daiy
പടം

കണ്ണൂർ: പുതിയതെരുവിലെ ഗതാഗതകുരുക്കും അപകടങ്ങളും ഒഴിവാക്കാൻ അടിയന്തര നടപടിക്ക് കെ.വി സുമേഷ് എം.എൽ.എ വിളിച്ചു ചേർത്ത യോഗത്തിൽ തീരുമാനം.

ദേശീയപാതയിൽ പുതിയതെരു ധനരാജ് ടാക്കീസ് മുതൽ പാപ്പിനിശ്ശേരി വരെയുള്ള ഭാഗത്തെ റോഡിൽ എത്രയും വേഗം ഉപരിതലം പുതുക്കൽ (ഓവർലേ) പ്രവൃത്തി നടത്തും. ഇതിനായി വിശ്വ സമുദ്ര കമ്പനിയെ ചുമതലപ്പെടുത്തിയതായി ദേശീയപാത അതോറിറ്റി അധികൃതർ യോഗത്തിൽ അറിയിച്ചു. ഈ ഭാഗത്ത് തിരമാല പോലെ റോഡിൽ ഉയർച്ച താഴ്ചയുള്ളത് അപകടങ്ങൾ ഉണ്ടാക്കുന്നതായി യോഗത്തിൽ കെ.വി സുമേഷ് എം.എൽ.എ ചൂണ്ടിക്കാട്ടി.

ഗതാഗത കുരുക്കിനുള്ള താൽക്കാലിക പരിഹാരമായി ചില ക്രമീകരണങ്ങൾ വരുത്താനും തീരുമാനിച്ചു. പരീക്ഷണാടിസ്ഥാനത്തിൽ ഉടൻ തന്നെ ഈ പരിഷ്‌ക്കാരങ്ങൾ നടപ്പിലാക്കും. ഇതിനായി പൊലീസ്, ആർ.ടി.ഒ എന്നിവരോട് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ നിർദേശിച്ചു. നിർദേശങ്ങൾ ലംഘിക്കുന്ന വാഹനങ്ങൾക്കെതിരെ കർശന നിയമ നടപടി കൈക്കൊള്ളാനും നിർദേശം നൽകി. ഇവിടെ ആവശ്യമായ സൂചനാ ബോർഡുകളും റിഫ്ളക്ടറുകളും സ്ഥാപിക്കാൻ ദേശീയപാത അതോറിറ്റിയോട് ആവശ്യപ്പെട്ടു.

യോഗത്തിൽ എ.ഡി.എം കെ. നവീൻ ബാബു അദ്ധ്യക്ഷത വഹിച്ചു. ചിറക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. ശ്രുതി, വൈസ് പ്രസിഡന്റ് പി. അനിൽകുമാർ, ആർ.ടി.ഒ സി.യു മുജീബ്, വളപട്ടണം എസ്.എച്ച്.ഒ കെ.പി ഷൈൻ, ദേശീയപാത അതോറിറ്റി അധികൃതർ, മറ്റ് വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവരും പങ്കെടുത്തു

കുരുക്കഴിക്കാൻ ക്രമീകരണങ്ങൾ

1. മയ്യിൽ ഭാഗത്ത് നിന്ന് തളിപ്പറമ്പ് ഭാഗത്തേക്ക് പോകേണ്ട ചെറു വാഹനങ്ങൾ കൊല്ലറത്തിക്കൽ കളരിവാതുക്കൽ വഴി ദേശീയ പാതയിലേക്ക് പ്രവേശിക്കണം.

2.മയ്യിൽ ഭാഗത്തേക്ക് പോകുന്ന ബസുകളുടെ സ്‌റ്റോപ്പ് നിലവിലുള്ള സ്ഥലത്ത് നിന്ന് 50 മീറ്റർ മുന്നോട്ട് കനറാ ബാങ്കിന് സമീപത്തേക്ക് മാറ്റും.

3.കണ്ണൂരിൽ നിന്ന് തളിപ്പറമ്പ് ഭാഗത്തേക്കുള്ള ബസുകൾ പുതിയതെരു ബസ് ബേയിൽ മാത്രമേ നിർത്താവൂ. ബസ് ബേയുടെ ഭാഗം വീതി കൂട്ടി ടാർ ചെയ്യും.

നാഷണൽ ഹൈവേ അതോറിറ്റിയുടെ കീഴിലെ ദേശീയപാത വിഷയത്തിൽ ഇടപെടേണ്ട എന്നിരിക്കെ സ്വന്തം മണ്ഡലത്തിലെ പ്രധാന റോഡിന്റെ ശോചനീയാവസ്ഥ കണ്ടാണ് കലക്ടറെ സമീപിച്ച് അടിയന്തര യോഗം വിളിച്ച് പെട്ടെന്ന് റോഡ് റീ ടാർ ചെയ്യാൻ നിർദ്ദേശിച്ചത്. നിലവിലുള്ള ടാർ മുഴുവനും പൊളിച്ചു മാറ്റി റീ ടാർ ചെയ്യാനാണ് നിർദ്ദേശം നൽകിയത്. മഴ മാറിയാൻ ഉടൻ പണികൾ ആരംഭിക്കും

കെ.വി. സുമേഷ്, എം.എൽ. എ