ആലക്കോട്: കനത്ത മഴയെത്തുടർന്ന് കാർത്തികപുരം താളിപ്പാറ താബോർ പി.ഡബ്ളിയു.ഡി. റോഡിൽ തുണ്ടത്തിൽപടി ഭാഗത്താണ് 30 മീറ്റർ ദൂരത്തിൽ റോഡിന്റെ സംരക്ഷണഭിത്തി തകർന്നു. അഞ്ച് മീറ്റർ ഉയരമുള്ള കരിങ്കൽകെട്ട് ഇടിഞ്ഞു വീണതിനെത്തുടർന്ന് റോഡിന് താഴെയുള്ള വീടുകൾ അപകടഭീഷണി നേരിടുകയാണ്. നിരപ്പേൽ സദാശിവൻ, കോയിക്കൽ സുരേഷ്, എൽസി ചാലിൽ തുടങ്ങിയവരുടെ വീടുകളാണ് അപകടഭീഷണി നേരിടുന്നത്. ആറ് മാസം മുൻപും ഇതിനടുത്തായി റോഡിന്റെ സംരക്ഷണഭിത്തി തകർന്നു വീണിരുന്നു. ഉദയഗിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.ചന്ദ്രശേഖരൻ, വാർഡ് മെമ്പർ മിനി ഉപ്പൻമാക്കൽ തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു.ദുരന്തനിവാരണത്തിന് അടിയന്തിര നടപടി സ്വീകരിക്കണമെന്ന് കെ.എസ്.ചന്ദ്രശേഖരൻ ആവശ്യപ്പെട്ടു.