പേരാവൂർ:ദിവസങ്ങളായി പെയ്യുന്ന കനത്ത മഴയെത്തുടർന്ന് മലയോരത്ത് പലയിടങ്ങളിലും ഉരുൾപൊട്ടൽ ഭീഷണി.ബാവലി, ചീങ്കണ്ണി, കാഞ്ഞിരപ്പുഴകളിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നു. സമീപ പ്രദേശങ്ങളിലുള്ള കൃഷിയിടങ്ങളിലേക്കും വെള്ളം കയറി.
കനത്ത മഴയെത്തുടർന്ന് കണിച്ചാറിലെ ആറ്റാംഞ്ചേരി പാടശേഖരം വെള്ളത്തിനടിയിലായി. നിരവധി കർഷകരുടെ കാർഷിക വിളകളാണ് വെള്ളം കയറി നശിച്ചത്.നെല്ല്, വാഴ, മരച്ചീനി തുടങ്ങിയവ വെള്ളത്തിനടിയിലാണ്.നവീഷ്, ഷിജി തുടങ്ങിയ കർഷകരുടെ വാഴകളും മരച്ചീനിയും വെള്ളം കയറി നശിച്ചു.സമീപത്തെ കവുങ്ങിൻ തോട്ടത്തിൽ ഉൾപ്പെടെ വെള്ളം കയറി.
പേരാവൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിന് സമീപം കാഞ്ഞിരപ്പുഴ കരകവിഞ്ഞൊഴുകി.ക്ഷേത്രത്തിലേക്ക് പോകുന്ന ഭാഗത്ത് വെള്ളം കയറിയതിനെത്തുടർന്ന് കാൽനടയാത്ര അസാദ്ധ്യമായി. പുഴയിൽ ക്രമാതീതമായി ജലനിരപ്പുയർന്നതിനാൽ സമീപ ' പ്രദേശത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി.പി.വേണുഗോപാലൻ അറിയിച്ചു.ഈരായിക്കൊല്ലിയിലെ കടമേരി ബിജുവിന്റെ വീട്ടുകിണർ ഇടിഞ്ഞുതാണു. ഇന്നലെ മൂന്നു മണിയോടെയാണ് സംഭവം.നിർമാണത്തിലിരിക്കുന്ന വീടിന്റെ സമീപത്തുള്ള കിണറാണ് വൻ ശബ്ദത്തോടെ ഇടിഞ്ഞുതാണത്.
മണത്തണ അമ്പായത്തോട് മലയോര ഹൈവേയിൽ കേളകം സാൻജോസ് പളളിക്ക് സമീപം ഇന്നലെ രാവിലെ മരം പൊട്ടിവീണ് ഗതാഗതം തടസപ്പെട്ടു. പൊലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് മരം മുറിച്ചുമാറ്റി ഗതാഗതം പുന:സ്ഥാപിച്ചു.
അമ്പായത്തോട് താഴെ പാൽച്ചുരത്തെ ഓളാട്ടുപുറം ബിജുവിന്റെ വീട്ടുമുറ്റം ഇടിഞ്ഞ് താഴ്ന്നു. വീട് ഭീഷണിയിലാണ്. ഇവരെ മാറ്റി പാർപ്പിക്കാനാണ് അധികൃതരുടെ തീരുമാനം.ശാന്തിഗിരി കൈലാസംപടിയിൽ ഭൂമിയിൽ വീണ്ടും വിള്ളലുകൾ രൂപപ്പെട്ടു.
കണ്ണൂരിനേയും വയനാടിനേയും ബന്ധിപ്പിക്കുന്ന പാൽച്ചുരം ബോയ്സ് ടൗൺ റോഡിൽ മണ്ണിടിച്ചിലുണ്ടായി.വലിയ രണ്ട് പാറകൾ റോഡിലേക്ക് വീണതിനെത്തുടർന്ന് ഗതാഗത തടസപ്പെട്ടു.തുടർന്ന് അധികൃതർ ജെ.സി.ബി ഉപയോഗിച്ച് പാറകൾ പൊട്ടിച്ചു നീക്കിയാണ് ഗതാഗതം പുനസ്ഥാപിച്ചത്.