ഇരിട്ടി: ഓവുചാലിലെ സ്ലാബിനടിയിൽ കരിങ്കൽ ഭിത്തിക്കിടയിൽ കണ്ടെത്തിയ സ്റ്റീൽ പാത്രം പ്രദേശവാസികളെ ആശങ്കയിലാക്കി നിർത്തിയത് മണിക്കൂറുകൾ. ഒടുവിൽ കണ്ണൂരിൽ നിന്നും എത്തിയ ബോംബ് സ്‌ക്വഡ് ഓവുചാലിലിറങ്ങി ഇത് കൈയിലെടുത്ത് മൂടിയില്ലാത്ത സ്റ്റീൽ പാത്രമാണെന്ന് സ്ഥിരീകരിച്ചതോടെയാണ് എല്ലാവർക്കും സമാധാനമായത്.
തില്ലങ്കേരി പഞ്ചായത്തിലെ പള്ള്യം എലിപ്പറമ്പിൽ റോഡരികിലെ ഓവുചാലിലെ സ്ലാബിനുള്ളിലെ കരിങ്കൽ ഭിത്തിക്കിടയിലാണ് പാത്രം കണ്ടെത്തിയത്. തിങ്കളാഴ്ച രാവിലെ 7.30 ഓടെ സമീപത്തെ കച്ചവടക്കാരനായ മുകുന്ദൻ കനത്ത മഴയിൽ ഓവുചാലിലെ സ്ലാബിനടയിൽ ഒഴുകിയെത്തിയ മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനിടയിലാണ് സ്റ്റീൽ പാത്രം കണ്ടെത്തിയത് .
ഉടൻ തന്നെ പൊലീസിനെ വിവരം അറിയിച്ചു. മുഴക്കുന്ന് എസ്.ഐ എൻ.വിപിന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയും ബോംബ് ആകാമെന്ന് സംശയിക്കുകയും ചെയ്തു. നിരവധി നാട്ടുകാരും സ്ഥലത്തെത്തി. മുഴക്കുന്ന്, മാലൂർ പൊലീസ് സ്റ്റേഷനുകളിൽ നിന്നുള്ള കൂടുതൽ പൊലീസ് സംഘവും സ്ഥലത്തെത്തി. ഉച്ചക്ക് ഒരു മണിയോടെ കണ്ണൂരിൽ നിർത്തിയ ബോംബ് സ്‌ക്വാഡ് ഓവുചാലിൽ ഇറങ്ങി സ്റ്റീൽ പാത്രം പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും കല്ലിനിടയിൽ അമർന്ന് നില്ക്കുന്നതായി കണ്ടെത്തി. കല്ലിളക്കി പാത്രം പുറത്തെടുത്തപ്പോഴാണ് മൂടിപോലുമില്ലാത്ത ഒഴിഞ്ഞ പാത്രമാണിതെന്ന് മനസ്സിലാക്കിയത്. ബോംബ് സ്‌ക്വാഡ് എസ്.ഐ പി.എൻ.അജിത് കുമാർ, സ്‌ക്വാഡ് അംഗങ്ങളായ പി.ധനേഷ്, പി.പി.ശിവദാസൻ എന്നിവരുടെ നേതൃത്വത്തിലാണ് പാത്രം പുറത്തെടുത്ത് ബോംബല്ലെന്ന് സ്ഥിരീകരിച്ചത്.