wild

കലാങ്കിയിൽ വാച്ച് ടവറും പരിഗണിക്കും: കർണ്ണാടക വനം മന്ത്രി


കണ്ണൂർ: കർണ്ണാടക വനമേഖലയിൽ നിന്നുള്ള വന്യജീവി ആക്രമണം പരിശോധിക്കാൻ ഉന്നതസംഘത്തെ നിയോഗിക്കുമെന്ന് കർണ്ണാടക വനം വകുപ്പ് മന്ത്രി ഈശ്വർ ബി ഖണ്ഡ്രെ അറിയിച്ചു. വന്യജീവി ആക്രമണത്തിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സജീവ് ജോസഫ് എം.എൽ.എ ബംഗളുരിലെ വിധാൻസഭയിൽ മന്ത്രിയെ നേരിൽ കണ്ട് നിവേദനം നൽകിയതിനെ തുടന്നാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
കർണാടകത്തിലെ വിരാജ്‌പേട്ട ഫോറസ്റ്റ് ഡിവിഷനിൽ ഉൾപ്പെട്ട വനമേഖലയിൽ നിന്ന് നിരവധി വന്യമൃഗങ്ങളും കാട്ടാനകളുമാണ് ഇരിക്കൂർ മണ്ഡലത്തിൽ ഇറങ്ങി നാശനഷ്ടങ്ങൾ ഉണ്ടാക്കുന്നതെന്നും ജനങ്ങളുടെ കൃഷിയും മനുഷ്യ ജീവനും നഷ്ടപ്പെടാൻ ഇടയാക്കിയിട്ടുണ്ടെന്നും എം.എൽ.എ മന്ത്രിയെ ധരിപ്പിച്ചു.
വിരാജ്‌പേട്ട ഡിവിഷനിൽ ഉൾപ്പെട്ട വനാതിർത്തിയിൽ വന്യമൃഗങ്ങളെ പ്രതിരോധിക്കാനായി ട്രഞ്ചിംഗ്, ഫെൻസിംഗ് ഉൾപ്പെടെയുള്ള പ്രതിരോധ മാർഗങ്ങൾ സ്വീകരിച്ച് വന്യമൃഗങ്ങൾ വരുന്നത് തടയാൻ നടപടി ഉണ്ടാകണമെന്ന് എം.എൽ.എ ആവശ്യപ്പെട്ടു. കൂടാതെ വന്യജീവികൾ ജനവാസ മേഖലകളിലേക്കിറങ്ങുന്ന സ്ഥലങ്ങളിൽ കർണ്ണാടക വനപാലക സംഘത്തെ വിന്യസിക്കണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു.
വിരാജ്‌പേട്ട ഫോറസ്റ്റ് ഡിവിഷനുമായി അതിർത്തി പങ്കിടുന്ന ഉളിക്കൽ പഞ്ചായത്തിലെ ടൂറിസം കേന്ദ്രമായ കാലാങ്കിയിലെ മനോഹരമായ വ്യൂ പോയിന്റിൽ ഒരു വാച്ച് ടവർ സ്ഥാപിക്കണമെന്നും മന്ത്രിയോട് ആവശ്യപ്പെട്ടു. ഇക്കാര്യം അനുഭാവ പൂർവ്വം പരിശോധിക്കുമെന്ന് മന്ത്രി അറിയിച്ചു. കർണ്ണാടക വനം വകുപ്പ് പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ബ്രിജേഷ് കുമാർ ദീക്ഷിത്, പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് സുഭാഷ് കെ. മൽഖഡെ എന്നിവരും സന്നിഹിതരായിരുന്നു.