തളിപ്പറമ്പ്: അതിശക്തമായ മഴയിൽ തെങ്ങ് വീണ് വീട് തകർന്നു. മൊറാഴ സി.എച്ച്.നഗറിലെ ഗ്രാമീണ വായനശാലയ്ക്ക് സമീപത്തെ പി.നാരായണിയുടെ വീടാണ് ഇന്നലെ സന്ധ്യയോടെ ഉണ്ടായ ശക്തമായ മഴയിൽതെങ്ങ് വീണ് വീട് ഭാഗികമായിതകർന്നത്. വീട്ടിലെ ഗൃഹോപകരണങ്ങൾ പൂർണ്ണമായും തകർന്നു. വീടിന് മുകൾഭാഗത്തെ ഓടും പൂർണമായും നശിച്ച നിലയിലാണ്. നാരായണിയുടെ വീട്ടിൽ സി വി.പ്രദീപൻ പണിക്കർ, ഭാര്യ സതി, മകൻ അനന്തു എന്നിവർ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു. അപകട സമയത്ത് അനന്തു മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വീടിന്റെ മേൽക്കൂരയും അടുക്കള ഭാഗവും പൂർണമായും തകർന്നു. ഏകദേശം രണ്ട് ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായതായി കണക്കാക്കുന്നു.