പയ്യന്നൂർ: താലൂക്കിലെ വിവിധ വില്ലേജുകളിൽ കാലവർഷക്കെടുതിയിൽ വീണ്ടും വൻ നാശനഷ്ടം.നിരവധി വീടുകൾ തകർന്നു. കൃഷിനാശവും വ്യാപകം. പയ്യന്നൂർ നഗരസഭയിൽ മൂന്നു വീടുകൾ തകർന്നു. കിഴക്കെ കണ്ടങ്കാളിയിലെ പടിഞ്ഞാറെ പുരയിൽ തങ്കമണി (55)യുടെയും പുഞ്ചക്കാട് കിഴക്ക് പനക്കീൽ കുഞ്ഞിക്കണ്ണന്റെയും(66)കോറോം വില്ലേജ് കാനായിയിൽ ഉമേഷിന്റെയും വീടുകളാണ് തകർന്നത്.
ശക്തമായ മഴയിൽ ഇന്നലെ പുലർച്ചെ 5.30 ഓടെയാണ് തങ്കമണിയുടെ വീട് തകർന്നത്. തങ്കമണിയും രണ്ട് മക്കളും വീടിന് ചേർന്നുള്ള മറ്റൊരു മുറിയിലുറങ്ങുകയായിരുന്നു. ആളപായമില്ല വീട്ടുപകരണങ്ങൾ ഉൾപ്പെടെ നശിച്ചു.
കുഞ്ഞിക്കണ്ണന്റെ ഓട് മേഞ്ഞ വീടിന്റെ അടുക്കളഭാഗം പൂർണ്ണമായും തകർന്നു.ആളപായമില്ല. വീട്ടുപകരണങ്ങൾ നശിച്ചിട്ടുണ്ട്. മാടായി വില്ലേജിലെ പുതിയങ്ങാടി ബീച്ച് റോഡ് ബാപ്പുട്ടി കോർണറിൽ കോൺക്രീറ്റ് വീടിന് മുകളിൽ പുലർച്ചെയുണ്ടായ ശക്തമായ കാറ്റിലും മഴയിലും അടുത്ത വീട്ടിലെ വലിയ മരങ്ങൾ വീണ് സാരമായ നാശനഷ്ടം സംഭവിച്ചു. ശ്രീരഞ്ജിനിയുടെ വീട്ടിന് മുകളിലാണ് മാവും തെങ്ങും വീണ് മേൽക്കൂര തകർന്നത്. മഴവെള്ളം ഉള്ളിൽ വീഴുന്ന സ്ഥിതിയിലാണ്. മരം മുറിച്ചു മാറ്റി.
പെരളം വില്ലേജ് പള്ളിക്കുളം മരത്തക്കാട്ടെ കോട്ടോൽ ശ്യാമളയുടെ വീട് മഴയിൽ തകർന്നു. കുഞ്ഞിമംഗലം എടനാട് വള്ളുവ കോളനിയിൽ അനിതയുടെ വീടിന്റെ മേൽക്കൂരയിൽ മരം വീണു. ഏഴോ വില്ലേജിൽ എരിപുരം ചെങ്ങൽ പഴയങ്ങാടി ബസ് സ്റ്റാൻഡിന് പടിഞ്ഞാറു ഭാഗത്തായി ശഹാദത്തിന്റെ വീടിന്റെ കിണറിനോട് ചേർന്നുള്ള മതിൽ തകർന്നു. കരിവെള്ളൂർ വില്ലേജിൽ കൂക്കാനത്ത് പുന്നക്കോടൻ തമ്പാന്റെ വീടിന് തെങ്ങ് പൊട്ടിവീണു.
പെരിങ്ങോം വില്ലേജിൽ പി.വി.പ്രിത്യു രാജിന്റെ വീടിന് കനത്തമഴയിൽ നാശനഷ്ടമുണ്ടായി. മാടായി വില്ലേജിൽ വെങ്ങരയിൽ പ്രിയദർശിനി സ്‌കൂളിന് സമീപം സതീഷ് ബാബുവിന്റെ വീട് മരം വീണ് മേൽക്കൂര ഭാഗികമായി തകർന്നു. പയ്യന്നൂരിൽ തകർന്ന വീടുകൾ നഗരസഭ ചെയർപേഴ്സൺ കെ.വി. ലളിത, പൊതുമരാമത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ടി.വിശ്വനാഥൻ, കൗൺസിലർ എം.ആനന്ദൻ, മുനിസിപ്പൽ എൻജിനിയർ
കെ. ഉണ്ണി, ഹെൽത്ത് സൂപ്പർവൈസർ എ.വി. മധുസുദനൻ, കെ. ശ്യാമള എന്നിവരുടെ നേതൃത്വത്തിൽ സന്ദർശിച്ചു. അത്യാവശ്യഘട്ടങ്ങളിൽ നഗരസഭ ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തിൽ ഇടപെട്ട് ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് ചെയർപേഴ്സൺ അറിയിച്ചു.