തലശ്ശേരി: ചമ്പാട് ചോതാവൂർ സ്‌കൂളിലെ ഇരുപതോളം വിദ്യാർത്ഥികളെ വഴിയിൽ ഇറക്കിവിട്ട ബസ് ഡ്രൈവർക്കെതിരെ പ്രതിഷേധം. റോഡിൽ ഒരാൾപ്പൊക്കത്തിൽ വെള്ളം കെട്ടിക്കിടക്കുന്നുണ്ട്. വീട്ടിലെത്താനാകാതെ കുടുങ്ങിയ നിലയിൽ കുട്ടികൾ നിൽക്കുന്നതു കണ്ട് നാട്ടുകാർ വിവരം അന്വേഷിക്കുകയായിരുന്നു. തുടർന്ന് കുട്ടികളോട് പോകരുതെന്ന് ആവശ്യപ്പെട്ട നാട്ടുകാർ സ്‌കൂൾ അധികൃതരുമായി ഫോണിൽ ബന്ധപ്പെട്ടു.
സ്‌കൂൾ ബസ് ഡ്രൈവറുടെ അനാസ്ഥയാണ് സംഭവത്തിനു പിന്നിലെന്ന് മനസിലായി. തുടർന്ന് ഡ്രൈവറെ തിരിച്ചുവിളിച്ച് കുട്ടികളെ വീണ്ടും ബസിൽ കയറ്റി അയക്കുകയായിരുന്നു. റോഡിൽ വെള്ളക്കെട്ടുള്ളതിനാൽ വളഞ്ഞ വഴിയിലൂടെ പോകണമെന്നതു കൊണ്ടാണ് കുട്ടികളെ വഴിയിൽ ഇറക്കി വിട്ടതെന്നാണ് ഡ്രൈവർ പറയുന്നത്.