പരിയാരം: കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെ ലിഫ്റ്റുകൾ തകരാറിലായത് രോഗികളേയും, കൂട്ടിരിപ്പുകാരേയും, ആശുപത്രി ജീവനക്കാരേയും ഒരു പോലെ വലച്ചു. നിരവധി രോഗികൾ ലിഫ്റ്റ് ഇല്ലാത്തതിനാൽ റാമ്പ് വഴി പോകേണ്ടിവന്നത് കാരണം കടുത്ത ബുദ്ധിമുട്ടാണ് അനുഭവിച്ചത്. നിർമ്മാണത്തിലിരിക്കുന്ന രണ്ട് ലിഫ്റ്റുകൾ കൂടാതെ നാല് ലിഫ്റ്റുകളാണ് ഇവിടെ ഉള്ളത്. അതിൽ പുതിയ ലിഫ്റ്റിൽ ഒന്ന് മാത്രമാണ് ഇന്നലെ വൈകുന്നേരം വരെ പ്രവർത്തിച്ചത്. വൈകുന്നേരത്തോടെ പഴയ ലിഫ്റ്റിൽ ഒന്ന് പ്രവർത്തനക്ഷമമാക്കി. പഴയ ലിഫ്റ്റുകളെ പോലെ തന്നെ രണ്ട് മാസത്തിനടുത്ത് പ്രവർത്തനം തുടങ്ങിയ പുതിയ ലിഫ്റ്റുകളും അടിക്കടി തകരാർ ആകുന്നത് തെല്ലൊന്നുമല്ല രോഗികളെ ബുദ്ധിമുട്ടിക്കുന്നത്. നവീകരണ പ്രവൃത്തി നടന്നതോടെ പ്രശ്നങ്ങൾ വർദ്ധിച്ചുവരികയാണെന്ന പരാതി വ്യാപകമാണ്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രോഗി ലിഫ്റ്റിൽ കുടുങ്ങിയ സംഭവത്തോടെ ഈ ലിഫ്റ്റുകളുടെ തകരാറുകളും ചർച്ചയാവുകയാണ്.