കാഞ്ഞങ്ങാട്: പുതിയ പ്ലസ് ടു താൽക്കാലിക ബാച്ചുകൾ ആരംഭിക്കുന്നത് രക്ഷിതാക്കളിൽ ആശങ്ക പരത്തുന്നു. സ്‌കൂളുകളിൽ മതിയായ അടിസ്ഥാന സാഹചര്യങ്ങൾ ഒരുക്കാതെയാണ് അധിക ബാച്ചുകൾ അനുവദിച്ചിട്ടുള്ളത്. നഗരസഭയുടെ കീഴിലുള്ള ഹൊസദുർഗ് ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ സ്ഥലപരിമിതി വലിയ പ്രശ്നമാണെന്ന് പി.ടി.എ പ്രസിഡന്റ് വി.വി.രഞ്ജി രാജ് പറയുന്നു.
സ്‌കൂളിൽ ആവശ്യമായ ക്ലാസ് മുറികൾ കെട്ടാനും ടോയ് ലറ്റുകൾ നിർമ്മിക്കാനും കഴിയുന്നില്ല. വിദ്യാർത്ഥികൾ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ടോയ് ലറ്റ് തൊട്ടടുത്ത റവന്യൂ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന മരങ്ങൾ വീണു തകർന്നിരിക്കുകയാണ്. ആയിരത്തിനു മുകളിൽ കുട്ടികൾ പഠിക്കുന്ന വിദ്യാലയത്തിൽ ഒന്ന് നിവർന്നു നിൽക്കാൻ പോലും സ്ഥലമില്ലാത്തതിന്റെ കഷ്ടത അനുഭവിക്കുന്നത് അദ്ധ്യാപകരും വിദ്യാർത്ഥികളും പി.ടി.എയുമാണ്.
സ്‌കൂൾ ഗ്രൗണ്ട് ആണെങ്കിൽ ഏകദേശം അര കിലോമീറ്റർ അകലെ കോടതിയുടെ സമീപത്താണ്. സ്‌കൂളിലേക്കുള്ള പ്രവേശന കവാടത്തിൽ പോലും തലങ്ങും വിലങ്ങും വാഹനങ്ങൾ നിർത്തിയിട്ട് നടന്നുപോകാൻ പറ്റാത്ത സ്ഥിതിയാണുള്ളത്. അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ സ്ഥല പരിമിതി മൂലം കഷ്ടത അനുഭവിക്കുന്ന ഈ സ്‌കൂളിനകത്ത് പുതിയ പ്ലസ് വൺ ബാച്ച് വരുന്നതോടുകൂടി ഒരു വലിയ വീർപ്പുമുട്ടൽ അവസ്ഥയിലേക്കാണ് പോകുന്നത്.
കാഞ്ഞങ്ങാട് നഗരസഭയുടെ പരിധിക്കുള്ളിൽ അടിസ്ഥാന സൗകര്യങ്ങളോടുകൂടിയ മറ്റ് സ്‌കൂളുകൾ ഉണ്ടെന്നിരിക്കെ പ്ലസ് വൺ ബാച്ചുകൾ അവിടെയൊന്നും അനുവദിക്കാതെ നഗരമദ്ധ്യത്തിൽ വീർപ്പുമുട്ടുന്ന ഹൊസ്ദുർഗ് സ്‌കൂളിന്റെ അടിസ്ഥാന സൗകര്യങ്ങളും സ്ഥലപരിമിതികൾ പോലും പരിശോധിക്കാതെ പുതിയ ബാച്ചുകൾ അടിച്ചേൽപ്പിക്കുന്നത് നിലവിലുള്ള വിദ്യാഭ്യാസ ഗുണ നിലവാരത്തെ തകർക്കാൻ മാത്രമേ സഹായിക്കുകയുള്ളൂ എന്നും, വിദ്യാർത്ഥികൾക്കുള്ള പഠന സൗകര്യങ്ങൾ നിലനിർത്തിക്കൊണ്ട് പുതിയ ബാച്ചുകൾ നഷ്ടപ്പെടാതെ അടിസ്ഥാന സൗകര്യമുള്ള മറ്റു സ്‌കൂളിലേക്ക് മാറ്റണമെന്നും പി.ടി.എ ആവശ്യപ്പെടുന്നു.