മാഹി: മാഹിയിൽ സർക്കാർ വിദ്യാലയങ്ങളിലും സ്വകാര്യ വിദ്യാലയങ്ങളിലും രണ്ട് തരം പാഠ്യപദ്ധതിയും സമയക്രമവുമായി.
പുതുച്ചേരി സംസ്ഥാനത്ത് കേന്ദ്രീകൃത സമയപട്ടിക വരുന്നതിന്റെ ഭാഗമായാണ് മാഹിയിലും സർക്കാർ സ്‌കൂൾ സമയത്തിൽ മാറ്റം വരുന്നത്. രാവിലെ 9മണി മുതൽ വൈകിട്ട് 4.20 വരെയാണ് സ്‌കൂൾ പ്രവൃത്തി സമയം. ഇപ്പോൾ രാവിലെ 9.30 മുതൽ വൈകിട്ട് 4 മണി വരെയാണ് പ്രവൃത്തി സമയം.
പുതിയ സമയ പട്ടിക പ്രകാരം എട്ടു പീരിയഡുകളാണ് ഒരു ദിവസം ഉണ്ടാവുക. നിലവിൽ ഏഴ് പീരിയഡ് ആണ് ഉള്ളത്. രാവിലെ 9 മണി മുതൽ 9.15 വരെ അസംബ്ലി സമയമാണ്. 9.15ന് ആരംഭിക്കുന്ന ആദ്യ പിരീഡ് 10മണിവരെയും അടുത്ത പിരീഡ് 10 മണി മുതൽ 10.45 വരെയും ആണ്. തുടർന്ന് 10 മിനിറ്റ് ഇന്റർവെൽ. അതിനുശേഷം 10.55 മുതൽ 11.40 വരെ മൂന്നാമത്തെ പീരീഡും 11.40 മുതൽ 12.25 വരെ നാലാമത്തെ പീരീഡും. ഉച്ചയ്ക്ക് 12.25 മുതൽ 01.30 വരെ ഉച്ചഭക്ഷണത്തിനുള്ള സമയം. ഉച്ചഭക്ഷണത്തിനുശേഷം 01.30 മുതൽ 02.10 വരെ അഞ്ചാമത്തെ പിരീഡും 2.10 മുതൽ 2.50 വരെ ആറാമത്തെ പിരീഡും. ഉച്ചയ്ക്കു ശേഷവും ഒരു ഇന്റർവെൽ ഉണ്ട്. 02.50 മുതൽ 3 മണി വരെയാണ് ഉച്ചയ്ക്കത്തെ ഇന്റർവെൽ. മുൻപ് ഉച്ചയ്ക്ക് ഇന്റർവെൽ ഉണ്ടായിരുന്നില്ല. മൂന്നു മണി മുതൽ 3.40 വരെ ഏഴാം പിരീഡും 3.40 മുതൽ 4.20 വരെ എട്ടാംപിരിഡുമാണ് ഉള്ളത്.
ഇങ്ങനെ സമയക്രമം മാറ്റിയത് മദ്രസ്സ പഠനത്തേയും വെള്ളിയാഴ്ചകളിലെ പള്ളിയിൽ പോകുന്ന കുട്ടികളേയും ബാധിക്കും. വെള്ളിയാഴ്ചയും ഉച്ചയ്ക്ക് 12.25 മുതൽ 1.30 വരെയാണ് ഉച്ചഭക്ഷണ സമയം. മുമ്പ് വെള്ളിയാഴ്ചകൾ 12:30 മുതൽ 2 മണി വരെയായിരുന്നു ഇത്.
സർക്കാർ സ്‌കൂളുകൾ 9 മണി മുതൽ 4.20 വരെ പ്രവർത്തിക്കുമ്പോൾ മാഹിയിലെ സ്വകാര്യ സ്‌കൂളുകളാവട്ടെ 9.30 മുതൽ 4വരെയാണ്. ഇങ്ങനെയാണെങ്കിൽ സ്വകാര്യ വിദ്യാലയത്തിന്റെ റിക്രൂട്ടിംഗ് ഏജൻസികളായി സർക്കാർ വിദ്യാലയങ്ങൾ മാറുന്ന അവസ്ഥയാണ് ഉണ്ടാവുകയെന്നും ആക്ഷേപമുയർന്നു.

പ്രൈമറി തലം മുതൽ ഈ ഭാരം

സി.ബി.എസ്.ഇ പ്രകാരമാണ് ഇങ്ങനെ സമയം മാറ്റുന്നതെങ്കിൽ ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിഭാഗത്തിന് മാത്രമാണ് ഇങ്ങനെ സമയക്രമം വരേണ്ടത്. എന്നാൽ പ്രൈമറി തലം മുതൽ ആണ് ഈ നിയമം നടപ്പിലാക്കുന്നത് എന്നത് തന്നെ വൈരുദ്ധ്യമാണ്. കുട്ടികൾക്ക് പ്രഭാത ഭക്ഷണമായി മുമ്പ് പാലും ബിസ്‌ക്കറ്റും ഉണ്ടായിരുന്നങ്കിൽ ഇപ്പോൾ വെറും പാൽ മാത്രമാണ്. ഒൻപത് മണിക്ക് സ്‌കൂളിൽ എത്തേണ്ട വിദ്യാർത്ഥികൾ രാവിലെ എട്ട് മണിക്കെങ്കിലും വീട്ടിൽ നിന്നും ഇറങ്ങേണ്ടതായി വരും. വൈകിട്ട് സ്‌കൂൾ വിട്ട് വിദ്യാർത്ഥികൾ വീട്ടിൽ എത്തുമ്പോൾ അഞ്ചര ആറ് മണിയാവും. കുട്ടികൾക്ക് കളിക്കാനും, ഉറങ്ങാനുമുള്ള സമയമാണ് ഇതുമൂലം ഇല്ലാതാവുന്നത്.

എട്ട് പിരീഡ് നടപ്പിലാക്കാൻ വേണ്ടത്ര അദ്ധ്യാപകർ പല സ്‌കൂളുകളിലും ഇല്ല

യു.പി.വിഭാഗത്തിൽ ഹിന്ദി പഠിക്കുന്നുവെങ്കിലും പരീക്ഷ ടൈംടേബിളിൽ കാണാനില്ല

യു.പിക്ക് ഭാഷ എന്ന ഒറ്റ ടൈംടേബിൾ. മലയാളം, അറബി, സംസ്‌കൃതം എന്നീ വിഷയങ്ങൾ ആണ് ഭാഷ