പേരാവൂർ: തുടർച്ചയായി പെയ്യുന്ന കനത്ത മഴയിൽ മലയോരത്ത് വ്യാപക നാശം. ഇന്നലെ പുലർച്ചെയുണ്ടായ
ശക്തമായ മഴയിലും കാറ്റിലും തെങ്ങ് വീണ് വീട് പൂർണമായും തകർന്നു. കണിച്ചാർ കല്ലടിയിലെ കാരിക്കക്കുന്നേൽ കെ.ജി. ഫിലിപ്പിന്റെ വീടാണ് തകർന്നത്. രാവിലെ 6.30 നായിരുന്നു സംഭവം. അപകട സമയത്ത് വീട്ടിനുള്ളിൽ
ഗർഭിണിയായ മകളും പ്രായമായ മാതാപിതാക്കളും ഉണ്ടായിരുന്നെങ്കിലും തലനാരഴയ്ക്കാണ് ഇവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടത്.
തെങ്ങ് വീണതിനെത്തുടർന്ന് വീടിനുള്ളിലെ സാധനസാമഗ്രികളും നശിച്ചു. നാട്ടുകാരും ജനപ്രതിനിധികളും സ്ഥലത്തെത്തി തെങ്ങ് മുറിച്ചു മാറ്റി വീടിന്റെ മേൽക്കൂരയിൽ ഷീറ്റ് വലിച്ചു കെട്ടി. പച്ച മൺകട്ടയിൽ പണിത വീട് ആയതിനാൽ പുതിയൊരു മേൽക്കൂര കയറ്റാൻ ബുദ്ധിമുട്ടാണ്. അതുകൊണ്ടുതന്നെ ഇവർക്ക് വേണ്ട സഹായം അധികൃതർ എത്രയും പെട്ടെന്ന് നൽകണമെന്നാണ് നാട്ടുകാർ പറയുന്നത്.
പേരാവൂർ തിരുവോണപ്പറത്ത് നിർത്തിയിട്ട ഓട്ടോറിക്ഷയുടെ മുകളിലേക്ക് സമീപത്തുണ്ടായിരുന്ന പ്ലാവ് കടപുഴകി വീണു. കണ്ണൂർ പഴയങ്ങാടി സ്വദേശി രമാലയത്തിൽ നിധിന്റെ ഓട്ടോറിക്ഷയാണ് തകർന്നത്. കണ്ണൂരിലെ ആശുപത്രിയിൽ പോകാനായി എത്തിയതായിരുന്നു. അപകടത്തിൽ ഓട്ടോറിക്ഷയുടെ മുകൾ ഭാഗം പൂർണ്ണമായും തകർന്നു.
പ്രദേശത്തെ വൈദ്യുത, കേബിൾ ബന്ധവും നശിച്ചു. പേരാവൂർ ഫയർഫോഴ്സ് സ്ഥലത്തെത്തി മരം മുറിച്ചു നീക്കി.
കൊട്ടിയൂർ: മലയോരത്ത് പെയ്യുന്ന കനത്ത മഴയിൽ പാൽച്ചുരം പളളിയുടെ മതിൽ ഇടിഞ്ഞു വീണു. പാൽച്ചുരം ബോയ്സ് ടൗൺ റോഡിലേക്കാണ് മതിൽ ഇടിഞ്ഞുവീണതെങ്കിലും ഗതാഗതം തടസപ്പെട്ടില്ല. ഇന്നലെ പുലർച്ചെയാണ് സംഭവം. മതിൽ ഇടിഞ്ഞതിനെത്തുടർന്ന് സമീപത്തെ മരങ്ങളെല്ലാം കമ്മിറ്റി ഭാരവാഹികൾ വെട്ടിമാറ്റി.