കൊട്ടിയൂർ: കനത്ത മഴയെത്തുടർന്ന് കൊട്ടിയൂർ പാൽച്ചുരം പാതയിൽ മണ്ണിടിഞ്ഞു വീണു. ചൊവ്വാഴ്ച രാത്രിയും ഇന്നലെ രാവിലെയുമായി ചുരം ഒന്നാം വളവിന്റെ താഴ്ഭാഗത്തായി മണ്ണും മരങ്ങളും വലിയ പാറയും റോഡിലേക്ക് ഇടിഞ്ഞു വീഴുകയായിരുന്നു. മണ്ണിടിഞ്ഞു വീണതിനെത്തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു. വിവരമറിഞ്ഞ് കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡന്റ് റോയ് നമ്പൂടാകം, വാർഡ് മെമ്പർ ഷാജി പൊട്ടയിൽ, നാട്ടുകാർ, ഫയർഫോഴ്സ് ഉദ്യോഗസ്ഥർ എന്നിവർ സ്ഥലത്തെത്തി റോഡിലേക്ക് വീണ മണ്ണും കല്ലും മരങ്ങളും നീക്കം ചെയ്ത് താത്കാലികമായി ഗതാഗതം പുനഃസ്ഥാപിച്ചു. പ്രദേശത്ത് കനത്ത മഴ തുടരുന്നതിനാൽ കൂടുതൽ പാറകളും മണ്ണും റോഡിലേക്ക് ഇടിഞ്ഞു വീഴാൻ സാദ്ധ്യതയുള്ളതിനാൽ വാഹനയാത്രക്കാർ ആശങ്കയിലാണ്.
ഭാര വാഹന ഗതാഗത നിയന്ത്രണവും, രാത്രിയാത്ര നിരോധനവും
കൊട്ടിയൂർ: അമ്പായത്തോട് - പാൽച്ചുരം റോഡിൽ ശക്തമായ കാലവർഷം കാരണം മണ്ണിടിച്ചൽ ഉണ്ടായതിനാൽ 18 മുതൽ ഒരാഴ്ചത്തേക്ക് ഭാര വാഹന ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ രാത്രി കാല ഗതാഗത നിരോധനവും ഏർപ്പെടുത്തി. വയനാട് ജില്ലയിലേക്കുള്ള ഭാരവാഹനങ്ങൾ നെടുംപൊയിൽ ചുരം വഴി പോകേണ്ടതാണെന്ന് ഡെപ്യൂട്ടി കളക്ടർ ( ഡിസാസ്റ്റർ മാനേജ്മെന്റ്) അറിയിച്ചു.