ചെറുപുഴ(കണ്ണൂർ): കോഴിച്ചാൽ തുരുത്തിലേയ്ക്കുള്ള താല്കാലികപാലം തകർന്നതിനെ തുടർന്ന് ഒറ്റപ്പെട്ട കുടുംബങ്ങളെ ഫയർഫോഴ്‌സ് നേതൃത്വത്തിൽ മാറ്റിത്താമസിപ്പിച്ചു.കാര്യങ്കോട് പുഴയ്ക്കും അതിന്റെ കൈവഴിയായ തോടിനുമിടയിലുള്ള തുരുത്തിലെ ആറ് കുടുംബങ്ങളെയാണ് മാറ്റിത്താമസിപ്പിച്ചത്. ഇവിടേയ്ക്ക് പുഴയ്ക്ക് കുറുകെ കമുകും മുളയും ഉപയോഗിച്ച് കെട്ടിയ താല്കാലികപാലം മാത്രം ആണുള്ളത്.കർണാടക വനത്തിൽ നിന്നുള്ള ശക്തമായ മലവെള്ളപ്പാച്ചിലിനിടെ മരം വന്നിടിച്ച് പാലം ഒടിയുകയായിരുന്നു. ഇതോടെ ഒറ്റപ്പെട്ടു പോയ നാല് സ്ത്രീകളും നവജാതശിശുവിനെയും ഒരു പുരുഷനെയും പെരിങ്ങോത്ത് നിന്നുള്ള പതിനാലംഗ അഗ്നിശമനസേന ഉദ്യോഗസ്ഥർ രക്ഷപ്പെടുത്തിയത്.പുഴയിൽ വെള്ളം ഉയരുന്നത് കണ്ടത് ബാക്കിയുള്ളവർ ഇവിടെ നിന്ന് മാറിയിരുന്നു.പഞ്ചായത്ത് പ്രസിഡൻ്റ് കെ.എഫ്. അലക്സാണ്ടർ, വില്ലേജധികൃതർ തുടങ്ങിയവരും സ്ഥലത്തെത്തിയിരുന്നു. തകർന്ന പാലത്തിന് പകരം അടിയന്തിരമായി സ്റ്റീൽ പാലം അടിയന്തിരമായി നിർമ്മിക്കുന്നതിന് പന്ത്രണ്ട് ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കിയതായി പഞ്ചായത്ത് പ്രസിഡണ്ട് അറിയിച്ചു.കാര്യങ്കോട് പുഴ കരകവിഞ്ഞതിനെ തുടർന്ന് വയലായി കോളനിയിലെ വീടുകളിലും വെള്ളം കയറി. ഇവിടെയും ആളുകളെ മാറ്റിപ്പാർപ്പിക്കാനുള്ള ശ്രമം തുടരുകയാണ്.