നീലേശ്വരം: ജില്ലയിലെ ഏക ഭക്ഷ്യധാന്യ സംഭരണ കേന്ദ്രമായ നീലേശ്വരം എഫ്.സി.ഐ ഗോഡൗണിന്റെ മേൽക്കൂര പൊളിച്ചുനീക്കി. മഴ സമയത്ത് പകരം പുതിയ മേൽക്കൂര സ്ഥാപിക്കാത്തതിനാൽ മഴവെള്ളം അകത്ത് ഒഴുകുന്ന നിലയിലാണ്. ജില്ലയിലെ മുഴുവൻ റേഷൻ കടകളിലേക്കും ഭക്ഷ്യധാന്യങ്ങൾ എത്തിക്കുന്നത് നീലേശ്വരം റെയിൽവേ സ്റ്റേഷന് കിഴക്ക് ഭാഗത്തുള്ള ഈ ഗോഡൗണിൽ നിന്നാണ്.

എഫ്.സി.ഐ ഗോഡൗണിന്റെ മേൽക്കൂര പുതുക്കാനായി പൊളിച്ചു മാറ്റിയിട്ട് രണ്ടാഴ്ച കഴിഞ്ഞു. ഇവിടെയുള്ള രണ്ട് ഗോഡൗണുകളിൽ ഒന്നിന്റെ മേൽക്കൂരയാണ് പൊളിച്ചു മാറ്റിയത്. ഗോഡൗണിന്റെ ചുമരും തറയും മഴ നനഞ്ഞ നിലയിലാണ്. ഇതിൽ നിലവിൽ ധാന്യ ചാക്കുകൾ സംഭരിച്ചിട്ടില്ലെങ്കിലും അര നൂറ്റാണ്ടിലേറെ പഴക്കമുള്ള ഗോഡൗണിന്റെ ഉൾഭാഗം തുടർച്ചയായി മഴ നനയുന്നത് ബലക്ഷയം ഉണ്ടാകാനും ഉൾഭാഗം തണുത്തു വിറങ്ങലിച്ച് ഭാവിയിൽ കീടബാധയ്ക്കും മറ്റും ഇടയാക്കിയേക്കുമെന്നാണ് ആശങ്ക.

എഫ്.സി.ഐ ഗോഡൗണുകളുടെ മേൽക്കൂരയ്ക്കുൾപ്പെടെ ഏകീകൃത രീതിയിലുള്ള രൂപഭാവങ്ങളും കളർ കോഡും ഏർപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നീലേശ്വരത്തെ ഗോഡൗണിന്റെ മേൽകൂര പൊളിച്ചു നീക്കിയത്. നീലനിറത്തിലുള്ള മെറ്റൽ ഷീറ്റാണ് ഇനി സ്ഥാപിക്കുന്നത്. ചുമരുകൾക്കും മറ്റും കാവി, പച്ച കളർ കോഡായിരിക്കും. എന്നാൽ കേരളത്തിലെ മൺസൂൺ കാലം കണക്കാക്കാതെ ടെൻഡർ ചെയ്ത് പണി തുടങ്ങിയതാണ് നീലേശ്വരത്ത് വിനയായത്. പൊളിച്ച ഭാഗത്തെ മേൽക്കൂര എത്രയും പെട്ടെന്ന് ബന്ധപ്പെട്ടവർ പുനസ്ഥാപിക്കണമെന്നാണ് ഇവിടത്തെ കയറ്റ് -ഇറക്കുമതി തൊഴിലാളികൾ ആവശ്യപെടുന്നത്.

വേനൽക്കാലത്ത്

ആകാമായിരുന്നു

വേനൽക്കാലത്ത് സീറോ സ്റ്റോക്ക് ആക്കുന്ന സമയത്തായിരുന്നെങ്കിൽ ഗോഡൗണിന് അകവും ചുമരുകളും മഴ നനയുന്ന സ്ഥിതി ഉണ്ടാകുമായിരുന്നില്ല. നീലേശ്വരത്തെ രണ്ട് ഗോഡൗണുകളിൽ ഒന്നാണ് ജോലിക്കായി കൈമാറിയത്. നടപടികൾ നടന്ന് ഒരു മാസത്തോളമായിട്ടും മേൽക്കൂരയിലെ ഷീറ്റ് മാറ്റിയതു മാത്രമാണ് നടന്ന ജോലി. രണ്ടാമത്തെ ഗോഡൗണിൽ നിലവിൽ പുഴുങ്ങലരി മാത്രമാണ് സ്‌റ്റോക്ക് ചെയ്തിട്ടുള്ളത്.