കണിച്ചാർ: ആറ്റാഞ്ചേരി ക്ഷീരോത്പാദക സഹകരണ സംഘത്തിലെ ക്ഷീര കർഷകയായ ബിന്ദു എള്ളുകാരന് മിൽമ മലബാർ മേഖല സഹകരണ ക്ഷീരോത്പാദക യൂണിയന്റെ ക്ഷീര സദനം പദ്ധതിയിൽ ഉൾപ്പെടുത്തി 5 ലക്ഷം രൂപ ധനസഹായത്തോടുകൂടി നിർമ്മിച്ച ഭവനത്തിന്റെ താക്കോൽദാന കർമ്മം മിൽമ ചെയർമാൻ കെ.എസ്. മണി നിർവഹിച്ചു. കണിച്ചാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ചു. മലബാർ മിൽമ മാനേജിംഗ് ഡയറക്ടർ കെ.സി. ജെയിംസ് പദ്ധതി വിശദീകരിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ജോജൻ എടത്താഴെ, സുലേഖ സജി, ആറ്റാംചേരി ക്ഷീരോത്പാദക സഹകരണ സംഘം പ്രസിഡന്റ് പ്രമോദ് കുന്നത്ത്, മിൽമ കണ്ണൂർ യൂണിറ്റ് ഹെഡ് എം. നാരായണൻ കുട്ടി സംസാരിച്ചു. മലബാർ മിൽമ ക്ഷീര സദനം പദ്ധതിയിൽ ഉൾപ്പെടുത്തി കണ്ണൂർ ജില്ലയിൽ നിർമ്മിച്ച നാലാമത്തെ വീടാണിത്. മിൽമ മലബാർ മേഖലയിലെ 6 ജില്ലകളിലായി 24 വീടുകൾ ഇതിനോടകം പണി പൂർത്തീകരിച്ചു കഴിഞ്ഞു.