നീലേശ്വരം: ജില്ലയിൽ യാത്രക്കാരുടെ എണ്ണത്തിലും പ്രതിദിന വരുമാനത്തിലും മൂന്നാം സ്ഥാനം. എന്നാൽ സൗകര്യങ്ങളുടെ കാര്യത്തിൽ ഏറെ പിന്നിലാണ് നീലേശ്വരം റെയിൽവേ സ്റ്റേഷൻ. കാലവർഷം കനത്തതോടെ നീലേശ്വരം റെയിൽവേ സ്റ്റേഷനിലൂടെയുള്ള ട്രെയിൻ യാത്ര ദുരിത പൂർണ്ണമായിരിക്കുകയാണ്. ശക്തമായ മഴയത്തും കാറ്റിലും രാത്രികാലത്ത് വൈദ്യുതി മുടക്കം പതിവായിരിക്കുകയാണ്.

വൈദ്യുതി മുടങ്ങിയാൽ റെയിൽവേ സ്റ്റേഷൻ പരിസരവും പ്ലാറ്റ്ഫോം ഇരുട്ടിലാവും. ജനറേറ്ററോ മറ്റ്ബദൽ സംവിധാനങ്ങളോ ഇല്ലാത്തതിനാൽ വൈദ്യുതി വരുന്നതുവരെ യാത്രക്കാർ ഇരുട്ടിൽ തപ്പിനടക്കണം. ഒന്നാം പ്ലാറ്റ്‌ഫോമിൽ ഇടവിട്ട് മേൽക്കൂരയുണ്ടെങ്കിലും കാലപ്പഴക്കം കാരണം ചോർന്നൊലിക്കുകയാണ്. ടിക്കറ്റ് കൗണ്ടറിനോട് ചേർന്ന ഭാഗത്തെ ഇരിപ്പിടങ്ങളിൽ മഴ കനത്ത് പെയ്യുമ്പോൾ കുടപിടിച്ചിരിക്കേണ്ട അവസ്ഥയാണെന്ന് യാത്രക്കാർ പറയുന്നു. ലഗേജും മറ്റുമായി പ്ലാറ്റ്ഫോമിലെ ശുചിമുറിയിൽ അഭയം തേടുന്നവരും നിരവധി.

പ്ലാറ്റ്ഫോമിൽ വഴുക്കലുണ്ട്. പൊട്ടിപ്പൊളിഞ്ഞ മേൽകൂരയിൽ നിന്ന് മഴവെള്ളം വീണും പൈപ്പുകൾ പൊട്ടി ഒഴുകിപ്പരന്നുമെല്ലാം പ്ലാറ്റ്ഫോമിൽ മൊത്തം വഴുക്കലാണ്. ശ്രദ്ധിച്ചു നടന്നില്ലെങ്കിൽ വഴുതി വീണ് പരിക്കേൽക്കുകയോ വസ്ത്രം മുഷിഞ്ഞ് യാത്ര മുട ങ്ങുകയോ ചെയ്യുമെന്ന സ്ഥിതിയാണ്. നീലേശ്വരം റെയിൽവേ പ്ലാറ്റ്ഫോമിലെ വഴുക്കൽ സൂക്ഷിക്കണമെന്ന അറിയിപ്പ് സാമൂഹിക മാദ്ധ്യമങ്ങളിൽ ആഴ്ചകളായി വ്യാപകമായി പ്രചരിക്കുന്നുണ്ട്.

മാലിന്യവും കുന്നുകൂടുന്നു

പല യാത്രക്കാരും പരാതി അറിയിച്ചെങ്കിലും സ്റ്റേഷൻ അധികൃതർക്ക് കേട്ട ഭാവമില്ലെന്നാണ് ഇവർ പറയുന്നത്. മാലിന്യം നീക്കാനും ആളില്ല. ശുചീകരണ തൊഴിലാളികളുടെ കരാർ പുതുക്കാത്തതിനാൽ മാസങ്ങൾക്ക് മുമ്പ് പ്ലാറ്റ്ഫോമിലെയും സമീപങ്ങളിലെയും ശുചീകരണവും മുടങ്ങിയിരുന്നു. പല സ്ഥലത്തും പ്ലാസ്റ്റിക്കും, ഭക്ഷണപ്പൊതികളും ചിതറി കിടക്കുന്നു. ഇവ മഴവെള്ളത്തിൽ കുതിർന്ന് ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാവുമെന്ന് യാത്രക്കാർ പറയുന്നു.

നവീകരണം പാതിവഴിയിൽ

പ്ലാറ്റ്ഫോമുകളെ ബന്ധിപ്പിക്കുന്ന ലിഫ്റ്റ്, സിസി ടിവി ശൃംഖല എന്നിവയുടെയെല്ലാം പണി പാതിവഴിയിലാണ്. നീലേശ്വരം റെയിൽവേ സ്റ്റേഷനിലെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിക്കുകയും പശ്ചാത്തല സൗകര്യങ്ങൾ വിപുലമാവുകയും വിധം കേന്ദ്രസർക്കാർ പ്രഖ്യാപിച്ച പദ്ധതികൾ ഉടൻ നടപ്പാക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. പ്രശ്നത്തിൽ ഇടപെടേണ്ട എം.പിയാകട്ടെ ഇക്കാര്യങ്ങൾ കണ്ട ഭാവം നടിക്കുന്നില്ലെന്നും പരാതിയുണ്ട്.