പയ്യന്നൂർ: താലൂക്കിൽ പെയ്തൊഴിയാതെ ദുരിതം. കനത്ത മഴയിൽ വീണ്ടും നിരവധി വീടുകൾക്ക് നാശം. മൂന്നാം ദിവസവും അതിശക്തമായി തുടരുന്ന മഴയിൽ നഗരസഭയിൽ അന്നൂർ പടിഞ്ഞാറെക്കരയിലെ കുണ്ടു വളപ്പിൽ നാരായണിയുടെ കിണർ ഇടിഞ്ഞു താഴ്ന്നു. വീടിന് ചേർന്നുള്ള കിണറാണ് പുലർച്ചെയോടെ താഴ്ന്നത്. ചൊവ്വ രാവിലെയുണ്ടായ ശക്തമായ കാറ്റിൽ കേളോത്തെ തൈവളപ്പിൽ സുരേന്ദ്രന്റെയും, ഓലക്കാരത്തി നാരായണിയുടെയും വീടിന് മുകളിൽ തെങ്ങ് പൊട്ടി വീണു. ആളപായമില്ല. ഈ പ്രദേശത്ത് വ്യാപകമായി കൃഷിനാശവുമുണ്ടായി.

കേളോത്ത് റെയിൽവേ ഗേറ്റ് ശാദ്ദുലി ജുമാമസ്ജിദ് മദ്രസ കെട്ടിടത്തിന് മുകളിലേക്ക് തെങ്ങ് കടപുഴകി വീഴുകയും ഷീറ്റുകൾ താഴെ വീണ് നാശ നഷ്ടം സംഭവിച്ചു. മമ്പലം സുരഭി നഗറിലെ ഹൻസരാജിന്റ വീടിന് മുകളിൽ പുളി മരം പൊട്ടി വീണ് ഭാഗികമായി തകർന്നു. കോറോം ചാലക്കോട് ഊനത്തിൽ നളിനിയുടെ വീടിന് മുകളിലേക്ക് തേക്കുമരം ചെരിഞ്ഞ് വീണു. വീടിന് നാശനഷ്ടമില്ല. കാറ്റിലും മഴയിലും പറമ്പിലെ പത്തോളം കവുങ്ങുകളും ഒരു തെങ്ങും മറിഞ്ഞു വീണു.

കരിവെള്ളൂർ പെരളം വില്ലേജ് പള്ളിമുക്കിലെ സലീമിന്റെ വീടിന് രാത്രിയിലുണ്ടായ കാറ്റിൽ ഭാഗികമായ നാശനഷ്ടം സംഭവിച്ചു. മാടായി വില്ലേജിൽ പുതിയങ്ങാടി ചൂട്ടാട് ജെയിംസ് മിനിയാടന്റെ ഓടിട്ട വീടിന്റെ ഒരു ഭാഗം മുഴുവനായും നിലം പൊത്തി. പരിക്കേൽക്കാതെ രക്ഷപ്പെട്ട നാലു പേരടങ്ങുന്ന കുടുംബത്തെ താൽക്കാലികമായി ബന്ധു വീട്ടിലേക്ക് മാറ്റി പാർപ്പിച്ചു.

ഏഴോം വില്ലേജിൽ നെരുവമ്പ്രത്ത് പി.വി.കുഞ്ഞിരാമന്റെ വീട്ടു മതിൽ രാവിലെ ഉണ്ടായ ശക്തമായ മഴയിൽ തകർന്നു. വീടിന് നാശനഷ്ടമില്ല.

നഗരസഭ വൈസ് ചെയർമാൻ പി.വി.കുഞ്ഞപ്പൻ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.ബാലൻ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.വി.സജിത, ഹെൽത്ത് സൂപ്പർവൈസർ എ.വി.മധുസൂദനൻ, എം.രേഖ , ടി.ജയപ്രകാശൻ, കെ.വി. ശ്രീജ, റവന്യു അധികൃതർ തുടങ്ങിയവർ അപകടം നടന്ന സ്ഥലങ്ങൾ സന്ദർശിച്ചു. പയ്യന്നൂർ റെയിൽവേ ഗേറ്റ് ജമാഅത്ത് പ്രസിഡന്റ് യു.അഹമദ്, ജനറൽ സെക്രട്ടറി മുജീബ് റഹ്മാൻ, സെക്രട്ടറി എന്നിവർ ഒപ്പമുണ്ടായിരുന്നു.