കാസർകോട്: കേരളത്തിൽ തീയ്യ സമുദായത്തിന്റെ സംവരണ ആനുകൂല്യങ്ങൾ നേടിയെടുക്കുന്നതിനും തീയ്യരെ പ്രത്യേക സമുദായമായി ഗവണ്മെന്റ് അംഗീകരിക്കുന്നതിനും വേണ്ടി തീയ്യ മഹാസഭാ നടത്തിവരുന്ന പോരാട്ടങ്ങൾക്ക് ഭാരതീയ തീയ്യ സമാജം മംഗലാപുരത്തിന്റെ പൂർണ്ണപിന്തുണ നൽകുന്നതായി പ്രസിഡന്റും കർണാടക സർക്കാരിന്റെ കീഴിലുള്ള മംഗ്ളൂർ അർബൻ ഡവലെപ്മെന്റ് അതോറിറ്റി ചെയർമാനുമായ അഡ്വ. സദാശിവ ഉള്ളാൾ, തീയ്യ മഹാസഭാ സംസ്ഥാന പ്രസിഡന്റ് ഗണേഷ് അരമങ്ങാനത്തിന് ഉറപ്പുനൽകി.
കർണാടക സംസ്ഥാനത്ത് ഗവണ്മെന്റ് രേഖകളിൽ തീയ്യരെ പ്രത്യേക സമുദായമായി അംഗീകരിക്കുവാനും അർഹതപ്പെട്ട ആനുകൂല്യങ്ങൾ നൽകുവാനും സർക്കാർ ഉടൻ നിയമം കൊണ്ടുവരുന്നതയായി മംഗലാപുരത്ത് വെച്ച് നടത്തിയ കൂടിക്കാഴ്ചയിൽ അഡ്വ. സദാശിവ ഉള്ളാൾ പറഞ്ഞു. കക്ഷി രാഷ്ട്രീയത്തിനപ്പുറം തീയ്യ സമുദായത്തിന്റെ ഐക്യത്തിനും ഉന്നമനത്തിനും വിദ്യാഭ്യാസ വളർച്ചയ്ക്കും സാമ്പത്തിക പുരോഗതിക്കും കർണാടക ഭാരതീയ തീയ്യ സമാജവുമായി യോജിച്ച് പ്രവർത്തിക്കുമെന്ന് തീയ്യ മഹാസഭാ സംസ്ഥാന പ്രസിഡന്റ് ഗണേഷ് അരമങ്ങാനം പറഞ്ഞു. കൂടിക്കാഴ്ചയിൽ സമാജം വൈസ് പ്രസിഡന്റും തളങ്കര, പുലിക്കുന്ന് ഭഗവതി സേവ സംഘം പ്രസിഡന്റുമായ എൻ. സതീഷ് മന്നിപാടിയും ഉണ്ടായിരുന്നു.