embettu
ദേശീയപാതയിൽ ഏമ്പേറ്റ് റോഡിലെ വെള്ളക്കെട്ട്

പരിയാരം: കനത്ത മഴയിൽ പരിയാരം ഏമ്പേറ്റിലും മെഡിക്കൽ കോളേജ് കുളപ്പുറം റോഡിലും വെള്ളം കയറിയതു മൂലം വാഹനഗതാഗതം തടസപ്പെട്ടു. ദേശീയപാതയിൽ ഏമ്പേറ്റിൽ ആറുവരിപ്പാത നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന റോഡിൽ ഒരാൾപൊക്കത്തിൽ വെള്ളം പൊങ്ങിയതോടെ വാഹനഗതാഗതം അസാദ്ധ്യമായി. വാഹനങ്ങൾ നേരത്തെ അടച്ചിട്ട സർവീസ് റോഡ് വഴിയാണ് തിരിച്ചുവിട്ടത്. ഒടുവിൽ മണ്ണുമാന്തി ഉപയോഗിച്ച് റോഡരികിൽ ചാലുകീറി കുറച്ച് വെള്ളം ഒഴുക്കിവിട്ടതോടെയാണ് ബസുകൾ ഉൾപ്പെടെ ഇതുവഴി സർവീസ് നടത്തിയത്.

അശാസ്ത്രീയമായി റോഡ് കുഴിച്ചുതാഴ്ത്തി പുതിയ റോഡ് നിർമ്മിച്ചതോടെയാണ് ഇവിടെ വെള്ളം പൊങ്ങിയത്. ഏമ്പേറ്റ് അതിയടം റോഡിൽ ഓവർ ബ്രിഡ്ജ് വേണമെന്ന നാട്ടുകാരുടെ ആവശ്യത്തെ തുടർന്നാണ് ഇവിടെ റോഡ് പൂർണമായി ഇടിച്ചു താഴ്ത്താതെ കുറച്ചുഭാഗം നിലനിർത്തിയിരിക്കുന്നത്. ഇതോടെയാണ് റോഡിൽ വെള്ളം പൊങ്ങിയത്. നിലവിലുള്ള ഭാഗം കൂടി ഇടിച്ചുതാഴ്ത്താതെ പ്രശ്നത്തിന് പരിഹാരം കാണാനാവില്ലെന്നാണ് കരാറുകാരായ മേഘ കൺസ്ട്രക്ഷൻ അധികൃതർ പറയുന്നത്. ഇവിടെ ഓവർ ബ്രിഡ്ജ് എന്ന ആവശ്യം ഇതേവരെ പരിഗണിക്കപ്പെട്ടിട്ടില്ല. അതുകൊണ്ടുതന്നെ നിലവിലുള്ള അവസ്ഥയിൽ റോഡിലെ വെള്ളക്കെട്ടിന് പരിഹാരം കാണാൻ സാധിക്കാത്ത അവസ്ഥയാണ്.

പരിയാരം കുളപ്പുറം റോഡിൽ അലക്യംതോട് പല സ്ഥലത്തും മൂടപ്പെട്ടതോടെയാണ് ഇതുവരെ ഇല്ലാത്ത വിധത്തിൽ കുളംപ്പുറത്തേക്കുള്ള പാലത്തിൽ വെള്ളം കയറിയത്. പാലം ഉയർത്താതെ ഈ പ്രശ്നത്തിനും പരിഹാരം കാണാനാവില്ല. കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്യപ്പെട്ട എസ്.വൈ.എസ് സാന്ത്വനകേന്ദ്രത്തിേലക്കുള്ള ഈ റോഡ് വെള്ളത്തിൽ മുങ്ങിയതോടെ ആർക്കും കടന്നുപോകാനാവാത്ത സ്ഥിതിയായി. ദേശീയപാതയുടെ നവീകരണ പ്രവൃത്തി കൂടുതൽ സജീവമാകുന്നതോടെ നാട്ടുകാർ സമാനതകളില്ലാത്ത ദുരിതം നേരിടേണ്ടി വന്നേക്കാം. എം.എൽ.എയും പഞ്ചായത്തും പ്രശ്നത്തിൽ ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.