പരിയാരം: കുളപ്പുറം പാലത്തെ മഴവെള്ളം വിഴുങ്ങിയതോടെ പാലത്തിന് മേൽ താൽക്കാലിക കവുങ്ങ്പാലം പണിത് പരിയാരത്തെ എസ്.വൈ.എസ് സാന്ത്വനം പ്രവർത്തകർ. കഴിഞ്ഞ 14 ന് ഉദ്ഘാടനം ചെയ്ത സാന്ത്വന കേന്ദ്രത്തിലേക്ക് പ്രവേശിക്കാനുള്ള ഏക മാർഗ്ഗമായ കുളപ്പുറം പാലം മഴവെള്ളത്തിൽ മുങ്ങിയിട്ട് നാല് ദിവസമായി. നിരവധി പേരാണ് ഓരോ ദിവസവും വിവിധ ആവശ്യങ്ങൾക്കായി സാന്ത്വന കേന്ദ്രത്തിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്.
അത്യാവശ്യക്കാരെ ചുമലിലേറ്റി കേന്ദ്രത്തിലേക്ക് എത്തിക്കാൻ എസ്.വൈ.എസിന്റെ സന്നദ്ധ പ്രവർത്തകർ പാലത്തിന് സമീപം ഉണ്ടായിരുന്നു. എന്നാൽ എത്തിച്ചേരുന്നവരുടെ എണ്ണം കൂടിയതോടെ പാലത്തിന് മുകളിൽ കവുങ്ങ് ഉപയോഗിച്ച് പ്രവർത്തകർ താൽക്കാലികമായി പാലം നിർമ്മിച്ച് പ്രശ്നത്തിന് പരിഹാരം കാണുകയായിരുന്നു. സാന്ത്വനകേന്ദ്രം പ്രസിഡന്റ് മുഹമ്മദ് റഫീഖ് അമാനി തട്ടുമ്മൽ, എ.ബി.സി. ബഷീർ, റഫീക്ക് പാണപ്പുഴ എന്നിവരുടെ നേതൃത്വത്തിൽ ഇരുപതോളം വളണ്ടിയർമാർ ചേർന്നാണ് പാലം നിർമ്മാണം പൂർത്തീകരിച്ചത്.