take-a
ടേക് എ ബ്രേക്ക്

നിർമ്മിക്കാനുദ്ദേശിച്ചത് 1842

ഉദ്ഘാടനം കഴിഞ്ഞത് 805


കണ്ണൂർ: വഴിയാത്രക്കാർക്ക് ഉന്നതനിലവാരത്തിൽ പൊതുശുചിമുറി സമുച്ചയങ്ങളും വിശ്രമ കേന്ദ്രവും ഒരുക്കാനായി തുടക്കമിട്ട ടേക് എ ബ്രേക്ക് (വഴിയിടം) പദ്ധതി നിശ്ചലം.

കണ്ണൂരിൽ 97 കേന്ദ്രങ്ങളുടെ നിർമ്മാണം പൂർത്തിയായതിൽ 80 എണ്ണം പ്രവർത്തിച്ചു തുടങ്ങിയെങ്കിലും പലതും കരാറുകാർക്ക് ലാഭകരമല്ലാത്തതിനാൽ അടച്ചിട്ട നിലയിലാണ്. വൻ നഷ്ടമാണ് നേരിട്ടതെന്ന് കരാറെടുത്തവർ പറയുന്നു.
കാസർകോട് 62 ഇടങ്ങളിൽ തുടങ്ങാൻ ലക്ഷ്യമിട്ടതിൽ 23 എണ്ണത്തിന്റെ ഉദ്ഘാടനമാണ് കഴിഞ്ഞത്. എന്നാൽ, ഇവയും പ്രവർത്തനസജ്ജമായിട്ടില്ല. ഉദ്ഘാടനത്തിനു ശേഷം ഒരുദിവസം പോലും പ്രവർത്തിക്കാത്ത കേന്ദ്രങ്ങളാണ് മിക്കതും. നിർമ്മാണം പൂർത്തിയായ കേന്ദ്രങ്ങളിൽ വൈദ്യുതി, വാട്ടർ കണക്ഷൻ കിട്ടാത്ത പ്രശ്നവും നിലവിലുണ്ട്.

ദേശീയ, സംസ്ഥാന പാതയോരങ്ങൾ, ബസ് സ്റ്റേഷനുകൾ, ഷോപ്പിംഗ് കോംപ്ലക്സുകൾ തുടങ്ങി ജനങ്ങൾ ഒരുമിച്ചെത്തുന്ന പ്രദേശങ്ങളിലാണ് പദ്ധതി നടപ്പാക്കിയത്. സംസ്ഥാനത്ത് ഗ്രാമപഞ്ചായത്ത്, കോർപറേഷൻ, നഗരസഭ എന്നിവിടങ്ങളിലായി 1842 ശുചിമുറികൾ നിർമ്മിക്കാനാണ് ലക്ഷ്യം വെച്ചതെങ്കിലും നിലവിൽ 805 എണ്ണത്തിന്റെ ഉദ്ഘാടനം മാത്രമാണ് കഴിഞ്ഞത്. കണ്ണൂരിൽ ഉദ്ഘാടനം കഴിഞ്ഞവയിൽ 11 എണ്ണത്തിന്റെ നടത്തിപ്പ് കുടുംബശ്രീക്കാണ്. തദ്ദേശ സ്ഥാപനങ്ങൾ 50 എണ്ണവും സ്വകാര്യ ഏജൻസികൾ 17 എണ്ണവും മറ്റു വകുപ്പുകൾ ആറെണ്ണവും നടത്തുന്നു. കാസർകോട് രണ്ടെണ്ണം കുടുംബശ്രീയും 15 എണ്ണം തദ്ദേശ സ്ഥാപനങ്ങളും ആറെണ്ണം മറ്റ് വകുപ്പുകളുമാണ് നടത്തുന്നത്.

കണ്ണൂരിൽ 115 പേർക്കും കാസർകോട് 12 പേർക്കുമാണ് തൊഴിൽ ലഭിച്ചത്. ശരാശരി ദിവസ വരുമാനം 200 രൂപയാണ്.

ടേക് എ ബ്രേക്ക് പദ്ധതി

2020-21 വാർഷിക പദ്ധതിയിൽ പ്രഖ്യാപിച്ച പദ്ധതിയാണിത്. ഓരോ ഗ്രാമപഞ്ചായത്തിലും ഉയർന്ന നിലവാരമുള്ള രണ്ടു പൊതുശുചിമുറി സമുച്ചയങ്ങളും ഓരോ മുൻസിപ്പാലിറ്റിയിലും ഉയർന്ന നിലവാരമുള്ള അഞ്ച് പൊതുശുചിമുറി സമുച്ചയങ്ങളും നിർമ്മിക്കുക എന്നതാണ് പദ്ധതി. സ്ഥലമുള്ളയിടങ്ങളിൽ ശുചിമുറി സമുച്ചയങ്ങൾക്കൊപ്പം കോഫി ഷോപ്പ്/റിഫ്രഷ്‌മെന്റ് സെന്റർ കൂടി സ്ഥാപിച്ച് പ്രവർത്തിപ്പിക്കും. തദ്ദേശസ്ഥാപനത്തിന്റെ ഭൂമി കൂടാതെ മറ്റ് വകുപ്പുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവയുടെ ഭൂമിയും ഏറ്റെടുത്താണ് പദ്ധതി നടപ്പാക്കുക. ശുചിത്വമിഷനാണ് ഏകോപന ചുമതല.

പ്രവർത്തനം നിലച്ചതും സാങ്കേതിക കാരണങ്ങളാൽ ആരംഭിക്കാൻ കഴിയാത്തതുമായ സെന്ററുകൾ നിലവിലുണ്ട്. ഈ സാമ്പത്തിക വർഷത്തിൽ പദ്ധതികൾ റിവൈസ് ചെയ്ത് പ്രവർത്തികൾ ആരംഭിക്കും. ഇതിനായി കുടുംബശ്രീ, ശുചിത്വമിഷനുമായി യോജിച്ച് സർവേ നടത്തി നിലവിലെ സെന്ററുകളുടെ പ്രവർത്തനം നേരിട്ട് മനസിലാക്കി റിപ്പോർട്ട് തയാറാക്കും.

തദ്ദേശ വകുപ്പ് അധികൃതർ