നീലേശ്വരം: മാട്ടുമ്മൽ കടിഞ്ഞിമൂല ഓവർ ബ്രിഡ്ജ് നിർമ്മാണവുമായി ബന്ധപ്പെട്ട് പുഴയിൽ ബണ്ട് നീക്കം ചെയ്യാത്തതിനാൽ പുഴ ഗതിമാറി ഒഴുകിയ ഭാഗത്തെ കരയിടിച്ചിൽ രൂക്ഷമായി. കടിഞ്ഞിമൂല കരഭാഗത്തെ ബണ്ട് നീക്കം ചെയ്യാൻ തുടങ്ങിയതോടെയാണ് കരയിടിച്ചിൽ തുടങ്ങിയത്. കടിഞ്ഞിമൂലയിലെ ദേവകിയുടെ 10 സെന്റോളം ഭൂമി പുഴയെടുക്കുകയും ഒട്ടേറെ തെങ്ങുകൾ കടപുഴകുകയും ചെയ്തു.
പുഴയിലെ ബണ്ട് പൂർണ്ണമായും നീക്കാൻ റവന്യൂ, നഗരസഭാ അധികൃതർ നിർദ്ദേശം നൽകിയതിനെ തുടർന്ന് ക്രെയിൻ ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്തിരുന്നു. വ്യാഴം, വെള്ളി ദിവസങ്ങളിൽ ഒഴുക്ക് ശക്തമായതിനെ തുടർന്ന് മുങ്ങത്ത് ലീല, നീലേശ്വരം സ്വദേശിയായ അബ്ദുൾ റഹ്മാൻ ഹാജി എന്നിവരുടെ ഭൂമിയും പുഴയെടുത്തു. പുഴയിൽ ഒഴുക്ക് ശക്തമായാൽ കരയിടിച്ചിൽ ഇനിയും രൂക്ഷമാകുമെന്ന് നാട്ടുകാർ പറഞ്ഞു.
കരാറുകാരന്റെ അനാസ്ഥയാണ് ഇതിന് കാരണമായി നാട്ടുകാർ പറയുന്നത്. ഇതുവരെ 3035 സെന്റോളം ഭൂമിയും നാൽപതിലധികം തെങ്ങുകളും പുഴയെടുത്തുവെന്ന് നഗരസഭാ കൗൺസിലർ എം.കെ വിനയരാജ് പറഞ്ഞു. മാട്ടുമ്മൽ ഭാഗത്ത് നീക്കം ചെയ്യാനുള്ള ബണ്ട് കൂടി എത്രയും പെട്ടന്ന് നീക്കം ചെയ്യാൻ വെള്ളി രാവിലെ പതിനൊന്നോടെ സ്ഥലം സന്ദർശിച്ച സബ് കളക്ടർ സൂഫിയാൻ അഹമ്മദ് കരാറുകാരന് നിർദ്ദേശം നൽകി. സബ് കളക്ടറോടൊപ്പം ഹൊസ്ദുർഗ് തഹസിൽദാർ എം.മായ, നഗരസഭ വൈസ് ചെയർമാൻ പി.പി.മുഹമ്മദ് റാഫി, കൗൺസിലർമാരായ എം.കെ.വിനയരാജ്, പ്രീത, ദുരന്തനിവാരണ ചുമതലയുള്ള ഡെപ്യൂട്ടി തഹസിൽദാർ പി.വി.തുളസിരാജ്, പി.ഡബ്ല്യു.ഡി എക്സിക്യൂട്ടീവ് എൻജിനീയർ രാജീവൻ, വില്ലേജ് ഓഫീസർ കെ.വി.ബിജു, വില്ലേജ് അസിസ്റ്റന്റ് അജയൻ, സി.പി.എം ലോക്കൽ സെക്രട്ടറി കെ.വി.സതീശൻ, റിജേഷ് ഓർച്ച, അഷ്രഫ് കണിച്ചിറ എന്നിവരും ഉണ്ടായിരുന്നു. സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്ന് തഹസിൽദാർ എം.മായ പറഞ്ഞു.