കാസർകോട്: അമ്പതോളം കുടുംബങ്ങൾ. മിക്ക വീടുകളിലും രോഗികളുണ്ട്. കുത്തനെ ഇറക്കവും ചെളിവെള്ളം കെട്ടിനിൽക്കുന്നതുമായ കുഴികളുമെല്ലാം കടന്നുവേണം ചെങ്കള ഗ്രാമ പഞ്ചായത്തിലെ നാലാം വാർഡിൽ അർത്തിപ്പള്ളക്ക് അടുത്ത കോമ്പ്രാജെയിലെത്താൻ. ഓട്ടോ പോലും കയറിവരാത്ത ഇവിടെ ദുരിതം ചവിട്ടിക്കയറിവേണം കുട്ടികൾക്ക് സ്കൂളിലെത്താൻ പോലും.
ചെമ്മൺപാത കോൺക്രീറ്റ് ചെയ്യാൻ കഴിഞ്ഞ അഞ്ച് വർഷമായി അധികാരികളുടെ മുന്നിൽ കാത്തുകെട്ടിക്കിടക്കുകയാണ് കൊമ്പ്രാജെക്കാർ. അർത്തിപള്ള സി.പി.എമ്മിന്റെ സ്തൂപത്തിന് അടുത്തുവരെ കോൺക്രീറ്റ് റോഡുണ്ട്. ഇവിടെ നിന്ന് കൊമ്പ്രാജെ വരെയുള്ള ഒരു കിലോമീറ്റർ കോൺക്രീറ്റ് ചെയ്താൽ ഇവരുടെ പ്രശ്നത്തിന് ഒരുപരിധി വരെ പരിഹാരമാകും. പക്ഷെ ദുരിതം കണ്ടില്ലെന്ന് നടിക്കുകയാണ് അധികൃതർ.
ക്യാൻസർ, വൃക്ക, കരൾ, ഹൃദ്രോഗങ്ങളും പ്രമേഹവും ആസ്ത് മയുമെല്ലാം ബാധിച്ച് നിരവധി പേരാണ് ഈ ഗ്രാമത്തിൽ നിന്ന് കാസർകോട്, മംഗളൂരു, ആശുപത്രികളിലും കണ്ണൂർ മെഡിക്കൽ കോളേജിലും ചികിത്സ തേടുന്നത്. അസുഖം മൂർച്ഛിച്ചാൽ ആംബുലൻസ് കിട്ടാനുള്ള സൗകര്യം പോലും ഇവർക്കില്ല. ചെളിയിൽ തെന്നിമാറുന്നതിനാൽ വാഹനങ്ങൾ കയറിയെത്താൻ പ്രയാസമാണ്. മഴക്കാലമാണെങ്കിൽ ദുരിതം ഇരട്ടിയാകും. തകർന്ന റോഡിൽ വെള്ളക്കെട്ടും കുഴിയുമായി കാൽനട പോലും പ്രയാസമാണ് ഇവിടെ.
അവ്വാബി രക്ഷപ്പെട്ടു; ആയുസിന്റെ ബലം കൊണ്ട്
കനത്ത മഴയിൽ പുലർച്ചെ രണ്ട് മണിക്ക് നെഞ്ചുവേദന വന്ന കൊമ്പ്രാജയിലെ സെയ്‌നുലുദ്ദീൻ തങ്ങളുടെ ഭാര്യ അവ്വാബിക്ക് (60) ജീവൻ തിരിച്ചു കിട്ടിയത് ആയുസിന്റെ ബലംകൊണ്ട് മാത്രമാണ്.കഴിഞ്ഞ സെപ്റ്റംബറിലാണിത്. കരഞ്ഞുപറഞ്ഞപ്പോഴാണ് ഒരു ആംബുലൻസ് വരാൻ തയ്യാറായത്. അവ്വാബിയെ കയറ്റിയ ആംബുലൻസ് പക്ഷേ, കുന്ന് കയറാൻ കൂട്ടാക്കാതെ ചെളിയിൽ താണു. പിക്കാസും കൈക്കോട്ടുമായി പെരുമഴയത്ത് അയൽവാസികൾ ഓടിയെത്തി. ഒരുപാട് മണ്ണുമാറ്റി തള്ളിയാണ് ഒരു മണിക്കൂറിനു ശേഷം ആംബുലൻസ് കയറ്റി വിട്ടത്. കണ്ണൂർ മെഡിക്കൽ കോളേജിൽ എത്തിക്കാൻ സാധിച്ചതിനാൽ ഈ വീട്ടമ്മയുടെ ജീവൻ ബാക്കിയായി..
കോൺക്രീറ്റ് റോഡിന് കാത്തിരിക്കുന്നത് വർഷങ്ങളായി. ജനപ്രതിനിധികൾ ആരും തിരിഞ്ഞു നോക്കുന്നില്ല. തിരഞ്ഞെടുപ്പ് കാലത്ത് കുറെ വാഗ്ദാനം തരും. കുട്ടികൾക്ക് സ്കൂളിൽ പോകാൻ വരെ പറ്റുന്നില്ല.
-ഫ്രാൻസിസ് ക്രാസ്റ്റ( കൊമ്പ്രാജെ )