തലശ്ശേരി: അത്യന്തം അപകടാവസ്ഥയിലാണെന്ന് മൂന്ന് മാസത്തിനിടെ രണ്ട് തവണ മുന്നറിയിപ്പ് നൽകിയിട്ടും അധികൃതർ കണ്ടില്ലെന്ന് നടിച്ച നഗരസഭയുടെ കെട്ടിട സമുച്ചയത്തിന്റെ പിൻഭാഗം തകർന്നു. വൻ ദുരന്തമാണ് ഒഴിവായത്. നിരവധി വിദ്യാലയങ്ങളിലേക്കുള്ള വിദ്യാർത്ഥികളടക്കം കടന്നുപോകുന്ന വഴിയിലേക്കാണ് ജീർണ്ണിച്ച കെട്ടിടത്തിന്റെ കുതിർന്ന ചുമരിൽ നിന്ന് കല്ലുകൾ ഊർന്നു വീണത്.
ഇന്നലെ കാലത്ത് 10.15 മണിയോടെയാണ് അപകടം. പൈതൃകനഗരത്തിന്റെ ഹൃദയഭാഗത്തുള്ള ജീർണ്ണിച്ച കെട്ടിടങ്ങൾ ഒന്നൊന്നായി കനത്ത മഴയിൽ നിലംപൊത്തിക്കൊണ്ടിരിക്കെയാണ്, എം.ജി. റോഡിലെ നഗരസഭയുടെ ബഹുനില ഷോപ്പിംഗ് കോംപ്ലക്സിന്റെ ഒരു ഭാഗം നിലംപൊത്തിയത്. കെട്ടിടത്തിന്റെ പിറക് ഭാഗത്ത് ചുമരുകളിൽ ആഴത്തിൽ വേരോടിയ വലിയ മരങ്ങൾ തന്നെ കാണാം. വേരുകൾ ആണ്ടിറങ്ങി ചുമരുകളിൽ വിള്ളലുകൾ വീണിട്ട് കാലമേറെയായി. മഴ തുടങ്ങിതോടെ ചുമരുകൾ കുതിർന്ന് നിൽപ്പായിരുന്നു. നേരത്തെ ജനൽ പാളികൾ അടർന്ന് വീഴാൻ തുടങ്ങിയിരുന്നു.
നഗരത്തിലെ അത്യന്തം അപകട ഭീഷണിയുയർത്തുന്ന കെട്ടിടമായി ഇത് മാറിയിരിക്കുകയാണെന്ന് കേരളകൗമുദി ചൂണ്ടിക്കാട്ടിയിരുന്നു. നേരത്തെ ഉണ്ടായിരുന്ന ട്രാവലേർസ് ബംഗ്ലാവ് പൊളിച്ചാണ് നഗരസഭ കാര്യാലയത്തിന് തൊട്ടടുത്തുള്ള ഈ സ്ഥലത്ത് സ്വന്തമായി മൂന്നു നില ഷോപ്പിംഗ് കോംപ്ലക്സ് പണിതത്. നഗരത്തിലെ ജീർണ്ണിച്ച കെട്ടിടങ്ങൾ, ഉടമകൾ തന്നെ പൊളിച്ചുമാറ്റാൻ നഗരസഭാധികൃതർ ആവശ്യപ്പെടുമ്പോൾ, നഗരസഭയുടെ കീഴിലുള്ള ഈ കെട്ടിടം ആര് പൊളിച്ചുമാറ്റുമെന്നാണ് ചുറ്റിലുമുള്ള കടക്കാർ ചോദിക്കുന്നത്.
പുറമെ സുന്ദരം; അകം ഭീകരം
കെട്ടിടത്തിന്റെ റോഡിന്നഭിമുഖമായ മുൻഭാഗത്ത് പെയിന്റടിച്ച് സുന്ദരമാക്കിയിട്ടുണ്ട്. പ്രത്യക്ഷത്തിൽ അപകടാവസ്ഥ മനസ്സിലാവില്ല. ഈ കെട്ടിടത്തിൽ ബാങ്ക് ശാഖ, സാമൂഹ്യക്ഷേമ വകുപ്പ് ഓഫീസ്, ട്രാവൽ ഏജൻസി, ചായക്കട, സ്റ്റേഷനറി ഖാദി സ്റ്റോർ തുടങ്ങി നിരവധി സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. കെട്ടിടത്തിന് താഴെ വിവിധ സ്‌കൂളുകളിലേക്ക് പോകുന്ന വിദ്യാർത്ഥികളടക്കം നൂറുകണക്കിനാളുകൾ കടന്നുപോകുന്ന തിരക്കേറിയവഴിയുമാണ്.