kokkodama
കൊക്കേഡാമയുമായി കക്കാട്ട് ജിഎച്ച്എച്ച് എസിലെ വിദ്യാർത്ഥികൾ

മടിക്കൈ: ലോകത്തിന് ബോൺസായി ചെടികളെ സമ്മാനിച്ച ജപ്പാനിലെ മറ്റൊരു ജനകീയ സസ്യപരിപാലന കലയായ കൊക്കെഡാമ ഇനി ബങ്കളം കക്കാട്ട് ഹയർസെക്കൻഡറി സ്കൂളിന്റെ മുറ്റത്തും. പായൽ പന്ത് എന്ന് വിളിക്കപ്പെടുന്ന ചെടിവളർത്തൽ രീതി ഉദ്യാനങ്ങളിൽ ഇന്ന് പ്രിയപ്പെട്ട ഇനമാണ്.

മോസ് ബോൾ അഥവാ പായൽപന്ത് എന്നും ഇതിനെ വിളിക്കാറുണ്ട്. 'കൊക്കെ'എന്നാൽ പായൽ. ഡാമയ്ക്ക് ബാൾ എന്നും അർത്ഥം. പാത്രമില്ലാതെ ചെടികൾ കുറഞ്ഞ ചെലവിൽ വളർത്തിയെടുക്കുകയാണ് ചെയ്യുന്ന രീതിയാണിത്. ചെടികൾ തിരഞ്ഞെടുക്കുന്നതിൽ ശ്രദ്ധയും ക്ഷമയുമുണ്ടെങ്കിൽ മണ്ണിനൊപ്പം വീടിനോടുചേർന്ന ഭാഗത്തും ഹരിതാഭമാക്കാൻ കഴിയും.

വീടിന് പ്രകൃതിയുടെ ഒരു സ്പർശം നൽകുന്ന മികച്ചൊരു മാർഗ്ഗമാണ് കൊക്കെഡാമ. ചെടികൾ വളർത്താൻ എളുപ്പവും കുറഞ്ഞ പരിപാലനവും ആവശ്യമുള്ള ഒരു മാർഗ്ഗമാണിത്. ബോൺസായ് പോലെ ചെടികളുടെ വളർച്ച സാവധാനമാക്കി ഒതുക്കിയെടുക്കുകയാണ് കൊക്കെഡാമയിലും.

ഒരിക്കൽ വളർത്തിയെടുത്താൽ ചെടികൾ ദീർഘകാലം നിലനിൽക്കും. ദിവസങ്ങളോളം നനയ്ക്കാതെ സംരക്ഷിക്കാൻ പറ്റുമെന്നതും പ്രത്യേകതയാണ്. കക്കാട്ട് ഗവ. ഹയർസെക്കൻഡറി സ്കൂളിലെ കൊക്കെഡാമ നിർമ്മാണത്തിന് ബോട്ടണി അദ്ധ്യാപിക സി.വി സവിത നേതൃത്വം നൽകി. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ രൂപേഷ്,​ അദ്ധ്യാപകരായ മനീഷ, സൗമ്യ, സുചിന ലക്ഷ്മി തുടങ്ങിയവർ നേതൃത്വം നൽകി.

സങ്കീർണതയില്ലാതെ ഒരുക്കാം

ഇതിൽ ചെടികളെ പായൽ പൊതിഞ്ഞ മണ്ണിൽ ഉരുളയാക്കി വളർത്തുന്നു. സാധാരണയായി ചെടിയുടെ വേര് മണ്ണിൽ പൊതിഞ്ഞാണ്‌ കൊക്കഡാമ ഉണ്ടാക്കുന്നത്. പിന്നീട് ഇത് നൂല് കൊണ്ട് ചുറ്റിയെടുക്കുന്നു. ഇത് മേൽക്കൂരയിൽ നിന്ന് തൂക്കിയിടുകയോ, മേശപ്പുറത്ത് വയ്ക്കുകയോ, ഒരു ബൗളിൽ വയ്ക്കുകയോ ചെയ്യാം.

'മെല്ലെ വളരു"

ബോൺസായിയെ പോലെ വളർച്ച മെല്ലെയാക്കുന്നതാണ് കൊക്കെഡാമയിലും. വേരുകളോടുകൂടിയ അധികം ഉയരവും വണ്ണവും വയ്ക്കാത്ത ചെടികളാണ്. അലങ്കാരച്ചെടികളാണ് കൊക്കെഡാമയ്ക്ക് അനുയോജ്യം.

പരിചരണം ലളിതം

പാതി തണലുള്ളിടങ്ങളിലാണ് കൊക്കെഡാമകൾ തൂക്കിയിടേണ്ടത്. ആഴ്ചയിലൊരിക്കൽ കപ്പിലോ ചെറിയ ബക്കറ്റിലോ വെള്ളമെടുത്ത് പന്ത് മുങ്ങത്തക്കവിധം താഴ്ത്തിവയ്ക്കണം. കുമിളകൾ വന്നുകഴിഞ്ഞാൽ മാറ്റാം.