nileshwer

നീലേശ്വരം:നീലേശ്വരം വില്ലേജിലെ മാട്ടുമ്മൽ കടിഞ്ഞിമൂല മേൽപ്പാലം നിർമ്മാണവുമായി ബന്ധപ്പെട്ട് നിർമ്മിച്ച ബണ്ടിൽ തട്ടി നീലേശ്വരം പുഴ ഗതി മാറി ഒഴുകി കുത്തൊഴുക്കിൽ കരിയിടിഞ്ഞതിനെ തുടർന്ന് നിരവധി തെങ്ങുകൾ കടപുഴകി.. നിലവിൽ ഇതിലൂടെ നാട്ടുകാർ ഉപയോഗിച്ച് വരുന്ന നടപ്പാലവും അപകടാവസ്ഥയിലാണ്.

ബണ്ടിന്റെ കുറച്ച് ഭാഗം ജെ.സി.ബി ഉപയോഗിച്ച് മാറ്റിയിട്ടുണ്ട്. ഇനിയും ബാക്കിയുള്ള മണ്ണ് ക്രെയിൻ ഉപയോഗിച്ച് കരാർ കമ്പനി നീക്കിത്തുടങ്ങി. നീലേശ്വരം രാജാസ് ഹയർസെക്കൻഡറി ,​ കോട്ടപ്പുറം ഹയർസെക്കൻഡറി തുടങ്ങിയ സ്കൂളുകളിലേക്കുള്ള വിദ്യാർത്ഥികളടക്കം കടന്നുപോകുന്ന നടപ്പാലം കടുത്ത അപകടഭീഷണിയിലാണിപ്പോൾ.ഇതുവഴി യാത്രചെയ്യരുതെന്ന് വിദ്യാർത്ഥികൾക്ക് സ്കൂൾ അധികൃതർ മുഖാന്തിരം അറിയിപ്പ് നൽകിയിട്ടുമുണ്ട്. കടുത്ത കുത്തൊഴുക്കാണ് പുഴയുടെ ഈ ഭാഗത്ത് അനുഭവപ്പെടുന്നത്.