rain
കനത്ത മഴ

കണ്ണൂർ/കാസർകോട്: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഇന്ന് കണ്ണൂർ, കാസർകോട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ജില്ലാ കളക്ടർമാർ വിദ്യാലയങ്ങൾക്ക് അവധിയും പ്രഖ്യാപിച്ചു. അതിശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുള്ളതിനാൽ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. വിവിധ വകുപ്പുകളും പൊതു ജനങ്ങളും മുൻകരുതൽ സ്വീകരിക്കണം

ഒറ്റപ്പെട്ട അതിശക്തമായ മഴ (24 മണിക്കൂറിൽ 115.6 മില്ലി മീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ) തുടരുന്ന സാഹചര്യം മണ്ണിടിച്ചിൽ, നഗരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് എന്നിവ സൃഷ്ടിക്കാൻ സാധ്യതയുണ്ട്. മലയോര മേഖലയിലും വനത്തിലും മഴ ശക്തമാകുന്നത് മലവെള്ളപ്പാച്ചിൽ, ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാദ്ധ്യതകൾ വർദ്ധിപ്പിക്കും. റവന്യു, താലൂക്ക് ജില്ലാ കേന്ദ്രങ്ങളിലും പൊലീസ്, കെ.എസ്.ഇ.ബി, ഫിഷറീസ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ കൺട്രോൾ റൂമുകൾ 24 മണിക്കൂറും പ്രവർത്തിക്കുന്നതാണ്. അടിയന്തരമായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗം വിളിച്ചു ചേർത്ത് സാഹചര്യങ്ങൾ വിലയിരുത്തി.

ദേശീയപാതയിൽ അതീവജാഗ്രത

ദേശീയ പാത, സംസ്ഥാന പാത, മറ്റ് റോഡ് നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന സ്ഥലങ്ങളിൽ വെള്ളക്കെട്ടുകൾ ഒഴിവാക്കാൻ ആവശ്യമായ നടപടി സ്വീകരിക്കാൻ ബന്ധപ്പെട്ട വകുപ്പുകൾക്കും നിർമ്മാണ കരാർ കമ്പനികളുടെ പ്രതിനിധികൾക്കും നിർദ്ദേശം നൽകി. പ്രവൃത്തി നടന്നു കൊണ്ടിരിക്കുന്ന സ്ഥലങ്ങളിൽ അപകട മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കണം. 24 മണിക്കൂറും ജാഗ്രത പാലിക്കാൻ പ്രത്യേക സംഘത്തെ നിയോഗിക്കണം. ചെർക്കള മുതൽ ചട്ടഞ്ചാൽ വരെ മണ്ണിടിച്ചിൽ സാദ്ധ്യതയുള്ളതിനാൽ നൈറ്റ് പട്രോളിംഗ് ഉൾപ്പെടെയുണ്ടാകണം ആവശ്യമായി വന്നാൽ പൊലീസ്, വാഹനങ്ങൾ വഴി തിരിച്ചുവിടാൻ നടപടി സ്വീകരിക്കണം. സിവിൽ ഡിഫൻസ്, ആപ്ദമിത്ര, സന്നദ്ധ സേന വൊളണ്ടിയർ മാരുടെ സേവനം ആവശ്യാനുസരണം ഉപയോഗിക്കും. നദികളിലെ ജലനിരപ്പ് ഉയരുന്നത് സംബന്ധിച്ച് പ്രത്യേകം നിരീക്ഷിക്കും.

വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ

സന്ദർശകർക്ക് വിലക്ക്

റാണിപുരം, കോട്ടഞ്ചേരി ഉൾപ്പടെയുള്ള ഹിൽ ടൂറിസം കേന്ദ്രങ്ങളിലും മലയോരത്ത് വെള്ളച്ചാട്ടങ്ങളുള്ള മേഖലകളിലും പള്ളിക്കര ബേക്കൽ, ചെമ്പരിക്ക, ഹൊസ്ദുർഗ് കൈറ്റ് ബീച്ച് ഉൾപ്പെടെ എല്ലാ ബീച്ചുകളിലും ഇന്നു നാളെയും സന്ദർശകർക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഇത് കർശനമായി പാലിക്കുന്നുവെന്ന് പൊലീസ്, ഡി.ടി.പി.സി തദ്ദേശ ഭരണ സ്ഥാപനങ്ങൾ ഉറപ്പുവരുത്തും.

മാഹിയിലും അവധി

മഴ, ശക്തമായ കാറ്റ് എന്നിവ തുടരുന്ന സാഹചര്യത്തിൽ മാഹിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധിയായിരിക്കുമെന്ന് വിദ്യാഭ്യാസ മേലദ്ധ്യക്ഷ തനൂജ അറിയിച്ചു.