കണ്ണൂർ: കണ്ണൂർ സർവകലാശാല മാർച്ചിനിടെ പൊലീസിനെ ആക്രമിക്കുകയും പൊലീസിന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തുകയും പൊതുമുതൽ നശിപ്പിക്കുകയും ചെയ്തുവെന്ന കേസിൽ എസ്.എഫ്.ഐ നേതാക്കളെ കോടതി തടവിനും പിഴയടക്കാനും ശിക്ഷിച്ചു. എം.ഷാജർ, പി.പ്രശോഭ്, പി.അഖിൽ, എൻ.കെ.റുബിൻ, പി.എം.അഖിൽ, എ.മുഹമ്മദ് അഫ്സൽ, പി. സച്ചിൻ എന്നിവരെയാണ് ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് മുഹമ്മലി ഷഹർഷാദ് വിവിധ വകുപ്പുകളിലായി 43 മാസം വീതം തടവിനും 7700 രൂപ വീതം പിഴയടക്കാനും ശിക്ഷിച്ചത്.

2014 ജൂൺ ഒമ്പതിനായിരുന്നു മാർച്ച്. വി.സി രാജി വെക്കുക, ഉന്നത വിദ്യാഭ്യാസം സംരക്ഷിക്കുക തുടങ്ങിയ മുദ്രാവാക്യവുമായി താവക്കരയിലുള്ള യൂനിവേഴ്സിറ്റി കാംപസിലേക്കാണ് എസ്.എഫ്.ഐയുടെ നേതൃത്വത്തിൽ മാർച്ച് നടത്തിയത്. ഇത് പൊലീസ് തടഞ്ഞപ്പോൾ അതിക്രമം നടത്തിയെന്നാണ് കേസ്. സമരക്കാരെ തടയാൻ പൊലിസ് തീർത്ത ബാരിക്കേഡ് തകർക്കുകയും സമരക്കാർ ഓഫീസിന്റെ മതിൽ ചാടിക്കടക്കുകയും ചെയ്‌തപ്പോൾ തടയാൻ ശ്രമിച്ച ഉദ്യോഗസ്ഥരെ കൊടി കെട്ടിയ കമ്പ് കൊണ്ട് തല്ലുകയും കല്ലെറിഞ്ഞ് പരുക്കേൽപ്പിക്കുകയും പൊലീസിന്റെ ജലപീരങ്കിക്ക് നാശനഷ്ടം വരുത്തുകയും ചെയ്തുവെന്നാണ് പൊലീസ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രം.