പയ്യാവൂർ : കുന്നത്തൂർ പാടിയിൽ ഇനി ഒരു മാസക്കാലം മുത്തപ്പന് നായാട്ടിന്റെ കാലം. അതിനാൽ കർക്കടക മാസത്തിൽ (ആഗസ്റ്റ് 15 വരെ) പതിവ് പൂജകൾ ഉണ്ടായിരിക്കില്ല. പൈങ്കുറ്റി, വെള്ളാട്ടം എന്നിവ കർക്കടകത്തിൽ നടത്താറില്ല. കർക്കടകമാസത്തിന് തുടക്കം കുറിച്ച് പാടിയിൽ സംക്രമ വെള്ളാട്ടം നടത്തി. കർക്കടകം തീരുംവരെ താഴെ പൊടിക്കളത്തെ ശ്രീകോവിലിൽ രാവിലെയും വൈകുന്നേരവും വിളക്ക് തെളിക്കുക മാത്രമാണ് ചെയ്യുക. മുത്തപ്പന്റെ നായാട്ടിനെ അനുസ്മരിച്ച് പുരളിമലയിൽ ദിവസവും ആദിവാസികൾ ഒരു പാത്രത്തിൽ വെളിച്ചെണ്ണ എടുത്തു വയ്ക്കും. നായാട്ടിന് പോകുന്ന മുത്തപ്പന്റെ കൂടെയുള്ള ഭൂതഗണങ്ങൾക്ക് തേച്ചു കുളിക്കാനായാണ് ഓരോ ദിവസവും വെളിച്ചെണ്ണ എടുത്തു വയ്ക്കുന്നതെന്നാണ് ആചാരപരമായ വിശ്വാസം. സമാപന ദിവസം വെള്ളാട്ടത്തോടെയായിരിക്കും പാടിയിൽ പൂജകൾ തുടങ്ങുക.