palappuzha

ഇരിട്ടി: അതിതീവ്ര മഴയിൽ ഇരിട്ടി മേഖലയിലെ പാലങ്ങളും നിരവധി കൃഷിയിടങ്ങളും വെള്ളത്തിലായി. വീട്ടുമതിലുകൾ ഇടിയുകയും മരംവീണും മറ്റും വിവിധ മേഖലകളിൽ വൈദ്യുതി ബന്ധം നിലക്കുകയും ചെയ്തു. കർണാടക വനമേഖലകളിൽ ഉണ്ടായ ശക്തമായ മഴയിൽ ഉരുൾപൊട്ടൽ സമാനമായി ഉണ്ടായ മലവെള്ളപ്പാച്ചിലിൽ ഉളിക്കൽ മേഖലയിലെ മണിക്കടവ് നുച്യാട് പുഴ കരകവിഞ്ഞു. മണിക്കടവ് ചപ്പാത്ത് പാലവും വട്ട്യാംതോട്, വയത്തൂർ പാലങ്ങളും വെള്ളത്തിനടിയിലായി. പാലപ്പുഴ പാലം കരകവിഞ്ഞൊഴുകിയതിനെ തുടർന്നു ആറളം ഫാം -പാലപ്പുഴ റൂട്ടിൽ വൈകുന്നേരം വരെ ഗതാഗതം നിലച്ചിരുന്നു. വൈകുന്നേരം വെള്ളം പാലത്തിന്റെ മുകളിൽ നിന്ന് ഇറങ്ങിയത്തോടെ ഗതാഗതയോഗ്യമായി. ഫാമും ആറളം വന്യജീവി സങ്കേതവും ഒറ്റപ്പെട്ടു. നിർമ്മാണം നടക്കുന്ന ചെന്തോട് പാലത്തിന്റെ സമാന്തരപാതയ്ക്ക് മുകളിലൂടെ വെള്ളം കവിഞ്ഞൊഴുകിയതിനെത്തുടർന്ന് ആറളം മണത്തണ മലയോര ഹൈവേയിലും ഗതാഗതം തടസ്സപ്പെട്ടു.
ഉളിയിൽ തോട് കവിഞ്ഞൊഴുകി സ്‌കൂൾ മുറ്റം വെള്ളത്തിലായതിനെത്തുടർന്ന് ഉളിയിൽ ഗവ.യു.പി.സ്‌കൂളിന് വ്യാഴാഴ്ച അവധി നൽകി. ബാവലിപ്പുഴയിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്നാണ് പാലപ്പുഴ പാലവും ചെന്തോട് പാലത്തിന്റെ സമാന്തര പാതയും കരകവിഞ്ഞത്. കർണാടക അതിർത്തിയിലെ ബാരാപ്പുഴയിലും ജനനിരപ്പ് ഉയർന്നിട്ടുണ്ട്.
കൂട്ടുപുഴ പേരട്ടയിൽ മരം കടപുഴകി ജുമാ മജ്സിദിനു മുകളിലേക്ക് വൈദ്യുതി തൂണുകൾ മറിഞ്ഞുവീണു. ഇവിടെ അഞ്ചോളം വൈദ്യുതി തൂണുകൾ നിലംപൊത്തുകയും പേരട്ട -മട്ടിണി റോഡിൽ ഗതാഗതവും നിലച്ചു.
ആറളം ഒടാക്കലിൽ ബാബു തറപ്പേലിന്റെ വീടിന് മുകളിലേക്ക് മരം വീണു. വീടിന് കേടുപാടുകൾ സംഭവിച്ചു. അയ്യൻകുന്നിൽ ചരൾ അങ്കണവാടിയുടെ മതിൽ ഇടിഞ്ഞു. രണ്ടാംകടവ് വാളത്തോട് പഴനിലത്ത് ബിനീഷിന്റെ വീട് പിറകുവശത്തെ മൺതിട്ട ഇടിഞ്ഞു വീണ് വീട് അപകടത്തിലായി. പായത്തും നിരവധിയിടങ്ങളിൽ നാശനഷ്ടങ്ങൾ ഉണ്ടായി. ഉളിക്കൽ പഞ്ചായത്ത് അംഗം ബിജു വെങ്ങനപ്പള്ളിയുടെ വീട്ടുമതിൽ തകർന്നു. പടിയൂർ പുലിക്കാട് മണിയാലിൽ രാജന്റെ വീടിനു പിറകിലെ മതിൽ ഇടിഞ്ഞു വൈദ്യുതി തൂൺ അപകടത്തിലായി. വീട് ഭീഷണിയിലാണ്.
പുന്നാട് ചെമ്പോറ സ്വദേശി രാജീവന്റെ വീട്ടുമതിൽ ഇടിഞ്ഞു വീണു. മതിലിന്റെ കല്ലും മണ്ണും വീണ് മതിലിനോട് ചേർന്ന് തോടുകണക്കെ ഒഴുകിയിരുന്ന വെള്ളം സമീപവാസിയായ ലക്ഷ്മി അമ്മയുടെ പറമ്പിലേക്ക് ഒഴുകി വീട്ടുമുറ്റവും പറമ്പും നിറഞ്ഞു കവിഞ്ഞു.
ഇരിട്ടി ഐബിക്കു സമീപം കോൺക്രീറ്റ് റോഡിന്റെ സംരക്ഷണ ഭിത്തി 3 മീറ്ററോളം ഉയരത്തിലും വീതിയിലും ഇടിഞ്ഞു. അടിവശത്ത് മണ്ണ് ഇടിഞ്ഞുപോയ നിലയിൽ റോഡ് അപകടത്തിലാണ്.
ഉളിയിൽ മേഖലയിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. ഉളിയിൽ പാച്ചിലാളം, ഉളിയിൽ മുല്ലേരിക്കണ്ടി കല്ലേരിക്കൽ റോഡുകൾ വെള്ളത്തിനടിയിലാണ്. പാച്ചിലാളം റോഡ് മണ്ണിടിച്ചിൽ മൂലം വൻ അപകട ഭീഷണിയിലാണ്. തോട് കടന്നു പോകുന്ന സമീപത്തെ പറമ്പുകളിലെല്ലാം വെള്ളം കയറി കൃഷിനാശം ഉണ്ടായി. കുന്നിൻകീഴിൽ അത്തപുഞ്ച റോഡ്, പാലത്തിന് സമീപം പൂർണമായും വെള്ളത്തിലായി ഈ ഭാഗത്ത് വയൽ മുഴുവൻ വെള്ളത്തിനടിയിലാണ്. കൃഷിയും നാശത്തിലാണ്. കാലാങ്കിയിൽ ഓരത്തേൽ ജോർജിന്റെ വീടിനു മുകളിൽ മരം വീണു കേടുപാട് സംഭവിച്ചു. കാലാങ്കി പഴയ പള്ളി ഗ്രൗണ്ടിൽ പണിത സ്റ്റേജിന്റെ ഒരു ഭാഗവും മതിൽക്കെട്ടും 15 മീറ്ററോളം ഇടിഞ്ഞു. പടിയൂരിൽ കല്യാട് സ്വദേശി കരുവൻ വിശ്വനാഥന്റെ കൃഷിയിടത്തിൽ ഭൂമി അഞ്ച് മീറ്ററോളം താഴ്ന്ന് കുളം രൂപപ്പെട്ടു. തില്ലങ്കേരി വാഴക്കാൽ, തെക്കം പൊയിൽ, നെല്യാട്ടേരി പ്രദേശങ്ങളിലും വെള്ളം കയറി കൃഷിനാശമുണ്ടായി. ആറളം ചെടിക്കുളത്ത് പെരുന്തേയിൽ മറിയത്തിന്റെ വീട്ടിന് മുകളിൽ തെങ്ങ് വീണ് വീട് ഭാഗികമായി തകർന്നു.