ഷാഫി പറമ്പിൽ എം.പിയ്ക്ക് മുഖ്യമന്ത്രിയുടെ ഉറപ്പ്

തലശ്ശേരി: തലശ്ശേരി- മൈസൂർ റെയിൽപ്പാത യാഥാർത്ഥ്യമാക്കാൻ കർണാടകയുമായുള്ള ചർച്ചകൾ പുനരാരംഭിക്കും. ഇത് സംബന്ധിച്ച് ഷാഫി പറമ്പിൽ എം.പിയ്ക്ക് മുഖ്യമന്ത്രി ഉറപ്പ് നല്കി. തിരുവനന്തപുരം തൈക്കാട് ഗസ്റ്റ് ഹൗസിൽ ചേർന്ന കേന്ദ്ര ബഡ്ജറ്റിനു മുന്നോടിയായുള്ള കേരള എം.പിമാരുടെ യോഗത്തിലാണ് ഷാഫി പറമ്പിൽ ഇക്കാര്യം ഉന്നയിച്ചത്. പദ്ധതിക്കായി മലബാറിന്റെ കാത്തിരിപ്പിന് വർഷങ്ങളുടെ പഴക്കമുണ്ടെന്നും ഇത് യാഥാർത്ഥ്യമാക്കാൻ ശ്രമങ്ങളുണ്ടാവണമെന്നും എം.പി ആവശ്യപ്പെട്ടു.

കർണാടകയുമായുള്ള മുൻ ചർച്ചകളിൽ കാര്യമായ ഗുണമുണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ യോഗത്തെ അറിയിച്ചു. ഇക്കാര്യത്തിൽ കെ.സി വേണുഗോപാൽ എം.പിയുടെ ഇടപെടൽ ഉണ്ടാവുമോയെന്ന് മുഖ്യമന്ത്രി ആരാഞ്ഞു. ഇടപെടാമെന്ന് കെ.സി.വേണുഗോപാൽ പറഞ്ഞു. എങ്കിൽ തലശ്ശേരി -മൈസൂർ റെയിൽപ്പാതയുടെ കാര്യം വീണ്ടും ചർച്ച ചെയ്യാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിക്കുകയായിരുന്നു.
മലബാറിൽ റെയിൽവേ മൂന്നാം പാളം അനുവദിക്കുന്ന കാര്യത്തിൽ കേരളം കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തണമെന്നും എം.പി ആവശ്യപ്പെട്ടു. മലബാറിലെ യാത്രാ സൗകര്യങ്ങൾ ഏറെ പരിമിതമാണ്. റെയിൽവേയുടെ കാര്യത്തിൽ പ്രത്യേകിച്ചും. കാര്യമായ സ്ഥലം ഏറ്റെടുപ്പുകൾ ഇല്ലാതെ തന്നെ മൂന്നാമതൊരു ലൈൻ ഇപ്പോൾ സാദ്ധ്യമാണ്. ഇത് ലക്ഷക്കണക്കിനു വരുന്ന യാത്രക്കാർക്ക് ആശ്വാസകരമായിരിക്കും. അതിനാൽ സംസ്ഥാനം ഇക്കാര്യത്തിൽ കേന്ദ്ര റെയിൽവേ മന്ത്രാലയത്തിൽ ആവശ്യമായ സമ്മർദ്ദം ചെലുത്തണമെന്ന് ഷാഫി പറമ്പിൽ എം.പി.ആവശ്യപ്പെട്ടു.

വടകര മേഖലയിൽ ദേശീയപാത നിർമ്മാണത്തിലെ അപകാതകൾ പരിശോധിക്കുന്നതിന് സംയുക്ത സംഘം സ്ഥലം സന്ദർശിക്കണമെന്നും ഷാഫി പറമ്പിൽ യോഗത്തിൽ ആവശ്യപ്പെട്ടു. സംസ്ഥാന പൊതുമരാമത്ത് വകുപ്പും ദേശീയപാതാ വിഭാഗം ഉന്നത ഉദ്യോഗസ്ഥരും കരാറെടുത്ത കമ്പനിയിലെ പ്രതിനിധികളും തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളും ഉൾപ്പെട്ടതായിരിക്കണം സംഘമെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യം പരിശോധിച്ച് വേണ്ടതു ചെയ്യാമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് യോഗത്തെ അറിയിച്ചു. എങ്കിൽ ഉചിതമായിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പറഞ്ഞു.

പരിസ്ഥിതി പ്രശ്നം ഉയർത്തി കർണാടക

കർണാടകയിലെ ബന്ദിപ്പൂർ, നാഗർഹൊള്ള ദേശീയ ഉദ്യാനങ്ങൾക്കും കേരളത്തിലെ വയനാട് വന്യമൃഗ സങ്കേതങ്ങൾക്കും നിർദ്ദിഷ്ട റെയിൽവേ ലൈൻ ഗുരുതര പരിസ്ഥിതി ആഘാതം സൃഷ്ടിക്കുമെന്ന് പറഞ്ഞാണ് കേരളത്തിന്റെ ആവശ്യം നേരത്തെ കർണാടക തള്ളിയത്. ഇതേ വിലയിരുത്തൽ വർഷങ്ങൾക്ക് മുമ്പ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയവും നടത്തിയിരുന്നു. വന്യമൃഗങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യത്തെ പ്രതികൂലമായി ബാധിക്കുമെന്ന കാരണത്താലാണ് അന്ന് ലൈനിന് അനുമതി ലഭിക്കാതിരുന്നത്. ഭൂഗർഭ ടണൽ എന്ന ആശയവും വന്യമൃഗങ്ങളുടെ കുടിവെള്ളം മുട്ടിക്കുമെന്ന് പറഞ്ഞ് കർണാടക നിരാകരിക്കുകയായിരുന്നു.

സാദ്ധ്യതകൾ

ഷൊറണൂരിൽ നിന്ന് മൈസൂരിലേക്ക് പരമാവധി 7 മണിക്കൂർ മതിയാവും. നിലവിൽ 10 മണിക്കൂറിലേറെ സഞ്ചരിക്കേണ്ടതായി വരുന്നുണ്ട്

കൊങ്കൺ റൂട്ടിൽ മൺസൂൺ സീസണിൽ മണ്ണിടിച്ചിലും മറ്റും കാരണം ട്രെയിനുകൾ വൈകിയോടുന്നതും, റദ്ദ് ചെയ്യേണ്ടി വരുന്നതും പതിവാണ്. ഇതിന് പരിഹാരമാവും.

കേരളത്തിൽ ഷൊറണൂർ കഴിഞ്ഞാൽ, റെയിൽവേയ്ക്ക് ഏറ്റവും കൂടുതൽ സ്ഥലമുള്ളത് തലശ്ശേരിയിലാണ്. 50ഏക്കർ സ്ഥലമാണ് ഇവിടെയുള്ളത്