കണ്ണൂർ:അതിതീവ്ര മഴയിൽ കണ്ണൂർ,കാസർകോട് ജില്ലയിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. വിവിധ ഭാഗങ്ങളിൽ വ്യാപക നാശനഷ്ടമുണ്ടായി. അപകടഭീഷണിയെ തുടർന്ന് ആളുകളെ മാറ്റിതാമസിപ്പിച്ചിട്ടുണ്ട്. കണ്ണൂർ പള്ളിയാംമൂലയിൽ നിരവധി വീടുകളിൽ വെള്ളം കയറി.ഇവിടെ നിന്നും പ്രായമായവരെയും സ്ത്രീകളെയും മാറ്റി.വീടിന്റെ അകത്ത് വരെ വെള്ളം കയറിയതിനെ തുടർന്ന് ചെമ്പ് പാത്രത്തിലും മറ്റും ഇരുത്തിയാണ് ആളുകളെ മാറ്റിയത്.
പാനൂർ കെ.കെ.വി ഹയർസെക്കൻഡറി സ്‌കൂളിലെ ബസ് വെള്ളക്കെട്ടിൽ നിന്നുപോയി. പാനൂരിൽ ശക്തമായ മഴ പെയ്തതിനെ തുടർന്ന് ഉച്ചയ്ക്ക് സ്‌കൂൾ വിടുകയും ബസ് കുട്ടികളുമായി പോവുകയും ആയിരുന്നു. ചെറിയ വെള്ളക്കെട്ടാണ് എന്ന് കരുതി വാഹനം മുന്നോട്ട് എടുത്തതാണ് പ്രശ്നമായത്. ബസ് വെള്ളക്കെട്ടിൽ കുടുങ്ങിയെങ്കിലും കുട്ടികളെ സുരക്ഷിതരായി പുറത്തിറക്കി.
നാട്ടുകാരുടെ സഹായത്തോടെ ബസ് സുരക്ഷിതമായി മാറ്റി. ബസ് വെള്ളക്കെട്ടിൽ ഇറക്കിയത് മുന്നറിയിപ്പ് അവഗണിച്ചെന്ന് പരാതിയിൽ ഡ്രൈവറെ സസ്‌പെൻഡ് ചെയ്യും.കടവത്തൂർ മുണ്ടത്തോട് റോഡിലാണ് ബസ്സ് കുടുങ്ങിയത്. കണ്ണൂർ ചമ്പാട് ചോതാവൂർ സ്‌കൂളിലെ ഇരുപതോളം കുട്ടികളെയാണ് സ്‌കൂൾ ബസ് ഡ്രൈവർ പാതിവഴിയിൽ ഇറക്കിവിട്ടതായി പരാതിയുണ്ട്. റോഡിൽ ഒരാൾപ്പൊക്കം വെള്ളമുണ്ടായിരുന്നു. സംഭവത്തിൽ സ്‌കൂൾ അധികൃതർക്കെതിരെ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തി. വിദ്യാർത്ഥികൾ പറഞ്ഞതിനാലാണ് പാതിവഴിയിൽ ഇറക്കിവിട്ടതെന്നാണ് ഡ്രൈവറുടെ വിശദീകരണം.
പഴശ്ശി ഡാം തുറന്നു വിട്ടതിനാൽ ജല നിരപ്പ് ഉയർന്ന സാഹചര്യത്തിൽ പറശ്ശിനിക്കടവിലെ ബോട്ട് സർവ്വീസുകൾ നിർത്തിവച്ചു. ജലഗതാഗത വകുപ്പിന്റെ ബോട്ടുകളും സകാര്യ ബോട്ടുകളുമാണ് സർവീസ് നിർത്തിയത്.
ചക്കരക്കല്ലിൽ കാറിന് മുകളിൽ മതിലിടിഞ്ഞ് വീണ് കാർ തകർന്നു. മട്ടന്നൂർ നായിക്കാലിയിൽ റോഡ് പൂർണമായും തകർന്നു പുഴയിലേക്ക് പതിച്ചു.
കണ്ണൂർ പള്ളിയാംമൂല. താഴെ ചൊവ്വ ഭാഗങ്ങളിൽ നിരവധി വീടുകളിൽ വെള്ളം കയറി. പ്രായമായവരെയും സ്ത്രീകളെയും സുരക്ഷിത കേന്ദ്രത്തിലേക്കു മാറ്റി.കൂത്തുപറമ്പ് നീർവേലി ശ്രീ നിലയത്തിൽ പി.വി. ഗീതയുടെ വീടിന് മുകളിൽ തെങ്ങ് കടപുഴകി വീണു.
കൂത്തുപറമ്പ് നീർവേലി,അളകാപുരി ഭാഗങ്ങളിൽ വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് ഏഴ് കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു.പതിമൂന്നാം വയലിലെ കുനിയിൽ ആബൂട്ടിയുടെ വീട്ടിൽ ഇന്നലെ പുലർച്ചെയാണ് വെള്ളം കയറിയത്.കട്ടിലും ഫർണിച്ചറുകളും വീട്ടുപകരണങ്ങളുമെല്ലാം വെള്ളത്തിൽ മുങ്ങി.മകളുടെ മകൻ സമീൻ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.വെള്ളം കൂടുമെന്ന ഭീതിയെ തുടർന്ന് മറ്റ് കുടുംബാഗങ്ങളെ ഇവിടെ നിന്നും മാറ്റി പാർപ്പിച്ചിരുന്നു.ഉറക്കത്തിനിടയിൽ കിടക്ക നനഞ്ഞപ്പോഴാണ് വെള്ളം കയറിയത് സമീറിന് മനസ്സിലായത്.തുടർന്ന് നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു.അളകാപുരി പട്ടർക്കണ്ടിയിലെ ചോട്ടാസാഗർ വീട്ടിൽ പി.പി.സമീറ, സൗഫിയ,സാദഖി സിബി,എ.കെ.നിസാർ,അഷ്കർ എന്നിവരുടെ വീടുകളിലും വെള്ളം കയറി.ഈ കുടുംബാംഗങ്ങളെ മാറ്റിപാർപ്പിച്ചു.
മട്ടന്നൂർ റോഡിൽ നായിക്കാലിൽ റോഡ് പൂർണ്ണമായും തകർന്ന് ഗതാഗതം സ്തംഭിച്ചു.സമീപത്തുള്ള ഒരു കുടുംബത്തെ മാറ്റിപാർപ്പിച്ചു.റോഡ് നിർമ്മാണം നടക്കുന്ന ഭാഗത്തെ മണ്ണിടിച്ചലിനെ തുടർന്ന് ഭാരവാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതിന് പിന്നാലെയാണ് വീണ്ടും ഇന്നലെ രാവിലെ മുതൽ റോഡ് ഇടിഞ്ഞു വീഴാൻ തുടങ്ങിയത്.കണ്ണവം എടയാറിൽ പുഴ കരകവിഞ്ഞൊഴുകി വാഹനയാത്ര തടസപ്പെട്ടു. കണ്ണവം വനാന്തരങ്ങളിൽ കടപുഴകി വീഴുന്ന വലിയ മരങ്ങൾ എടയാർ റെഗുലേറ്റർ കം ബ്രിഡ്ജിന്റെ തൂണുകളിൽ തട്ടി നിൽക്കുന്നതാണ് ഒഴുക്ക് തടസ്സപ്പെട്ട് പുഴ കരകവിഞ്ഞൊഴുകാൻ കാരണം.
വെള്ളത്തിൽ മുങ്ങി ദേശീയ പാത
ദേശീയപാത നിർമാണം നടക്കുന്ന തിലാന്നൂർ പ്രദേശവും വെള്ളത്തിലായി. തിലാന്നൂർ വായനശാലയ്ക്കു സമീപം മേൽപ്പാലവും ദേശീയപാത നിർമാണവും നടക്കുന്ന പ്രദേശത്താണ് വെള്ളം ഒഴുകി പോകാൻ സംവിധാനം ഇല്ലാത്തതിനെ തുടർന്ന് വലിയ വെള്ളക്കെട്ട് രൂപപ്പെട്ടത്.തിലാന്നൂർ വായനശാല, നിരവധി കടകൾ, വീടുകൾ എന്നിവയെല്ലാം വെള്ളം കയറി. കാപ്പാട് തിലാന്നൂർ കണ്ണൂർ ഭാഗത്തേക്ക് തിലാന്നൂരിൽ നിന്ന് ബസടക്കം വലിയ വാഹനങ്ങൾ മാത്രമാണ് കടത്തിവിട്ടത്. ഏറെ നേരം ഗതാഗതകുരുക്കുണ്ടായി. പ്രദേശവാസികൾ ഇടപെട്ടാണ് ഗതാഗതം നിയന്ത്രിച്ചത്.ദേശീയ പാത നിർമ്മാണം നടക്കുന്ന വിവധ ഭാഗങ്ങളിൽ സമാന സ്ഥിതിയാണ്.പരിയാരം ഏമ്പേറ്റ് ദേശീയ പാതയിൽ വെള്ളക്കെട്ടുണ്ടായി.