ആലക്കോട്: മലയോര മേഖലയിൽ രണ്ട് ദിവസമായി തുടരുന്ന ശക്തമായ കാറ്റിലും മഴയിലും വ്യാപകമായ നാശനഷ്ടം. മരങ്ങൾ ഒടിഞ്ഞു വീണ് വൈദ്യുതി ലൈനുകൾ വ്യാപകമായി തകർന്നു. ഉദയഗിരി പഞ്ചായത്തിലെ പുല്ലരിയിൽ കൂറ്റൻ തേക്ക് മരം ചുഴലിക്കാറ്റിൽ ഒടിഞ്ഞു വീണ് വീട് നിശ്ശേഷം തകർന്നു. കുടുംബാംഗങ്ങൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. രണ്ട് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഉദയഗിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.ചന്ദ്രശേഖരൻ, ക്ഷേമകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷ ഷീജ വിനോദ് എന്നിവർ സ്ഥലം സന്ദർശിച്ചു.
മഴ കനത്തതോടെ മലയോരത്ത് ഉരുൾപൊട്ടൽ ഭീഷണിയും വർദ്ധിച്ചു. ആലക്കോട്, ഉദയഗിരി പഞ്ചായത്തുകളിൽപ്പെട്ട മാമ്പൊയിൽ, അളുമ്പ്, ഫർല്ലോങ്കര, വൈതൽകുണ്ട്, ഒറ്റത്തൈ തുടങ്ങിയ പ്രദേശങ്ങളിലാണ് ഉരുൾപൊട്ടൽ ഭീഷണിയുള്ളത്.