദാണ്. കെ.പി.സി.സി. പ്രസിഡന്റിന്റെ തട്ടകത്തിൽ കെ. സുധാകരനൊപ്പം നിൽക്കുന്ന യൂത്ത് കോൺഗ്രസ് നേതാക്കളെ അവഗണിച്ച് മുന്നോട്ടു പോകാനാകില്ലെന്നാണ് പ്രതിഷേധക്കാരുടെ വാദം. 11 ജില്ലാ ഭാരവാഹികൾ, ഒരു സംസ്ഥാന ഭാരവാഹി, എട്ട് ബ്ലോക്ക് പ്രസിഡന്റുമാർ, 42 മണ്ഡലം പ്രസിഡന്റുമാർ എന്നിവരാണ് ദേശീയ അദ്ധ്യക്ഷന് പരാതി നൽകിയിരിക്കുന്നത്.

സംഘടനാ തിരഞ്ഞെടുപ്പിന് പിന്നാലെ

യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിൽ വ്യാജ തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ് നിർമിച്ചെന്ന വിവാദവുമായി ബന്ധപ്പെട്ട് നേരത്തേ പടലപ്പിണക്കം രൂക്ഷമായിരുന്നു. മത്സരിച്ച് പരാജയപ്പെട്ട സുധാകരപക്ഷ സ്ഥാനാർത്ഥി ഫർസീൻ മജീദ് കടുത്ത ആരോപണവുമായി രംഗത്തുവന്നിരുന്നു. തിരഞ്ഞെടുപ്പ് പ്രക്രിയയിൽ കൃത്രിമം നടന്നുവെന്നായിരുന്നു ഫർസീൻ ആരോപിച്ചിരുന്നത്.കെ.സുധാകരന്റെ തട്ടകത്തിൽ യൂത്ത് കോൺഗ്രസ് പ്രസിഡന്റ് സ്ഥാനം എ ഗ്രൂപ്പ് പിടിച്ചെടുത്തത് വലിയ ചർച്ചയായിരുന്നു. സുധാകരപക്ഷത്തിന്റെ സ്ഥാനാർഥിയായിരുന്ന ഫർസിൻ മജീദ് 657 വോട്ടിനാണ് തോറ്റത്.