പരിയാരം: വിദ്യാർത്ഥികളെ കയറ്റിയില്ലെന്നാരോപിച്ച് ബസ് ജീവനക്കാരനെ മൂന്നംഗസംഘം ആക്രമിച്ചതിന്റെ പേരിൽ ബസ് ജീവനക്കാരിൽ ചിലർ വാട്സ് ആപ്പ് വഴി ആഹ്വാനം ചെയ്ത പണിമുടക്ക് ജീവനക്കാരുടെ സംഘടനകൾ തന്നെ തള്ളി. ഇക്കഴിഞ്ഞ 11 ന് രാവിലെ ചുടലയിൽ വച്ചായിരുന്നു സംഭവം. സ്വകാര്യ ബസിലെ ക്ലീനറായ മാണിയൂരിലെ കെ.വി.അശ്വന്തിനാണ് മർദ്ദനമേറ്റത്. സംഭവത്തിൽ കണ്ടാലറിയാവുന്ന മൂന്നുപേർക്കെതിരെ പരിയാരം പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. എന്നാൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കണമെന്നാവശ്യപ്പെട്ടാണ് ഇന്നലെ രാവിലെ മുതൽ കണ്ണൂർ -പയ്യന്നൂർ റൂട്ടിൽ ഒരു വിഭാഗം ജീവനക്കാർ ബസ് തടഞ്ഞത്. വാട്സ്ആപ്പ് വഴി ആഹ്വാനം ചെയ്ത സമരത്തിന് അംഗീകൃത യൂണിയനുകളുടെ പിന്തുണയുണ്ടായിരുന്നില്ല. പല ബസുകളും ഓട്ടം നിർത്തിയെങ്കിലും പിന്നീട് യൂണിയൻ നേതൃത്വം ഇടപെട്ട് ഇവരെ പിന്തിരിപ്പിക്കുകയായിരുന്നു. ഉച്ചയോടെ ബസുകൾ സാധാരണപോലെ ഓടിത്തുടങ്ങി. കടത്ത മഴയിൽ ഉൾപ്പെടെ ജനം വലയുമ്പോൾ വാട്സ്ആപ്പ് വഴി സമരാഹ്വാനം നടത്തിയവർക്കെതിരെ നടപടികൾ സ്വീകരിക്കണമെന്ന് യാത്രക്കാർ ആവശ്യപ്പെട്ടു.